Connect with us

Editorial

വീണ്ടും കുറ്റസമ്മതം

Published

|

Last Updated

സ്ഥാനമൊഴിയാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ലിബിയയെച്ചൊല്ലി കുറ്റസമ്മതത്തിന് തയ്യാറായിരിക്കുന്നു. ബദല്‍ സംവിധാനമൊരുക്കാതെ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കിയത് വലിയ അപരാധമായിപ്പോയെന്നാണ് ടെലിവിഷന്‍ അഭിമുഖത്തിനിടെ ഒബാമ പറഞ്ഞത്. പകരം ഭരണം ഏര്‍പ്പെടുത്താനായില്ലല്ലോ എന്നേ അദ്ദേഹം വിലപിക്കുന്നുളളൂ. ലിബിയയില്‍ നിയമവിരുദ്ധമായി ഇടപെട്ടതില്‍ അദ്ദേഹം ഒരു കുറ്റബോധവും പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ പശ്ചാത്താപം ആത്മാര്‍ഥമാണെന്ന് കരുതാനാകില്ല. ഇടപെടല്‍ നിതാന്തമായ അസ്ഥിരതയിലും അശാന്തിയിലും മാത്രമാണ് കലാശിക്കുകയെന്ന് മറ്റാരേക്കാളും അമേരിക്കക്ക് അറിയാമായിരുന്നു. ഗദ്ദാഫിയെ പുറത്താക്കുകയെന്ന ഒറ്റ അജന്‍ഡ മാത്രമേ തങ്ങള്‍ക്കുണ്ടായിരുന്നുള്ളൂവെന്ന് ഒബാമ തന്നെ പറയുന്നുണ്ടല്ലോ. മറ്റൊരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ സ്ഥാനഭ്രഷ്ടനാക്കി വധിക്കാന്‍ ആരാണ് അമേരിക്കക്ക് അധികാരം നല്‍കിയത്? അറബ് ലോകത്താകെ പടര്‍ന്ന ഭരണവിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ലിബിയയിലും ഗദ്ദാഫിക്കെതിരെ വിമത സ്വരമുയരുകയാണ് ഉണ്ടായത്. ആ പ്രക്ഷോഭം ജനാധിപത്യപരമായി വളരാനുള്ള സര്‍വ സാധ്യതകളെയും തല്ലിക്കെടുത്തി ഗദ്ദാഫിയോടുള്ള വൈരാഗ്യം തീര്‍ക്കാനുള്ള അവസരമായി അമേരിക്കന്‍ ചേരി ഉപയോഗിക്കുകയായിരുന്നു. യു എന്‍ തീരുമാനപ്രകാരമാണ് ലിബിയയില്‍ സൈനിക ഇടപെടല്‍ നടത്തിയതെന്ന് ഒബാമയും ഹിലാരി ക്ലിന്റണുമൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും സത്യം അതല്ല. ലിബിയയില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് നിര്‍ദേശിക്കുന്ന യു എന്‍ പ്രമേയം വരുന്നതിന് എത്രയോ മുമ്പ് തന്നെ വിവിധ ഗ്രൂപ്പുകള്‍ക്ക് ആയുധമെത്തിച്ചുകൊടുത്തും പക്ഷം പിടിച്ചും അമേരിക്ക തിരശ്ശീലക്ക് പിന്നില്‍ നിന്ന് ചരട് വലിച്ചു തുടങ്ങിയിരുന്നു. മിലീഷ്യകളുടെ നാടായ ലിബിയയില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ അത് മതിയായിരുന്നു.
2011ല്‍ ആരംഭിച്ച വ്യോമാക്രമണം ലിബിയയെ തകര്‍ത്ത് തരിപ്പണമാക്കി. ഗദ്ദാഫി അതിക്രൂരമായി വധിക്കപ്പെട്ടു. തികഞ്ഞ അരാജകത്വത്തിലേക്ക് ആ രാജ്യം എടുത്തെറിയപ്പെട്ടു. ഇന്ന് അവിടെ ഒരു ഭരണകൂടമേ ഇല്ല. മൂന്ന് സമാന്തര ഭരണകൂടങ്ങളാണ് ഉള്ളത്. ഒന്നിലധികം പാര്‍ലിമെന്റുകള്‍. പരസ്പരം പോരടിക്കുന്ന സായുധഗ്രൂപ്പുകള്‍. രാജ്യത്തിന്റെ എണ്ണ സമ്പത്ത് ഈ ഗ്രൂപ്പുകള്‍ പങ്കിട്ടെടുക്കുന്നു. തോന്നിയ വിലക്ക് വില്‍ക്കുന്നു. അമേരിക്കയും സഖ്യകക്ഷികളും ശക്തമായി നേരിടുന്നുവെന്ന് പറയുന്ന ഇസില്‍ ഭീകരവാദികളുടെ കേന്ദ്രമാണ് ഇന്ന് ലിബിയ. മറ്റിടങ്ങളില്‍ നിന്നെല്ലാം ഇസിലിനെ തുരത്തിയാലും ഈ വടക്കനാഫ്രിക്കന്‍ രാജ്യം അവരുടെ സുരക്ഷിത കേന്ദ്രമായിരിക്കുമെന്നുറപ്പാണ്. ഭീകരതയെ നേരിടുന്നുവെന്ന പ്രതീതിയുണ്ടാക്കുന്ന സാമ്രാജ്യത്വം അവയെ പരിപോഷിപ്പിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നതെന്ന് എന്നേ വ്യക്തമായതാണ്. അവര്‍ സൃഷ്ടിക്കുന്ന ശിഥിലീകരണവും അശാന്തിയും മുതലെടുത്താണല്ലോ ഭീകരസംഘങ്ങള്‍ വളരുന്നത്. ഈ വളര്‍ച്ച കൂടുതല്‍ ഇടങ്ങില്‍ ഇടപെട്ട് രസിക്കാന്‍ സാമ്രാജ്യത്വത്തിന് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്യുന്നു. ഈ വീക്ഷണകോണിലൂടെയാണ് ഒബാമ ഭരണകൂടത്തിന്റെ ലിബിയന്‍ അധിനിവേശത്തെ കാണേണ്ടത്.
തീര്‍ച്ചയായും സ്വേച്ഛാപരമായിരുന്നു ഗദ്ദാഫിയുടെ നയങ്ങള്‍. ജനങ്ങളോട് ആലോചിച്ചല്ല അദ്ദേഹം തന്റെ സവിശേഷമായ രാഷ്ട്രീയ തത്വശാസ്ത്രം രൂപവത്കരിച്ചത്. അട്ടിമറിയിലൂടെ തന്നെയാണ് അദ്ദേഹം അധികാരം പിടിച്ചത്. പക്ഷേ, പരസ്പരം പോരടിച്ച് നില്‍ക്കുന്ന മിലീഷ്യകളെ അടക്കിനിര്‍ത്താനുള്ള ഇച്ഛാശക്തി ഗദ്ദാഫിക്കുണ്ടായിരുന്നു. രാജ്യത്തിന്റെ എണ്ണ സമ്പത്ത് അദ്ദേഹം പൂര്‍ണാമായി ദേശസാത്കരിച്ചു. സര്‍വ പാശ്ചാത്യ കമ്പനികളെയും ആട്ടിയോടിച്ചു. അധിനിവേശകാലത്തെ അവശിഷ്ട ചട്ടങ്ങള്‍ മുഴുവന്‍ പൊളിച്ചെഴുതി. ജനങ്ങള്‍ക്ക് ഭക്ഷണവും തൊഴിലും ഉറപ്പുവരുത്തി. ലിബിയയെ അദ്ദഹം ശാക്തീകരിച്ചു. ഗദ്ദാഫിയെ തൂത്തെറിയേണ്ടത് പാശ്ചാത്യ ശക്തികളുടെ ആവശ്യമായിരുന്നു. അതിനായി അവര്‍ എല്ലാ സായുധഗ്രൂപ്പുകള്‍ക്കും ആയുധം നല്‍കി. പോരാഞ്ഞ് അമേരിക്ക നേരിട്ടിറങ്ങി. ഒടുവില്‍ ഗദ്ദാഫിയെ മിസ്‌റാത്തയിലെ അഴുക്കുചാലില്‍ കൊന്നു തള്ളി. എല്ലാം പ്രക്ഷോഭത്തിന്റെ കണക്കിലെഴുതി.
ലിബിയക്കുറിച്ച് മാത്രം ഒബാമ പശ്ചാത്തപ വിവശനാകുന്നതില്‍ അല്ലെങ്കില്‍ കുറ്റമേല്‍ക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്. അവര്‍ ഇടപെട്ട ഏതെങ്കിലും രാജ്യത്ത് വ്യവസ്ഥാപിത ഭരണം സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ടോ? ഇറാഖിനെച്ചൊല്ലി ടോണി ബ്ലെയര്‍ ഇത്തരം കുമ്പസാരം നടത്തിയിരുന്നല്ലോ. എന്തായിരുന്നു അവിടുത്തെ അവസ്ഥ? സദ്ദാമിനെ കൊന്ന്, നൂരി അല്‍ മാലിക്കിയെ വാഴിച്ചു. അമേരിക്കയുടെ പാവ സര്‍ക്കാര്‍. കൃത്യമായ ശിയാവത്കരണം. ഈ പക്ഷപാതത്തിന്റെ ഉപോത്പന്നമാണ് ഇസില്‍. അമേരിക്കന്‍ അധിനിവേശത്തിന് ശേഷം ഒരിക്കല്‍ പോലും ഇറാഖ് ശാന്തമായിട്ടില്ല. അഫ്ഗാന്‍ ഇന്നും അശാന്തമാണ്. പരമാധികാര രാഷ്ട്രങ്ങളുടെ സ്വയം നിര്‍ണായവകാശം കവര്‍ന്നെടുത്ത് “സമാധാനം പുനഃസ്ഥാപിക്കാന്‍” ആയുധമിറക്കുന്ന, സൈന്യത്തെ അയക്കുന്ന നയത്തെയാണ് ആത്മാര്‍ഥതയുടെ തരിമ്പുണ്ടെങ്കില്‍ ഒബാമ തള്ളിപ്പറയേണ്ടത്. യുദ്ധം അവസാനിപ്പിക്കാന്‍ വന്ന പ്രസിഡന്റായിരുന്നല്ലോ ഒബാമ. എത്രയെത്ര യുദ്ധങ്ങള്‍ അദ്ദേഹം തുടങ്ങി. ഇന്നിപ്പോള്‍ അധികാരരഹിതനാകുന്ന അദ്ദേഹം നടത്തുന്ന കുറ്റസമ്മതങ്ങള്‍ ഒരു ചലനവും ഉണ്ടാക്കാന്‍ പോകുന്നില്ല.

Latest