Connect with us

Gulf

സ്വകാര്യ പങ്കാളിത്തം ബലപ്പെടുത്താന്‍ മന്ത്രിതല സമിതി നേതൃത്വം നല്‍കും

Published

|

Last Updated

ദോഹ : രാജ്യത്തെ സാമ്പത്തിക വികസന മേഖലയിലെ പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം ബലപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിതല സമതി നേരിട്ടു നേതൃത്വം നല്‍കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. പ്രവര്‍ത്തനങ്ങള്‍ക്ക് നേത്വം നല്‍കുന്നതിന് ഒരു ടെക്‌നിക്കല്‍ കമ്മിറ്റി രൂപവത്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
വാണിജ്യമന്ത്രി ചെയര്‍മാനായാണ് മന്ത്രിതല സമതി പ്രവര്‍ത്തിക്കുക, ധനം, ഗതാഗതം, നഗരസഭ-പരിസ്ഥിതി വകുപ്പു മന്ത്രിമാര്‍ അംഗങ്ങളായിരിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കേണ്ട പദ്ധതികളുടെ ഏരിയകള്‍ നിര്‍ണയിക്കുക, നയരൂപവത്കരണം, സ്റ്റാന്‍ഡേര്‍ഡ്, നിയന്ത്രണം, പ്രോഗ്രാമുകള്‍ തുടങ്ങിയ ചുമതലകള്‍ മന്ത്രിതല സമിതിയാണ് നിര്‍വഹിക്കുക. രൂപപ്പെടുത്തുന്ന പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിനുള്ള പിന്തുടര്‍ച്ചയും പ്രതിസന്ധികളെ മറികടന്ന് നടപ്പില്‍ വരുത്തുന്നതിനുള്ള ഇടപെടലുകളും സമിതി നിര്‍വഹിക്കണം.
വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ടെക്‌നിക്കല്‍ കമ്മിറ്റി പ്രവര്‍ത്തിക്കുക. മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധി ചെര്‍മാനും വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ അംഗങ്ങളുമാകുന്ന കമ്മിറ്റി മന്ത്രിതല സമിതിയുടെ പ്രവര്‍ത്തനങ്ങളുടെയും തീരുമാനങ്ങളുടെയും പിന്തുടര്‍ച്ചക്കു നേതൃത്വം നല്‍കും.
സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് വേഗം കൂട്ടുന്നതിനുവേണ്ടി മന്ത്രിതല സമിതിയുടെ സാങ്കേതിക വിഭാഗമായി ഈ സംഘം പ്രവര്‍ത്തിക്കും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
ഗസറ്റ് വിജ്ഞാപനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രസിദ്ധീകരിക്കുന്ന ദിവസം തന്നെ ലഭിക്കുന്നതിന് വെബ്‌സൈറ്റ് ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഗസറ്റ് പ്രസിദ്ധീകരണ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നത്. സര്‍ക്കാര്‍ നിയമങ്ങള്‍, ഉത്തരവുകള്‍, നിയമപരമായ അറിയിപ്പുകള്‍ തുടങ്ങിയവയെല്ലാം നിയമ മന്ത്രാലയം ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഗസറ്റിന്റെ താത്പര്യമുള്‍പ്പെടെ പൊതുജനങ്ങളുടെ അറിവിലേക്കായി വിശദീകരിക്കുകയും ചെയ്യും. ഓണ്‍ലൈനില്‍ ഗസറ്റ് വിജ്ഞാപനത്തിന്റെ ഇലട്ക്‌ട്രോണിക് പകര്‍പ്പാണ് അതേ ദിവസം തന്നെ സൈറ്റില്‍ പ്രസിദ്ധീകരിക്കുക.
വിദ്യാഭ്യാസ സേവന രംഗത്തെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനായുള്ള നിയത്തിലെ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രവര്‍ത്തിക്കുന്ന മണ്ഡലം വ്യക്തമാക്കുക, വിദ്യാഭ്യാസ പദ്ധതികളുടെ കരിക്കുലം, പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവര്‍ക്കായുള്ള ആധുനിക വിദ്യാഭ്യാസ രീതികള്‍ എന്നിവ നിഷ്‌കര്‍ഷിക്കുന്നതാണ് നിയമം. ചരക്കു കപ്പലുകളുടെ സേവനം നിയന്ത്രണവിധേയമാക്കുന്നതിനുള്ള നിയമ നിര്‍ദേശവും മന്ത്രിസഭ അംഗീകരിച്ചു. മന്ത്രാലയം ഏര്‍പ്പെടുത്തുന്ന രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത ചരക്കു കപ്പലുകള്‍ സേവനം നടത്തുന്നത് വിലക്കുന്നതാണ് നിയമം.