Connect with us

Articles

വലിയ കസേരകളും ചെറിയ മനുഷ്യരും

Published

|

Last Updated

വിസില്‍ മുഴങ്ങി – കളികള്‍ ആരംഭിച്ചു. കരുക്കള്‍ നിരന്നു കഴിഞ്ഞു. എല്ലാ തിരഞ്ഞെടുപ്പുകളിലെയും ഒന്നാം ഘട്ടം സ്ഥാനാര്‍ഥികളാരെന്ന് അന്തിമമായി നിര്‍ണയിക്കപ്പെടുക എന്നതാണ്. നാലണമെമ്പര്‍മാര്‍ പോലും സ്ഥാനമാനങ്ങളോടുള്ള ആര്‍ത്തിയുടെ കാര്യത്തില്‍ ഒട്ടും മോശമല്ല. സ്ഥാനാര്‍ഥിയാകുക, ജയിക്കുക, എം എല്‍ എ, മന്ത്രി അഥവാ തോറ്റാല്‍ വിവിധ സര്‍ക്കാര്‍ സ്വയം ഭരണസ്ഥാപനങ്ങളുടെ തലപ്പത്ത് അഞ്ച് വര്‍ഷം വാഴല്‍. തോല്‍ക്കുമെന്നുറപ്പുള്ള സ്ഥലങ്ങളില്‍ പോലും സ്ഥാനാര്‍ഥിയാകാന്‍ ആളുകള്‍ ഇടിച്ചുകയറുകയാണ്.

പേര്, പ്രശസ്തി, അംഗീകാരം, എല്ലാത്തിനും ഉപരി ഫണ്ടു വിഹിതം അടിച്ചുമാറ്റല്‍. ഇക്കുറി ആദ്യരംഗത്ത് നായകനും പ്രതിനായകനുമായി ഡല്‍ഹിയില്‍ പോയി നാടകം കളിച്ച് വാര്‍ത്താ ലേഖകരെ മുള്‍മുനയില്‍ നിര്‍ത്തിയത് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആയിരുന്നു.സമ്പൂര്‍ണ വിജയം ഉമ്മന്‍ ചാണ്ടിക്ക്. സുധീരനും തോറ്റെന്ന് പറയാനാകില്ല. ആറ് ദിവസം നീണ്ടുനിന്ന ഡല്‍ഹിവാസം നിമിത്തം-ഉമ്മന്‍ചാണ്ടിക്കു നന്നായി ഉറങ്ങാന്‍ കഴിഞ്ഞുവത്രെ. ഈ തിരഞ്ഞെടുപ്പു കഴിഞ്ഞാലെങ്കിലും അദ്ദേഹത്തിന് നല്ല ഉറക്കം നമുക്കാശംസിക്കാം. കള്ളനും കാമുകനും കവിക്കും സുഖനിദ്ര വിധിച്ചിട്ടില്ലെന്നാണ് ആചാര്യമതം.

വി എം സുധീരന്‍ ഓടുന്ന പട്ടിക്ക് ഒരു മുഴം നീട്ടി എറിയുന്നതിനാണ് എന്നും ശ്രദ്ധിച്ചിരുന്നത്. അഴിമതിയിലും അപവാദങ്ങളിലും മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് കപ്പലിനെ പൊക്കിയെടുത്ത് താങ്ങിനിര്‍ത്താനുള്ള കൂര്‍മാവതാരം വി എം സുധീരനായിരുന്നു എന്ന് ഭാവിയില്‍ കോണ്‍ഗ്രസിന്റെ ചരിത്രം എഴുതുന്നവര്‍ക്കു ശങ്കാവിഹിനം രേഖപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ഈ രാഹുല്‍ ഗാന്ധി ഭക്തന്‍ വ്യാപരിച്ചിരുന്നത്. ഉമ്മന്‍ ചാണ്ടി കടും വെട്ടു വെട്ടുകയാണെങ്കില്‍ വി എം സുധീരന്‍ പുതിയ റബ്ബര്‍ തൈകള്‍ നട്ടു പിടിപ്പിക്കുകയായിരുന്നു. ആ മരങ്ങളില്‍ കത്തി വെക്കണമെങ്കില്‍ കുറഞ്ഞത് മറ്റൊരു അഞ്ച ് വര്‍ഷം കൂടി കാത്തിരിക്കണമെന്ന് മാത്രം. കോണ്‍ഗ്രസ് തറവാട്ടില്‍ നിന്നും ആദര്‍ശ ദേവത പടിയിറങ്ങി പോയി എന്ന പഴിപറയാന്‍ കാരണമാകരുതല്ലോ.

കിട്ടുന്ന ആദ്യ അവസരത്തില്‍ തന്നെ അവരുടെ കായിക ബലത്തിനും മാനസിക ബലത്തിനും ആനുപാതികമായ അളവില്‍ – വേണ്ടതൊക്കെ നേടിക്കൊള്ളുക. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 800 ഓളം സര്‍ക്കാര്‍ ഉത്തരവുകള്‍. സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കലാണീ ഉത്തരവുകളില്‍ മുഖ്യം.കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം വിതരണം ചെയ്യലും ചികിത്സാസഹായമെന്നും മറ്റും പറഞ്ഞ് 5000വും 10000വും ഒക്കെ ഇപ്പോഴത്തെ ഭരണകക്ഷി സ്ഥാനാര്‍ഥികള്‍ ജയിച്ചേ തീരൂ എന്ന് നിര്‍ബന്ധമുള്ള നിയോജനമണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി എത്തിച്ചു കൊടുക്കുക.

