Connect with us

Editorial

പരസ്യ നിരീക്ഷണത്തിന് മൂന്നംഗ സമിതി

Published

|

Last Updated

സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് സര്‍ക്കാര്‍ പരസ്യങ്ങളിലെ ഉള്ളടക്കം വരുന്നതെന്ന് ഉറപ്പ് വരുത്താന്‍ മൂന്നംഗ സമിതി നിലവില്‍ വന്നിരിക്കയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ബി ബി ടണ്‍ഡന്‍ അധ്യക്ഷനായ സമിതിയില്‍ ഇന്ത്യ ടി വി എഡിറ്റര്‍ ഇന്‍ ചീഫ് രജത് ശര്‍മ, പിയൂഷ് പാണ്ഡെ എന്നിവരാണ് അംഗങ്ങള്‍. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രൂപവത്കരിച്ച, റിട്ട. ജഡ്ജി ചന്ദ്ര മൗലി പ്രസാദിന്റെ നേതൃത്വത്തിലുള്ള പാനലാണ് സമിതിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം മെയ് 13നാണ് സമിതി രൂപവത്കരിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവുണ്ടായത്.
സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം തയ്യാറാക്കാനായി എന്‍ ആര്‍ മാധവമേനോന്‍, പി കെ വിശ്വനാഥന്‍, അഡ്വ. രജിത് കുമാര്‍ എന്നിവടങ്ങിയ ഒരു സമിതിയെ സുപ്രീം കോടതി നേരത്തെ നിയോഗിച്ചിരുന്നു. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, നേതാക്കളുടെയോ പാര്‍ട്ടികളുടെയോ രാഷ്ട്രീയ നേട്ടത്തിനായി പരസ്യങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നായിരുന്നു 2014 ഒക്‌ടോബറില്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. വ്യക്തികളെയോ പാര്‍ട്ടികളെയോ സര്‍ക്കാറിനെ തന്നെയോ ഉയര്‍ത്തിക്കാട്ടാനായി പൊതുഖജനാവിലെ പണം ചെലവഴിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച സമിതി സര്‍ക്കാര്‍ പരസ്യങ്ങളില്‍ നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തരുതെന്നും നിര്‍ദേശിച്ചിക്കുകയുണ്ടായി. ഇതടിസ്ഥാനത്തില്‍ നിലവിലെ രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുടേത് ഒഴിച്ചുള്ള നേതാക്കളുടെ ചിത്രങ്ങളൊന്നും പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ചില മുഖ്യമന്ത്രിമാര്‍ സമര്‍പ്പിച്ച റിട്ട് പരിഗണിച്ച് മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് കൂടി കോടതി പിന്നീട് അനുമതി നല്‍കി.സര്‍ക്കാര്‍ പരസ്യങ്ങളുടെ ദുരുപയോഗത്തിനെതിരെ ചില സന്നദ്ധ സംഘടനകള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് പരമോന്നത കോടതി സമിതിയെ നിയോഗിച്ചത്. സമിതിയുടെ മേല്‍ നിര്‍ദേശങ്ങള്‍ക്ക് കടക വിരുദ്ധമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന പല പരസ്യങ്ങളും. ഈ സാഹചര്യത്തിലാണ് പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ കോടതി മൂന്നംഗ സമിതിക്ക് രൂപം നല്‍കിയത്.
