Connect with us

Articles

അവധിക്കാലത്തിന് ലൈക്കടിക്കുന്നവര്‍

Published

|

Last Updated

അവധിക്കാലം തുടങ്ങിയതിന്റെ സന്തോഷം. രാവിലെ ഗ്രൗണ്ടിലെത്തി പന്തുകളി. ചേരി തിരിഞ്ഞ് പരസ്പരം കൊമ്പുകോര്‍ക്കുമ്പോഴുണ്ടാകുന്ന ആര്‍പ്പുവിളികളും കൂവലും കൊണ്ട് വായുവിലെ പൊടിപടലങ്ങളും മണ്ണിലെ ചരല്‍കല്ലുകളും സഹിക്കെട്ടിട്ടുണ്ടാവണം. പരസ്പരമുള്ള വീറും വാശിയും പക്ഷെ കളി കഴിഞ്ഞാല്‍ കാണില്ല. പിന്നീട് തോളുരുമ്മി കൈകോര്‍ത്ത് പുഴക്കരയിലെത്തും. ഒന്ന് വിസ്തരിച്ചു കുളിച്ച് കഴിയുമ്പോള്‍ തെളിനീര്‍ പുഴ ചെങ്കടലായിട്ടുണ്ടാവും. മീനുകള്‍കൊത്തി മിനുക്കം വന്ന കാലുകമായി പുഴയില്‍ നിന്ന് കരക്കുകയറും. തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ അയല്‍പക്കത്തെ മാവിന്‍ ചുവട്ടിലേക്ക് കണ്ണെറിയും. പഞ്ചാരമാങ്ങയും കോമാങ്ങയും ആപ്പിള്‍മാങ്ങയും പുളിമാങ്ങയും നിറഞ്ഞുകിടങ്ങുന്ന മാവുകള്‍. പുലര്‍ച്ചെ പായയില്‍ നിന്നെഴുന്നേറ്റാല്‍ പല്ലുതേക്കുന്നതിന് മുന്നേ മാവിന്‍ ചുവട്ടിലെത്തുന്നവരാണധികവും. രാത്രിയിലെ കാറ്റില്‍ ഞെട്ടറ്റു വീണ മാമ്പഴങ്ങളുടെ വിലാപങ്ങളൊന്നും അപ്പോള്‍ കവിതയായി വിടരാറില്ല. വിരലിനിടയിലൂടെ ഒലിച്ചിറങ്ങുന്ന മാമ്പഴനീരിന്റെ സ്വാദ് മാത്രമാണപ്പോള്‍ മനസ്സിനെ മഥിക്കുക.

