Connect with us

Kannur

അഴീക്കോട്ട് കരുത്ത് തെളിയിക്കാന്‍ നികേഷും ഷാജിയും

Published

|

Last Updated

അഴീക്കോട്:കഴിഞ്ഞ നിയമസഭ, ലോക്‌സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മാറിയും മറിഞ്ഞും ചിന്തിച്ച അഴീക്കോട് മണ്ഡലത്തിന്റെ രാഷ്ട്രീയ മനസ്സ് ഇരുമുന്നണികള്‍ക്കും അജ്ഞാതമാണ്. ആര് ജയിക്കും ആര് തോല്‍ക്കുമെന്ന് ആര്‍ക്കും പറയാനാകാത്ത അവസ്ഥ. അതുകൊണ്ട് തന്നെ അഴീക്കോട്ടെ മത്സരം കേരള രാഷ്ട്രീയത്തില്‍ സുപ്രധാന ചര്‍ച്ചയായി പരിണമിച്ചു കഴിഞ്ഞു.
യു ഡി എഫിനു വേണ്ടി നിലവിലെ എം എല്‍ എ കെ എം ഷാജിയും ഇടതുമുന്നണിക്കുവേണ്ടി എം വി നികേഷ്‌കുമാറും കളത്തിലിറങ്ങിയതോടെ അഴീക്കോട്ടെ പോരാട്ടം അക്ഷരാര്‍ഥത്തില്‍ പ്രവചനാതീതമായി.
കണ്ണൂര്‍ താലൂക്കിലെ അഴീക്കോട്, ചിറക്കല്‍, പാപ്പിനിശ്ശേരി, നാറാത്ത്, വളപട്ടണം പഞ്ചായത്തുകളും ചെറിയ ഒരു ഭാഗം കണ്ണൂര്‍ കോര്‍പറേഷനും ഉള്‍പ്പെട്ടതാണ് അഴീക്കോട് നിയമസഭാമണ്ഡലം. 1977 മുതല്‍ 2011 വരെ ഒമ്പത് തവണ തിരെഞ്ഞെടുപ്പ് നടന്നതില്‍ രണ്ട് തവണ മാത്രമേ സി പി എമ്മിനെ ഈ മണ്ഡലം കൈവിട്ടുള്ളൂ. സി പി എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എം വി രാഘവന്‍ സി എം പി രൂപവത്കരിച്ച് സി പി എമ്മിനെതിരെ അങ്കത്തിന് ഇറങ്ങിയ 1987ല്‍ വിജയം എം വി ആറിന് ഒപ്പമായിരുന്നു. 2000ത്തിലേറെ വോട്ടുകള്‍ക്ക് സി പി എമ്മിന്റെ ഇ പി ജയരാജനെ എം വി ആര്‍ തോല്‍പ്പിച്ചു. അടുത്ത യു ഡി എഫ് വിജയം 2011ല്‍ 493 വോട്ടിന് ലീഗിലെ കെ എം ഷാജി നേടിയതാണ്.
2011ല്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം നഷ്ടപ്പെടാന്‍ കാരണമായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അഴീക്കോട് മണ്ഡലത്തിലെ തോല്‍വിയാണ്. പൂര്‍ണമായും ഇടതുപക്ഷ അനുഭാവം കാട്ടിയിരുന്ന അഴീക്കോട് മണ്ഡലം ചെറുതായി വലത്തോട്ടു മറിയാന്‍ മണ്ഡല പുനഃക്രമീകരണം ഒരു കാരണമായി. രാഷ്ട്രീയമായ മറ്റു ചില കാരണങ്ങളും സി പി എമ്മിന് ഇക്കാലത്ത് തിരിച്ചടിയായി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 493 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാര്‍ഥി മുസ്‌ലിം ലീഗിലെ കെ എം ഷാജി വിജയിച്ചതെങ്കില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ട് നിലയനുസരിച്ച് എല്‍ ഡി എഫിനാണ് ഭൂരിപക്ഷം. 9708 വോട്ടാണ് കൂടുതല്‍. ഈ സാഹചര്യമാണ് എല്‍ ഡി എഫിന് ഏറ്റവുമധികം ആത്മവിശ്വാസം പകരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അഴിക്കോട് നിയമസഭാ മണ്ഡലത്തിലുള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ അഴീക്കോട് പഞ്ചായത്തില്‍ എല്‍ ഡി എഫ് 13323 വോട്ട് നേടിയപ്പോള്‍ യു ഡി എഫ് 9729 വോട്ട് നേടി 3594 വോട്ടിന് പിന്നിലായി. പുഴാതി പഞ്ചായത്തില്‍ എല്‍ ഡി എഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്. എല്ലാ തിരഞ്ഞടുപ്പിലും യു ഡി എഫിന് മൂവായിരത്തിലധികം വോട്ട് നല്‍കുന്ന പഞ്ചായത്തില്‍ 589 വോട്ടിന് യു ഡി എഫ് പിന്നിലായി. എല്‍ ഡി എഫ് 8564. യു ഡി എഫ് 7975 എന്നിങ്ങനെയാണു വോട്ട് നില.
AZHEKODEപാപ്പിനിശേരി പഞ്ചായത്തില്‍ എല്‍ ഡി എഫ് 10377 വോട്ട് നേടിയപ്പോള്‍ യു ഡി എഫിന് 5644 വോട്ടാണ് ലഭിച്ചത്. 4733 വോട്ടിന്റെ ലീഡ് എല്‍ ഡി എഫ് നേടി. നാറാത്ത് പഞ്ചായത്തില്‍ 577 വോട്ട് യു ഡി എഫ് അധികം നേടി.
എല്‍ ഡി എഫിന് 6635 വോട്ടും യു ഡി എഫ് 7212 വോട്ടും ലഭിച്ചു. ചിറക്കലില്‍ എല്‍ ഡി എഫ് 1554 വോട്ട് കൂടുതല്‍ നേടി. ഇവിടെ എല്‍ ഡി എഫ് 11037, വോട്ടു നേടിയപ്പോള്‍ യു ഡി എഫ്. 9483 വോട്ടു സ്വന്തമാക്കി. ബി ജെ പിക്ക് അഴീക്കോട് മണ്ഡലത്തില്‍ മൊത്തം 13521 വോട്ടാണ് ലഭിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരനു 4930 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും 2009 ലേതിനെക്കാള്‍ പതിനായിരത്തോളം വോട്ട് കുറവുണ്ടായി.