പൊതു ഖജനാവില്‍ നിന്ന് കോടികളാണ് പരസ്യങ്ങള്‍ക്കായി, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ചെലവിടുന്നത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള നിലവിലെ യു ഡി എഫ് സര്‍ക്കാര്‍ 86 കോടി രൂപയാണ് ഈയിനത്തില്‍ ചെലവിട്ടത്. നിയമ സഭാ ചോദ്യോത്തര വേളയില്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം. പാവങ്ങളുടെ സര്‍ക്കാര്‍, ജനങ്ങളുടെ സ്വന്തം സര്‍ക്കാര്‍ തുടങ്ങിയ അവകാശങ്ങളുമായി അധികാരത്തിലേറിയ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പരസ്യത്തിനായി ചെലവിട്ടത് 520 കോടിയാണത്രേ. മുന്‍ യു പി എ സര്‍ക്കാര്‍ ബജറ്റില്‍ പരസ്യത്തിനായി നീക്കി വെച്ചത് 630 കോടി രൂപയായിരുന്നുവെങ്കിലും ചെലവിട്ടത് ഇതിനേക്കാള്‍ ഉയര്‍ന്ന തുകയായിരുന്നു.
സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ജനങ്ങളില്‍ എത്തിക്കുന്നതിനെന്ന പേരില്‍ രാഷ്ട്രീയ ലാഭമുദ്ദേശിച്ചാണ് ഈ പരസ്യങ്ങളെല്ലാം നല്‍കുന്നത്. സര്‍ക്കാറിന്റെ വാര്‍ഷിക വേളകളിലും തിരഞ്ഞെടുപ്പിനോടനുബന്ധിച്ചും നല്‍കുന്ന ഇത്തരം പരസ്യങ്ങളിലെ ഉള്ളടക്കവും അവകാശവാദങ്ങളും പലപ്പോഴും പൊള്ളയായിരിക്കും. ജനക്ഷേമത്തിന് വിനിയോഗിക്കേണ്ട പൊതുപണം ഈ വിധം രാഷ്ട്രീയ താത്പര്യത്തിനായി ചെലവഴിക്കുന്നതിലെ ധാര്‍മികത വിലയിരുത്തപ്പെടേണ്ടതുണ്ട്. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയില്‍ മാധ്യമങ്ങളിലൂടെ വാര്‍ത്തയായി പുറത്തുവരാറുണ്ട്. നല്ല കാര്യങ്ങള്‍ ചെയ്താല്‍ പരസ്യങ്ങളുടെ പിന്‍ബലമില്ലാതെ തന്നെ പൊതുസമൂഹത്തിനിടയില്‍ പ്രചരിക്കുന്ന തരത്തില്‍ വാര്‍ത്താ വിതരണ മേഖല വളരുകയും വിപുലപ്പെടുകയും ചെയ്തിരിക്കെ പൊതുപണം ചെലവഴിച്ചു പരസ്യങ്ങള്‍ക്ക് നിയന്ത്രണം വേണ്ടതല്ലേ? ജനോപകാരപ്രദവും ക്യാമ്പയിന്റെ ഭാഗമായുള്ള പരസ്യങ്ങളുമല്ലേ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്.
വികസന, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണല്ലോ ജനപ്രതിനിധികളെ തിരഞ്ഞെടുത്തയക്കുന്നത്. അതാത് കാലത്തെ സര്‍ക്കാറിന്റെ ബാധ്യതയാണത്. ജനപ്രതിനിധികള്‍ക്ക് മാസാന്തം ലക്ഷക്കണക്കിന് രൂപ വേതനവും അലവന്‍സും പ്രത്യേക ആനുകൂല്യങ്ങളും നല്‍കുന്നതും സര്‍ക്കാര്‍ ചെലവില്‍ മികച്ച താമസ സൗകര്യങ്ങള്‍ അനുവദിക്കുന്നതുമെല്ലാം ഇതിന് വേണ്ടിയാണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു നടത്തുന്ന ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ഔദാര്യമെന്ന മട്ടില്‍ ജനപ്രതിനിധികള്‍ മേനി നടിക്കുന്നത് ശരിയാണോ? വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കേണ്ട പണം സര്‍ക്കാര്‍ രാഷ്ട്രീയ താത്പര്യത്തിനായി ദുരുപയോഗം ചെയ്യുന്നതിനോട് മുന്‍ വിവരാവകാശ കമ്മീഷണര്‍ ശൈലേഷ് ഗാന്ധി കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി ഫണ്ട് ഉപയോഗിച്ചാകണം ഈ വക പരസ്യങ്ങള്‍ നല്‍കേണ്ടതെന്നും പൊതുപണം ഇതിനായി വിനിയോഗിക്കരുതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. പൊതുഫണ്ട് ഉപയോഗിച്ച് പരസ്യം ചെയ്യുമ്പോള്‍ മിതത്വവും സൂക്ഷ്മതയും അനിവാര്യമാണ്.

---- facebook comment plugin here -----

Latest