Connect with us

National

പ്രചാരണം അവസാനിച്ചു; ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്

Published

|

Last Updated

കൊല്‍ക്കത്ത: വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പര്യവസാനമായി. പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് നാളെ രാവിലെ തിരശ്ശീല ഉയരും. ഏഴ് ജില്ലകളിലായി 56 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
33 വനിതകളടക്കം 383 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുക. കോണ്‍ഗ്രസ് – സി പി എം സഖ്യം, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍ ഡി എ എന്നി മൂന്ന് സഖ്യങ്ങളും പ്രതീക്ഷയോടെ കാണുന്ന അലിപുര്‍ദുവാര്‍, ജല്‍പൈഗുരി, ഡാര്‍ജിലിംഗ്, മാള്‍ഡ തുടങ്ങിയ ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പരസ്യ പ്രചാരണം അവസാനിച്ചു. 1.2 കോടി ജനങ്ങളാണ് വോട്ടെടുപ്പിന് അര്‍ഹരായവര്‍. ഒന്നാം ഘട്ടത്തെ പോലെ മികച്ച പോളിംഗ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയ പ്രമുഖര്‍ രണ്ടാം ഘട്ട പ്രചാരണത്തിനായി പശ്ചിമ ബംഗാളില്‍ എത്തിയിരുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിലായ സി പി എമ്മിന് വേണ്ടി സിതാറാം യെച്ചൂരിയും ഗോദയിലിറങ്ങി. ഇരു മുന്നണികളും പ്രമുഖരെ പ്രചാരണത്തിനിറക്കിയപ്പോള്‍ തൃണമൂല്‍ നേതാവ് മമത ബാനര്‍ജി തന്നെ പാര്‍ട്ടിയുടെ പ്രചാരണത്തിന് മുന്നിട്ടിറങ്ങി. ഒട്ടുമിക്ക സ്ഥലങ്ങളിലും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രചാരണത്തിനെത്തിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് പരസ്പരം ഉന്നയിച്ചത്. ഇത് രണ്ടാം ഘട്ടത്തെ കൂടുതല്‍ വാശിയേറിയതാക്കി. വ്യക്തിപരമായും പാര്‍ട്ടികളെയും ആക്ഷേപിച്ചാണ് മുന്നണികള്‍ രംഗത്തെത്തിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃണമൂലിനൊപ്പം നിന്നിരുന്ന സോണിയ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മോദിയുമായി സാമ്യപ്പെടുത്തിയാണ് മമതയെ ആക്ഷേപിച്ചത്. എന്നാല്‍ ഇടത് – വലത് സഖ്യത്തെ പരിഹസിച്ചാണ് മമത ആക്ഷേപങ്ങളെ നേരിട്ടത്. ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും മമത കണക്കിന് വിമര്‍ശിച്ചു.