Connect with us

Kerala

പി.പി. മുകുന്ദന്‍ ബി.ജെ.പിയിലേക്ക് മടങ്ങിയെത്തും: കുമ്മനം

Published

|

Last Updated

തിരുവനന്തപുരം: പാര്‍ട്ടി വിട്ട പി.പി. മുകുന്ദന്‍ ബി.ജെ.പിയിലേക്ക് മടങ്ങിയെത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സാധാരണ പ്രവര്‍ത്തകനായിട്ടാണ് മുകുന്ദന്‍ മടങ്ങുന്നത്. പാര്‍ട്ടിയില്‍ ഭാരവാഹിത്വം നല്‍കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കുമ്മനം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എല്ലാവരും സാധാരണ പ്രവര്‍ത്തകരായി തന്നെയാണ് പാര്‍ട്ടിയില്‍ എത്തുന്നത്. പിന്നീട് സ്ഥാനങ്ങള്‍ ലഭിക്കുകയാണ് പതിവ്. പാര്‍ട്ടി വിട്ടുപോയ ആരു തിരിച്ചു വന്നാലും സ്വാഗതം ചെയ്യുമെന്നും കുമ്മനം പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തന്നെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തതില്‍ സന്തോഷമുണ്ടെന്ന് മുകുന്ദന്‍ പ്രതികരിച്ചു. തീരുമാനം കുറച്ച് കൂടി നേരത്തെ ആവാമായിരുന്നുവെന്നും ഭാരവാഹിത്വം സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും മുകുന്ദന്‍ പറഞ്ഞു.

ഉത്തരമേഖല സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരിക്കെ 2006ലാണ് മുകുന്ദനെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയത്. മുകുന്ദന്റെ മടങ്ങി വരവിനു സംസ്ഥാന ആര്‍.എസ്.എസ് സംസ്ഥാന ഘടകം അനുകൂല നിലപാടെടുത്തെങ്കിലും ദേശീയതലത്തില്‍ ചില നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.