Connect with us

Kerala

ചികിത്സാ പിഴവ്; ഗ്ലാസ് കൊണ്ട് മുറിവേറ്റ് രണ്ട് വയസുകാരന്‍ മരിച്ചു

Published

|

Last Updated

കോഴിക്കോട്: ഗ്ലാസ് കൊണ്ട് മുറിവേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രണ്ട് വയസുകാരന്‍ മരിച്ചു. കൊയിലാണ്ടി പൂക്കാട് ഉണ്ണിതാളി നാസസര്‍- സുലൈമ ദമ്പതികളുടെ മകനായ ഷഹല്‍ ആണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മരണം ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്തു. കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ മദ്യപിച്ചിരുന്നതായും ബന്ധുക്കള്‍ നല്‍കിയ പാരാതിയില്‍ പറയുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇത് നിഷേധിച്ചു.
ഗ്ലാസ് കൊണ്ട് മുഖത്ത് മുറിവേറ്റ ഷഹലിനെ കഴിഞ്ഞ ദിവസമാണ് എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്കായി എത്തിച്ചത്. ഇതിന് മുമ്പ് കൊയിലാണ്ടിയിലെ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍വെച്ച് പ്ലാസ്റ്റിക് സര്‍ജറിക്ക് മുന്നോടിയായി അനസ്‌തേഷ്യ മരുന്ന് നല്‍കിയതോടെ കുട്ടിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരുന്നു നല്‍കിയതിലെ പിഴവാണ് മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
എന്നാല്‍ ചികിത്സയില്‍ പിഴവ് വന്നിട്ടില്ലെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാനുള്ള ഡോക്ടര്‍മാരും സൗകര്യങ്ങളും ആശുപത്രിയിലുണ്ടായിരുന്നു. സ്ഥിരം ഡോക്ടര്‍ വിഷു അവധിയിലായതിനാല്‍ മുതിര്‍ന്ന, വിദഗ്ദരമായ ഡോക്ടര്‍ തന്നെയാണ് കുട്ടിക്ക് മരുന്നു നല്‍കിയത്. അനസ്‌തേഷ്യ മരുന്നുകളോട് ചിലരുടെ ശരീരം പ്രതികൂലമായി പ്രതികരിക്കാറുണ്ട്. ഇത്തരത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്നും മാനേജ്‌മെന്റ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.