Connect with us

Gulf

ദോഹ മെട്രോയുടെ 37 ശതമാനം നിര്‍മാണം പൂര്‍ത്തിയായി

Published

|

Last Updated

ദോഹ: 80 കിലോമീറ്റര്‍ ദൂരം വരുന്ന ദോഹ മെട്രോയുടെ ആദ്യഘട്ടത്തിന്റെ 37 ശതമാനവും പൂര്‍ത്തിയാക്കിയതായി ഖത്വര്‍ റെയില്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2019 അവസാനപാദത്തിന്റെയും 2020 ആദ്യപാദത്തിന്റെയും ഇടയില്‍ ദോഹ മെട്രോ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറബ് ഭാവി നഗര ഉച്ചകോടിയില്‍ പറഞ്ഞു.
നാല്‍പ്പതിലധികം സ്റ്റേഷനുകളില്‍ 17 എണ്ണത്തിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. 85 ശതമാനം തുരങ്കനിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. മൂന്ന് ലൈനുകളുടെ പാലങ്ങള്‍ അടക്കമുള്ള ഉയരത്തിലുള്ള നിര്‍മാണം 55 ശതമാനവും പൂര്‍ത്തിയാക്കി. 70 ശതമാനം പ്രവൃത്തികളും ഭൂമിക്കടിയിലാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ മുഴുവന്‍ തുരങ്ക നിര്‍മാണവും പൂര്‍ത്തിയാകും. ദോഹ മെട്രോയുടെ ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ 100 സ്റ്റേഷനുകളാണ് ഉണ്ടാകുക. 215 കിലോമീറ്ററാണ് ദൂരം. ലുസൈല്‍- അല്‍ വക്‌റ റെഡ് ലൈനിന്റെ 37 ശതമാനം പൂര്‍ത്തിയാക്കി. 18 സ്റ്റേഷനുകള്‍ വരുന്ന ഈ ഭാഗം 42 കിലോമീറ്റര്‍ ദൂരം വരുന്നതാണ്. 14 കിലോമീറ്റര്‍ വരുന്ന ഉയര്‍ന്ന ഭാഗത്തിന്റെ 32 ശതമാനം പൂര്‍ത്തിയാക്കി. ബാക്കി 28 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ്. അല്‍ മന്‍സൂറ- അല്‍ രിഫ എന്നിവക്കിടയിലുള്ള 22 കിലോമീറ്റര്‍ വരുന്ന ഗ്രീന്‍ ലൈനിന്റെ 51 ശതമാനവും പൂര്‍ത്തിയാക്കി. ഉയര്‍ന്ന ഭാഗത്തെ 48 ശതമാനവും കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ 19 കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെയാണ്. റാസ് ബു അബൂദ്- അല്‍ അസീസിയ്യ ഗോള്‍ഡന്‍ ലൈനിന്റെ 80 ശതമാനം പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്നു. 15 കിലോമീറ്റര്‍ തുരങ്കം പൂര്‍ത്തിയായി. ട്രാക്ക് സ്ഥാപിക്കല്‍, സിഗ്നലിംഗ്, വൈദ്യുതി വിതരണ സംവിധാനം തുടങ്ങിയ പ്രവൃത്തികളാണ് ഈ വര്‍ഷം നടക്കുക. മെട്രോ കോച്ചുകള്‍ കൊണ്ടുവന്ന് പ്രദര്‍ശിപ്പിക്കലും നടക്കും. അടുത്ത വര്‍ഷം അവസാനത്തോടെയാകും പരീക്ഷണയോട്ടം.

Latest