Connect with us

Kozhikode

മര്‍കസ് ഗ്രീന്‍വാലിയുടെ തണലില്‍ പത്ത് യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യ

Published

|

Last Updated

മര്‍കസ് ഗ്രീന്‍വാലി ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സമൂഹ വിവാഹത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിക്കാഹിന് നേതൃത്വം നല്‍കുന്നു

മുക്കം:അനാഥത്വവും പരാധീനതയും കാരണം ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും തണലും ഒരുക്കിയ വിദ്യാലയം, ദാമ്പത്യ ജീവിതത്തിലേക്ക് കൂടി വഴിയൊരുക്കി മാതൃകയായി. കാരന്തൂര്‍ മര്‍കസിനു കീഴില്‍ മരഞ്ചാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഗ്രീന്‍വാലിയാണ് അറിവ് നല്‍കിയ വിദ്യാലയ മുറ്റത്ത് മംഗല്യ സൗഭാഗ്യവുമൊരുക്കിയത്. സ്ഥാപനത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് അനാഥകളും അഗതികളുമായ ഇരുപത് യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കുന്നത്. ഇവരില്‍ പത്ത് യുവതികള്‍ക്ക് പുതുജീവിതത്തിലേക്ക് വഴിതുറക്കുന്ന സുന്ദര നിമിഷങ്ങള്‍ക്ക് മര്‍കസ് വേദിയായി.

സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇന്നലെ മര്‍കസ് ഗ്രീന്‍വാലിയില്‍ നടന്ന ചടങ്ങില്‍ പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. സ്ഥാപനം ആരംഭിച്ച് ഇരുപത് വര്‍ഷത്തിനിടെ 750 പേര്‍ക്ക് മര്‍കസ് ഗ്രീന്‍വാലിയില്‍ വിവാഹ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എല്ലാ വര്‍ഷവും അമ്പത് കുട്ടികള്‍ക്ക് വിവാഹ സൗഭാഗ്യമൊരുക്കാന്‍ മര്‍കസ് പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
വൈകീട്ട് അഞ്ചിന് നടന്ന നികാഹ് ചടങ്ങിന് ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ഖുതുബ നിര്‍വഹിച്ചു.
വൈകീട്ട് ഹയര്‍ സെക്കന്‍ഡറി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം സിംഗപ്പൂരിലെ ഡോ. എച്ച് മുഹമ്മദ് സലീമും ഹാദിയ അക്കാദമിയുടെ കെട്ടിട ശിലാസ്ഥാപനം ഹാജി മുഹമ്മദ് യൂനുസ് മുഹമ്മദ് ശരീഫും നിര്‍വഹിച്ചു.

 

Latest