എന്തായാലും അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം മണ്ഡലം തിരിച്ചു പിടിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കിട്ടാവുന്നതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെയാണ് സി പി എം രംഗത്തിറക്കിയത്.
ആരവങ്ങള്‍ക്ക് നടുവില്‍ അഴീക്കോട് പിടിക്കാന്‍ കെ എം ഷാജിയും നികേഷും രംഗത്തിറങ്ങുമ്പോള്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കപ്പുറം വീറുറ്റ രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാണ് അഴീക്കോട് നടക്കുന്നത്. കേരളത്തില്‍ നവമാധ്യമങ്ങളിലൂടെ നടക്കുന്ന ഏറ്റവും വലിയ പോരാണ് അഴീക്കോടെന്നും വിലയിരുത്തുന്നുണ്ട്. മാധ്യമരംഗത്തെ പ്രവര്‍ത്തനപരിചയം തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സമര്‍ഥമായി ഉപയോഗിച്ചാണ് നികേഷിന്റെ കുതിപ്പ്. സോഷ്യല്‍മീഡിയ പ്രചാരണത്തിന് പ്രത്യേക സംവിധാനം തന്നെ ഏര്‍പ്പാടാക്കിയാണ് നികേഷിന്റെ പ്രചാരണം മുമ്പോട്ടുപോകുന്നത്. മിനിട്ടുകളുടെ മാത്രം വ്യത്യാസത്തില്‍ പേജ് അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. സ്ഥാനാര്‍ഥി ചെല്ലുന്ന ഇടങ്ങളും കാണുന്ന ആളുകളും സോഷ്യല്‍ മീഡിയയിലൂടെ അപ്പോള്‍ തന്നെ ലോകത്തിന് മുമ്പില്‍ എത്തുന്നു.
ഗുഡ്‌മോണിംഗ് അഴീക്കോട് എന്ന പേരില്‍ എല്ലാ ദിവസവും രാവിലെ പ്രത്യേക വീഡിയോയും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ രാവിലെ നടന്നെത്തുന്ന നികേഷ് അവിടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഈ വിഡീയോയിലൂടെ വിവരിക്കുന്നു.
മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ അഗ്രഗണ്യനാണ് എതിരാളിയെങ്കിലും ഒരിഞ്ച് പിറകോട്ട് പോകാതെയാണ് കെ എം ഷാജി പോരാടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ എന്റെ അഴീക്കോട്, എന്റെ അഭിമാനം എന്ന ക്യാമ്പയിന്‍ തന്നെ ഷാജി നടത്തുന്നു. മണ്ഡലത്തില്‍ താന്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ എല്ലാം ഈ ക്യാമ്പയിനിലൂടെ ഷാജി വിവരിക്കുന്നു.
നികേഷിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ എം വി രാഘവന്റെ രാഷ്ട്രീയനിലപാടുകളും സി പി എമ്മുമായുള്ള ഏറ്റുമുട്ടലുകളും കൂത്തുപറമ്പ് വെടിവെപ്പുമെല്ലാം യു ഡി എഫ് പ്രചാരണ വിഷയമാക്കുന്നുണ്ട്. ഇതിനെല്ലാമപ്പുറം മണ്ഡലത്തില്‍ സജീവമാണ് ഇരുസ്ഥാനാര്‍ത്ഥികളും. മണ്ഡലത്തിലെ എല്ലാ വീടുകളിലും കയറി നേരിട്ട് വോട്ടര്‍മാരെ കാണുന്ന രീതിയാണ് ഇവിടെ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് രണ്ട് സ്ഥാനാര്‍ഥികളും പറയുന്നു. അഡ്വ. എ വി കേശവനാണ് ബി ജെ പി സ്ഥാനാര്‍ഥി. 2011 മുതലുള്ള ഓരോ തിരഞ്ഞെടുപ്പിലും വോട്ടു കൂടി വരുന്ന മണ്ഡലത്തില്‍ ഇത്തവണ വന്‍ നേട്ടം കൊയ്യാനാകുമെന്നാണ് ബി ജെ പി വിലയിരുത്തല്‍. വെല്‍ഫെയര്‍ പാര്‍ട്ടിക്കും എസ് ഡി പി ഐക്കും ഇവിടെ സ്ഥാനാര്‍ഥികളുണ്ട്.
കണ്ണൂര്‍ കോര്‍പറേഷനില്‍ ലയിക്കപ്പെട്ട പഴയ പള്ളിക്കുന്ന്, പുഴാതി പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന് ഏറെ പിന്തുണയുണ്ടെന്നതും ഇവിടത്തെ രാഷ്ട്രീയ പോരാട്ടത്തിന് മറ്റൊരു മാനം നല്‍കുന്നുണ്ട്. രാഗേഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതോടെ രാഗേഷ് അഴീക്കോട് മണ്ഡലത്തില്‍ എന്തു നിലപാടെടുക്കുമെന്നതും അഴീക്കോട്ടെ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കും.
സി വി സാജു

---- facebook comment plugin here -----

Latest