Connect with us

Gulf

വിദൂരവിദ്യാഭ്യാസ കോഴ്‌സുകളുടെ നിര്‍ത്തലാക്കല്‍ പ്രവാസികളുള്‍പ്പടെയുള്ളവര്‍ക്ക് തിരിച്ചടിയായി

Published

|

Last Updated

മസ്‌കത്ത്:കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴില്‍ വര്‍ഷങ്ങളായി നടത്തിവന്നിരുന്ന വിദൂര വിദ്യാഭ്യാസ സംവിധാനം നിര്‍ത്തലാക്കിയതോടെ നൂറുക്കണക്കിന് പ്രവാസികളുള്‍പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി. വിവിധ കാരണങ്ങളാല്‍ റഗുലര്‍ കോളജുകളില്‍ പഠിക്കാന്‍ കഴിയാതെപോയ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള മാര്‍ഗമായിരുന്നു വിദൂര വിദ്യാഭ്യാസ സമ്പ്രദായം. വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്ത് ജീവിക്കുന്നവര്‍ക്ക് തങ്ങളുടെ ജോലിയോടൊപ്പം തന്നെ കൂടുതല്‍ വിദ്യാഭ്യാസ യോഗ്യത നേടാനും ഇതുവഴി സാധിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ വഴി നിരവധി പ്രവാസികളും ഇതുവഴി പല കോഴ്‌സുകളും പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍ ഇത്തരം കേന്ദ്രങ്ങളിലൂടെ നടത്തുന്ന കോഴ്‌സുകള്‍ ശരിയായ വിധത്തിലല്ല നടത്തുന്നതെന്ന കാരണം അറിയിച്ചാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു ജി സി) 2015 സെപ്തംബറില്‍ ഇത്തരം കോഴ്‌സുകള്‍ രാജ്യവ്യാപകമായി നിര്‍ത്തലാക്കിയത്. ഉത്തരേന്ത്യയിലെ ചില കോളജുകളുടെ കീഴിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നടന്ന തെറ്റായ നടപടികളായിരുന്നു കാരണം. അതേസമയം തമിഴ്‌നാട്ടിലെയും മറ്റു ഇതര സംസ്ഥാനങ്ങളിലെയും സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോഴ്‌സുകളും ഇത്തരത്തില്‍ നിര്‍ത്തലാക്കിയിരുന്നെങ്കിലും അവര്‍ ഹൈക്കോടതികളെ സമീപിക്കുകയും അവരുടെ കീഴിലുള്ള സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും കോഴ്‌സിന്റെയും അംഗീകാരം വീണ്ടെടുക്കുകയായിരുന്നു.
എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നതാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി പഠനത്തിന് തിരിച്ചടിയായത്. യു ജി സിക്ക് യഥാസമയം വിവരങ്ങള്‍ നല്‍കാത്തതുകൊണ്ടാണ് യു ജി സി അംഗീകാരം ഒഴിവാക്കിയത്. ശേഷവും അതേക്കുറിച്ച് യു ജി സി ആസ്ഥാനത്ത് വിവരങ്ങള്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. 2015 സെപ്തംബറിന് മുമ്പേ കോഴ്‌സ് തുടങ്ങിവെച്ച വിദ്യാര്‍ഥികളാണ് ഏറെ ദുരിതത്തിലായത്. ആറാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കുന്ന ഈ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റിന് യു ജി സി അംഗീകരാമില്ലാത്ത സ്ഥിതിയുണ്ടാകുമെന്നാണ് അറിയുന്നത്.
കൂടാതെ കോളജുകളില്‍ പ്രവേശനം നേടാന്‍ കഴിയാതെപോയ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠന സാധ്യതയും ഇല്ലാതാകുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കിടെ പഠനം നടത്തി വാര്‍ഷിക അവധിയില്‍ നാട്ടില്‍ പോയി പരീക്ഷ എഴുതുന്ന വിധത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഇതോടെ അവസരം നഷ്ടമാകുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്നവര്‍ക്കും ഇത് തിരിച്ചടിയായിട്ടുണ്ട്.