Connect with us

Kerala

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: നിനോയ്ക്ക് വധശിക്ഷ; അനുശാന്തിയ്ക്ക് ജീവപര്യന്തം

Published

|

Last Updated

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. രണ്ടു പേര്‍ക്കും 50 ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴയായി ലഭിക്കുന്ന തുക നിനോയുടെ ആക്രമണത്തില്‍ പരിക്കേറ്റ അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിന് നല്‍കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ചാണ് ഒന്നാം പ്രതിക്ക് കോടതി തൂക്കുകയര്‍ വിധിച്ചത്. മാത്യത്വത്തിന് തന്നെ അപമാനമായ പ്രവൃത്തിക്കാണ് രണ്ടാം പ്രതി അനുശാന്തി കൂട്ടുനിന്നതെന്നും സമാനതകളില്ലാത്ത ക്രൂരതയാണ് ഒന്നാം പ്രതി പിഞ്ചുകുഞ്ഞിനോടും വൃദ്ധയോടും കാട്ടിയതെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ സംഘത്തെ കോടതി അഭിനന്ദിച്ചു.

2014 ഏപ്രില്‍ 16-നായിരുന്നു കേസിനാസ്പദമായ കൊലപാതകം. അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിന്റെ അമ്മ ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ ഓമന (57), മകള്‍ സ്വസ്തിക (4) എന്നിവരാണു കൊല്ലപ്പെട്ടത്. വെട്ടേറ്റ ഭര്‍ത്താവ് ലിജേഷ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ തന്റെ കുടുംബത്തെ പൂര്‍ണമായും ഇല്ലാതാക്കണമെന്ന് മനസിലാക്കിയ അനുശാന്തി കാമുകന്‍ നിനോയെ പ്രേരിപ്പിച്ച് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.  പ്രതികള്‍
കുറ്റക്കാരാണെന്ന് വെള്ളിയാഴ്ചയാണ് കോടതി വിധിച്ചത്. പ്രതികളില്‍ ആരോപിക്കപ്പെട്ട ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.

സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയെന്ന് വിധിക്കരുതെന്ന് ശിക്ഷ സംബന്ധിച്ച വാദത്തിനിടെ അനുശാന്തി കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതി നിനോ മാത്യു കോടതിയില്‍ പറഞ്ഞിരുന്നു. 2014 ഏപ്രില്‍ 16 നാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായ നിനോ മാത്യുവും കാമുകി അനുശാന്തിയും ഒരുമിച്ച് ജീവിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകമെന്നാണ് കുറ്റപത്രം.