വേനല്‍കാല വിളകളായ കശുമാവും ചക്കയും അവധിക്കാലത്തെ കുട്ടികളുടെ നേരംപോക്കുകള്‍ക്ക് പാത്രമാവുന്നു. ഉയരങ്ങളില്‍ തൂങ്ങിനില്‍ക്കുന്ന ചക്കയും മാങ്ങയും കശുമാങ്ങയും പറിക്കാനുള്ള കയറ്റമാണ് ഉയരങ്ങളിലെത്താനുള്ള ത്വര കുട്ടികളുടെ മനസ്സില്‍ മുളപ്പിക്കുന്നത്. തേനീച്ച പിടിക്കലാണ് മറ്റൊരു പ്രധാന ഹോബി, മടന്തേനീച്ചയും കോല്‍തേനീച്ചയും വീടിന്റെ തറയില്‍ തുരങ്കം നിര്‍മിക്കുന്ന ചെറുതേനീച്ചയുമാണ് ഇരകളായിരുന്നത്. തേനീച്ചകളുടെ കുത്തേല്‍ക്കുന്നെങ്കില്‍ യൂനിയനായിട്ട് കൊള്ളാമെന്ന് കരുതി കുട്ടികളെല്ലാം കൂട്ടമായാണ് തേന്‍ വേട്ടക്കിറങ്ങുക. ഇടക്ക് തേനീച്ചകളേതെങ്കിലും കുത്തിനോവിച്ചാല്‍ മഞ്ഞള്‍ പുരട്ടി പ്രാഥമിക ചികിത്സ. തേന്‍പലകകള്‍ പിഴിഞ്ഞ് നേരെ വായിലേക്കൊഴിക്കും.
വേനലവധിയില്‍ അധികപേരും മുഴുവന്‍ സമയ ഡ്രൈവര്‍മാരായിരിക്കും. പഞ്ചറായ ടയറുകള്‍ സംഘടിപ്പിച്ച് ചെറിയ കോലുപയോഗിച്ച് നാടുമുഴുവന്‍ സര്‍ക്കീട്ട് നടത്തലാണ് പരിപാടി. അങ്ങാടിയിലേക്കായാലും പറമ്പിലേക്കായാലും ഈ വടിയും ടയറും കുട്ടികളുടെ കയ്യില്‍ സ്ഥിരം. വൈകുന്നേരങ്ങളില്‍ അയല്‍പക്കങ്ങളില്‍ ഒത്തുകൂടി അതിവിപുലമായ കളികളാണ് സംഘടിപ്പിക്കാറുള്ളത്. കുട്ടിയും കോലും ഗോലിക്കളിയുമാണ് പ്രധാനം.
പെണ്‍കുട്ടികള്‍ വീട്ടുമുറ്റത്ത് വരച്ചുണ്ടാക്കിയ കളങ്ങളില്‍ കക്ക് എറിഞ്ഞു കളിക്കും. കക്ക് കളി പെണ്‍കുട്ടികള്‍ക്ക് മാത്രം പടച്ചതമ്പുരാന്‍ തീറെഴുതി കൊടുത്ത പോലെയാണ് അവരുടെ ഒരിത്. വളപ്പൊട്ട്, മഞ്ചാടിക്കുരു തുടങ്ങിയ കളികളും പെണ്‍കുട്ടികളിലാണ് ആവേശം പകര്‍ന്ന് നല്‍കിയിരുന്നത്. സ്‌കൂള്‍ പൂട്ടിയതിനാല്‍ സാറ്റ് കളിയും പോലീസും കള്ളനും തൊട്ട് കളിയും എല്ലായ്‌പ്പോഴുമുണ്ടാകും. സൗഹാര്‍ദത്തിന്റേയും ഇടപഴകലിന്റേയും അന്തരീക്ഷങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം കളികള്‍ കുട്ടികളുടെ മനസ്സിലും സ്വാഭാവത്തിലും വരുത്തിയിരുന്ന ക്രിയാത്മക മാറ്റങ്ങള്‍ ചെറുതൊന്നുമല്ല.
ബന്ധുവീടുകളിലേക്കുള്ള വിരുന്നായിരുന്നു മറ്റൊരു ഹോബി. സ്‌കൂള്‍ സമയത്ത് ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രം ഒതുങ്ങുന്ന വിരുന്ന് കൂടലുകള്‍ മാത്രം മതിയാവുമായിരുന്നില്ല കുട്ടികള്‍ക്ക്. അവധി ദിനങ്ങളില്‍ പത്തും പതിനഞ്ചും ദിവസങ്ങള്‍ ബന്ധുവീട്ടുകളില്‍ പോയി താമസിക്കുകയും അവരിലൊരാളായി, ആ നാട്ടുകാരിലൊരാളായി ഒരുപാട് ബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ടായിരുന്നു. മാനസികമായും ശാരീരികമായും കുട്ടികളെ വളര്‍ത്തുന്നതും അവരുടെ സ്വാഭാവ രൂപവത്കരണത്തില്‍ കാതലായ പങ്കുവഹിക്കുന്നതും ഒരുപാട് അറിവുകള്‍ പകര്‍ന്ന് നല്‍കുന്നതും ഇത്തരത്തിലുള്ള അവധി ദിനങ്ങളായിരുന്നു.
പുതുകാലം വേനലവധിക്ക് പാഠഭേദമെഴുതുകയാണ്. പരീക്ഷച്ചൂട് കഴിഞ്ഞാല്‍ പിന്നെ മാതാപിതാക്കള്‍ തലപുകക്കുന്നത് കുട്ടിയെ ഏത് കോഴ്‌സിന് പറഞ്ഞയക്കുമെന്നതിനാണ്. ഏത് ക്യാമ്പില്‍ വിടുമെന്നാണ്. പത്രങ്ങളില്‍ വരുന്ന ദശക്കണക്കിന് വെക്കേഷന്‍ കോഴ്‌സുകളിലാണ് പിന്നീടവരുടെ ശ്രദ്ധ. അവധിക്കാല ക്യാമ്പുകളിലും.
പത്ത് മാസത്തെ പഠനത്തില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്ന ചെറിയൊരു ഇളവാണ് ഈ അവധിക്കാലം. ആ സമയത്തും വിദ്യാര്‍ഥികളുടെ മനസ്സിന് സുഖവും സന്തോഷവും ലഭിക്കുന്ന കളികളില്‍ നിന്നും പറ്റേ വിലക്കണോ എന്ന് ആലോചിക്കേണ്ടതുണ്ട്. ക്യാമ്പുകള്‍ക്കും കോഴ്‌സുകള്‍ക്കുമൊക്കെ പറഞ്ഞയക്കാം. പറഞ്ഞയക്കണം. പക്ഷേ, കളിക്കാനും അവര്‍ക്ക് അവസരം ലഭിക്കണം.
വീടിന്റെ ഒരു മൂലയില്‍ മൊബൈലിലേക്ക് കണ്ണുനട്ട് കുനിഞ്ഞിരുന്ന് ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലുമായി അഭിരമിക്കുന്നവരാണ് മറ്റൊരു വിഭാഗം ന്യൂജന്‍. അമിതമായ ഉപയോഗം മൂലം ഇവര്‍ സോഷ്യല്‍ മീഡിയകള്‍ക്ക് അഡിക്റ്റായി മാറിയാല്‍ തങ്ങളുടെ സമയത്തിന്റെ ബഹുഭൂരിഭാഗവും ചെലവഴിക്കുക സോഷ്യല്‍ മീഡിയകളിലായിരിക്കും. പഠനത്തിലുള്ള ഏകാഗ്രത നഷ്ടപ്പെടുന്നതിനും കുഴിമടിയനായി തീരുന്നതിനും ഇത് കാരണമാകും. ഫേസ്ബുക്കിലേയും വാട്‌സ്ആപ്പിലേയും ലൈക്കും കമന്റും ചാറ്റിങ്ങും നോക്കണമെങ്കില്‍ തന്നെ ഒരു പകല്‍ ആവശ്യമാണ്. വീട്ടില്‍ നിന്നിറങ്ങാതെ ലോകം മുഴുവന്‍ കാണുന്ന വിദ്യാര്‍ഥി സുഹൃത്തുക്കള്‍ അയല്‍ വീടുകളിലോ ബന്ധുവീടുകളിലോ ഒഴിവുസമയങ്ങളില്‍ പോലും സന്ദര്‍ശനം നടത്താന്‍ താത്പര്യപ്പെടുന്നില്ല. സാമൂഹികാന്വേഷികളാവേണ്ട മനുഷ്യന്‍ വൈയക്തിക ഭോഗികളാവുന്ന ദുരവസ്ഥയുടെ ഭാഗമാണിത്. നഗരത്തില്‍ താമസിക്കുന്ന കുട്ടികളുടെ ഫഌറ്റ് ജീവിതം വേനല്‍കാലസമയത്തും ബന്ധവിച്ഛേദനത്തില്‍ തന്നെയാണ്. ടി വിയിലേയും ലാപ്‌ടോപിലേയും ടാബിലേയും വീഡിയോകള്‍ കാണാനാണ് അധികപേരും സമയം കണ്ടെത്തുന്നത്. തടിയനങ്ങാതെ വീട്ടില്‍ ഒതുങ്ങിയിരിക്കുന്ന ഇവരുടെ ആരോഗ്യസ്ഥിതി തന്നെ പരിതാപകരമാണ്. ഊര്‍ജ്വസ്വലരാകേണ്ട കുട്ടികള്‍ പൊണ്ണത്തടിയന്മാരായി മാറാരേഗങ്ങള്‍ക്കടിമപ്പെടുന്നത് ആരുടെ തെറ്റാണ്,?
പഴയ കാലത്തെ അവധിക്കാലത്തിന്റെ ആവേശമൊന്നും ഇപ്പോഴില്ല. നേരത്തെ പറഞ്ഞ കളികളെല്ലാം പടിക്കുപുറത്താണ്. ഓര്‍മയുടെ ഓളങ്ങളില്‍ തൂങ്ങിയാടുന്ന ചെറുചിത്രം കണക്കെ അവജീവിച്ചിരിക്കുന്നു.

 

Latest