Connect with us

Kerala

ദന്തല്‍ പ്രവേശത്തിന് ഏകീകൃത പരീക്ഷ; സംവരണം അട്ടിമറിക്കപ്പെടരുതെന്ന് ന്യൂനപക്ഷ കമ്മീഷന്‍

Published

|

Last Updated

കോഴിക്കോട്: രാജ്യത്തെ സര്‍ക്കാര്‍ ദന്തല്‍ കോളജ് പ്രവേശനത്തിന് ഏകീകൃത പരീക്ഷ വേണമെന്ന കേന്ദ്ര ആരോഗ്യ കൗണ്‍സില്‍ തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും സംവരണം അട്ടിമറിക്കപ്പെടരുതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍.
എകീകൃത പരീക്ഷയിലൂടെ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുമ്പോള്‍ രാജ്യത്തെ ആരോഗ്യ രംഗത്ത് മികച്ച ഡോക്ടര്‍മാര്‍മാരെ ലഭിക്കും. വലിയ തോതില്‍ കോഴവാങ്ങി പ്രവേശനം നടത്തുന്ന സ്വശ്രയ കോളജുകളെ ഇതിലൂടെ നിയന്ത്രിക്കാനും കഴിയും. എന്നാല്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുമ്പോള്‍ രാജ്യത്ത് നിലവിലുള്ള സംവരണ തത്വം പാലിക്കപ്പെടണം. ന്യൂനപക്ഷങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. വീരാന്‍കുട്ടി ആവശ്യപ്പെട്ടു. കോഴിക്കോട്ട് നടന്ന കമ്മീഷന്‍ സിറ്റിംഗിനിടെ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
ഇതേപോലെ സി ബി എസ് ഇ അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രസ് പരീക്ഷക്ക് ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ന്യൂനപക്ഷക്ഷേമന്ത്രി നജ്മ ഹെപ്തുല്ലയെയും ന്യൂനപക്ഷ കമ്മീഷനെയും നേരിട്ട് കണ്ടിരുന്നു. പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍ പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. മുസ്‌ലിം വിഭാഗത്തിന് ഹിജാബ് നിരോധനം ഉള്ളപ്പോള്‍ സിക്ക് മതവിഭാഗത്തിന് ശിരോവസ്ത്രം അനുവദിക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ല. മുസ്‌ലിം പെണ്‍കുട്ടികള്‍ വിശ്വാസത്തിന്റെ ഭാഗമായാണ് ശിരോവസ്ത്രം ധരിക്കുന്നത്. ഇത് തടയുന്നത് ഭരണഘടന ഉറപ്പ് നല്‍കിയ മൗലിക അവകാശത്തിന്റെ ലംഘനമാണ്.
കോപ്പിയടി അടക്കമുള്ള ക്രമക്കേടുകള്‍ തടയുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ വിശ്വാസങ്ങളെ തടഞ്ഞുകൊണ്ടാകരുത്. കോപ്പിയടിയും മറ്റും തടയുന്നതിന് പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പെ ശിരോവസ്ത്രം അഴിച്ച് പരിശോധിക്കാവുന്നതാണ്. എന്നാല്‍ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് പറയുന്നതിന് യുക്തിയില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും വീരാന്‍കുട്ടി ആവശ്യപ്പെട്ടു.

Latest