Connect with us

Kerala

യുവജന നയ ആഹ്വാനവുമായി എസ് വൈ എസ് ധര്‍മസഞ്ചാരം സമാപിച്ചു

Published

|

Last Updated

എസ് വൈ എസ് ധര്‍മസഞ്ചാരത്തിന്റെ സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം പി എ ഹൈദറൂസ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: സമൂഹത്തിന്റെ ചാലകശക്തിയായി മാറേണ്ട യുവത്വത്തെ ക്രിയാത്മകമായി വളര്‍ത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിനായി പ്രത്യേക യുവജന നയം രൂപവത്കരിക്കണമെന്ന് എസ് വൈ എസ് ധര്‍മസഞ്ചാരം സമാപന സമ്മേളനം ആവശ്യപ്പെട്ടു. യുവത്വം നാടിന്റെ കരുത്ത് എന്ന സന്ദേശവുമായി മഞ്ചേശ്വരത്ത് നിന്നാരംഭിച്ച് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ 133 സോണുകളില്‍ പര്യടനം നടത്തിയാണ് ധര്‍മസഞ്ചാരം തിരുവനന്തപുരത്ത് സമാപിച്ചത്. യുവത്വം നിഷ്‌ക്രിയരാവുകയും പല കാരണങ്ങളാല്‍ ഷണ്ഠീകരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇത് രാജ്യത്തിന്റെ പുരോഗതിക്കും വളര്‍ച്ചക്കും വിഘാതമാണ്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ യുവത്വത്തിന് കൃത്യമായ ദിശാ ബോധം നല്‍കണം.
യുവാക്കള്‍ക്ക് അര്‍ഹവും ആനുപാതികവുമായ പ്രാതിനിധ്യം ഒരു മേഖലയിലും ഉറപ്പുവരുത്താന്‍ ഭരണകൂടങ്ങള്‍ കൂട്ടാക്കിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഈ പ്രാതിനിധ്യക്കുറവ് പ്രകടമാണ്. പ്രത്യേക യുവജന നയം രൂപപ്പെടുത്തി ഈ യുവോര്‍ജം നാടിന്റെയും സമൂഹത്തിന്റെയും നന്മക്കായി വിനിയോഗിക്കാന്‍ സാഹചര്യമൊരുക്കണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.
സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം പി എ ഹൈദറൂസ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് പറവൂര്‍, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി വിഷയാവതരണം നടത്തി. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, റഹ്മത്തുല്ല സഖാഫി എളമരം, എം വി സിദ്ദീഖ് സഖാഫി, എന്‍ എം സാദിഖ് സഖാഫി, നേമം സിദ്ദീഖ് സഖാഫി പ്രസംഗിച്ചു.

 

Latest