Connect with us

National

മമതയും മോദിയും ഒരേനാണയത്തിന്റെ രണ്ട് വശങ്ങള്‍

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ മല്‍ദ ജില്ലയിലെത്തിയ സോണിയ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയാണ് മമതക്കും മോദിക്കുമെതിരെ ആഞ്ഞടിച്ചത്. പശ്ചിമ ബംഗാളിലെ ഇടത് – വലത് സഖ്യത്തെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മമത ബാനര്‍ജിയെ പശ്ചിമ ബംഗാളിലെ സ്വേച്ഛാധിപതിയെന്നാണ് സോണിയ ഗാന്ധി വിമര്‍ശിച്ചത്.
പശ്ചിമ ബംഗാള്‍ മമതയുടെ സ്വേച്ഛാധിപത്യ ഭരണം നേരിടുകയാണ്. പാവപ്പെട്ടവരോടും ന്യൂനപക്ഷ, പിന്നാക്ക സമുദായങ്ങള്‍ക്കും നല്‍കിയ വാക്ക് മമത പാലിച്ചില്ല. മമതയുടെ വാക്ക് വിശ്വസിച്ചതിനാലാണ് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൃണമൂലിനെ പിന്തുണച്ചത്. നിലവിലുള്ള അവസ്ഥ പശ്ചിമ ബംഗാള്‍ ജനത ഇതുവരെ നേരിട്ടിട്ടില്ല. ഏകാധിപത്യ ശൈലിയിലാണ് മമതയും കേന്ദ്ര തലത്തില്‍ മോദിയും ഇടപെടുന്നത്.
ഒരു വനിത മുഖ്യമന്ത്രിയുണ്ടായിട്ടും പശ്ചിമ ബംഗാളിലെ സ്ത്രീകള്‍ പീഡനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കര്‍ഷകര്‍ ഉത്പന്നങ്ങളുടെ വിലയിടിവും നേരിടുന്നു. തൊഴിലില്ലായ്മ രൂക്ഷമായിട്ടും പാവപ്പെട്ടവരുടെ കാര്യത്തില്‍ മമതക്ക് വ്യാകുലതയില്ല. പാര്‍ലിമെന്റില്‍ ബി ജെ പി സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയാണെങ്കില്‍ മമത ബാനര്‍ജി സഹായിക്കുമെന്നത് പോലെ തിരിച്ച് മമതയുടെ ജനവിരുദ്ധ നയങ്ങള്‍ മോദി കണ്ടില്ലെന്ന് നടിക്കുമെന്നും സോണിയ കുറ്റപ്പെടുത്തി.
ചിട്ടി ഫണ്ടിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ മോദി, മമത സര്‍ക്കാറുകള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത് അതുകൊണ്ടാണെന്നും മമത പശ്ചിമ ബംഗാളില്‍ ചെയ്യുന്നതാണ് മോദി ഇന്ത്യയില്‍ നടപ്പാക്കുന്നതെന്നും സോണിയ കുറ്റപ്പെടുത്തി.
ഞായറാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മല്‍ദയിലെ 12 നിയമസഭ മണ്ഡലങ്ങളിലും ഇടത് പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മല്‍ദയിലെത്തിയ സോണിയ ഗാന്ധിയെ സി പി എം നേതാക്കളും സ്വീകരിക്കാനെത്തിയത് വേറിട്ട കാഴ്ചയായി. പ്രചാരണ വേദിയിലും സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ബദ്ധവൈരികളായ ഇടതുപക്ഷ നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുകയും ചെയ്തു.