Connect with us

National

പെരുമാറ്റച്ചട്ടലംഘനം: മമതക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Published

|

Last Updated

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് മാതൃകാ പൊരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്കെതിരെ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത നടത്തിയ ചില പ്രയോഗങ്ങള്‍ മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നാസിം സഈദി പറഞ്ഞു.
സംസ്ഥാനത്ത് പുതുതായി അസന്‍സോള്‍ ജില്ല പ്രഖ്യാപിക്കുമെന്ന വാഗ്ദാനമാണ് ചട്ടലംഘനമായി പ്രധാനമായും കമ്മീഷന്‍ കണ്ടത്. മമതയില്‍ നിന്നുള്ള വിശദീകരണം ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സഈദി വ്യക്തമാക്കി.
എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് മമത നേരിട്ടത്. താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഇനിയുമത് ആയിരക്കണക്കിന് പ്രാവശ്യം പറയുമെന്നും മമത പറഞ്ഞു. തനിക്കെതിരെ ചെയ്യാന്‍ പറ്റുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യട്ടേയെന്നും മമത വെല്ലുവിളിച്ചു. ബംഗാളി പുതുവത്സരത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെങ്കില്‍ മെയ് 19ന് ജനങ്ങള്‍ അവര്‍ക്ക് കാരണം കാണിച്ചുകൊടുക്കുമെന്നും മമത പറഞ്ഞു. “നിങ്ങള്‍ക്ക് എനിക്കെതിരെ എന്ത് ചെയ്യാന്‍ സാധിക്കും. എന്റെ ഓഫീസര്‍മാരെ നിങ്ങള്‍ സ്ഥലം മാറ്റുമോ? എന്നെ ഡല്‍ഹിയിലേക്ക് അയക്കുമോ? എന്നെ വിരട്ടുകയാണെങ്കില്‍ ഞാന്‍ കൂടുതല്‍ ഉശിരുള്ളവളാകും.” തിരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ മമത പ്രതികരിച്ചു. തനിക്ക് ഔദ്യോഗികമായി നോട്ടീസ് ലഭിച്ചിട്ടില്ലെന്നും നോട്ടീസ് ലഭിച്ച ശേഷം പാര്‍ട്ടി തീരുമാനം എടുക്കുമെന്നും മമത വ്യക്തമാക്കി.

Latest