തിരഞ്ഞെടുപ്പ് പ്രഖ്യാപനവും തിരഞ്ഞെടുപ്പു തീയതിയും തമ്മില്‍ ഇത്രയേറെ ദൂരം താണ്ടേണ്ടി വന്ന സാഹചര്യം നമുക്കിത് ആദ്യമാണെന്നു തോന്നുന്നു. പണം മാത്രമല്ല സമയവും ആവശ്യത്തില്‍ കൂടുതല്‍ ലഭ്യമാകുന്നത്് ചില്ലറ പൊല്ലാപ്പൊന്നുമല്ല ഉണ്ടാക്കുന്നത്. ഇടതുപക്ഷത്ത് സ്ഥാനാര്‍ഥി നിര്‍ണയമാണ് പെല്ലാപ്പുണ്ടാക്കിയതെങ്കില്‍ വലതുപക്ഷത്ത് അതിനും ഉപരി തിരഞ്ഞെടുപ്പ് ചെലവിനുള്ള ധനസമാഹരണ സമസ്യയും അലട്ടുകയുണ്ടായി. ഈ തവണ ബാര്‍ മുതലാളിമാരില്‍ നിന്നു കാര്യമായി ഒന്നും കിട്ടുമെന്ന പ്രതീക്ഷ വേണ്ടാ. അപ്പോള്‍ പിന്നെ അനുകൂലമായ ഉത്തരവിനു വേണ്ടി മന്ത്രിമന്ദിരങ്ങളില്‍ ക്യൂ നില്‍ക്കുന്ന സ്വകാര്യ മുതലാളിമാരില്‍ നിന്നു വല്ലതും തരമാകണെങ്കില്‍ തരമാകട്ടെ എന്നു കരുതി, മെത്രാന്‍ കായല്‍ പതിച്ചുനല്‍കല്‍, ഉടമസ്ഥാവകാശം നിര്‍ണയിക്കപ്പെട്ടില്ലാത്ത ഭൂമിക്കു നികുതികെട്ടാനുള്ള അനുവാദം, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം എന്നിങ്ങനെ “കണ്ടാല്‍ കളി, കണ്ടില്ലെങ്കില്‍ കാര്യം” എന്ന തരത്തിലുള്ള കലാപരിപാടികള്‍ മന്ത്രിസഭ പരീക്ഷിച്ചു നോക്കി. ഉത്തരവുകള്‍ പുറത്തു വരുന്നതിനു മുമ്പ് അതിന്റെ പകര്‍പ്പുകള്‍ മാധ്യമങ്ങള്‍ കൈവശപ്പെടുത്തിക്കൊണ്ടിരുന്നു.

അതു കാണണ്ടതാമസം വി എം സുധീരന്‍ പുരപുറത്തു നിന്നു വിളിച്ചു കൂവുകയായിരുന്നു. കള്ളന്‍ പത്തായത്തിലും ഇല്ല പുരപ്പുറത്തും ഇല്ല. ഫലമോ ചാനലുകളുടെ അന്തി ചര്‍ച്ചകളില്‍ ഒറ്റ കോണ്‍ഗ്രസുകാരനെയും മഷിയിട്ടു നോക്കിയാലും കാണുന്നില്ല എന്ന അവസ്ഥ. വില്‍പ്പന ഉറപ്പിച്ച പുരയിടത്തില്‍ നിന്നു മാത്രമല്ല പുരക്കുള്ളില്‍ നിന്നും ഊരി മാറ്റാവുന്നതൊക്കെ ഊരിമാറ്റി ആക്രി കച്ചവടക്കാരനു കിട്ടുന്ന വിലക്കു വില്‍ക്കുക അതിലൊക്കെ എന്താണിത്ര തെറ്റ്? ഇതൊക്കെ നാട്ടു നടപ്പല്ലേ?

പക്ഷേ പ്രശ്‌നം തീരുന്നില്ല. എ ജി, ഓഡിറ്റ്, നീതിന്യായ വകുപ്പ് എന്നിങ്ങനെ പല കുന്ത്രാണ്ടങ്ങളും ഭരണഘടനയുടെ ഭാഗമായി ഇവിടെ സ്ഥിതി ചെയ്യുന്നു. അതിന്റെയൊക്കെ പല്ലും നഖവും പറിച്ചു കളയാന്‍ അവസരം ഉണ്ടായിരുന്ന കാലത്ത് അതൊന്നും ചെയ്യാന്‍ പറ്റിയില്ല. അടുത്ത കാലത്തായി വിവരാവകാശ നിയമം എന്ന പുലി ഭരണഘടന എന്ന കാട്ടില്‍ നിന്നിറങ്ങിവന്നു. അഴിമതിയുടെ അമരക്കാരുടെ കഴുത്തില്‍ കടിച്ചു തുടങ്ങിയിരിക്കുന്നു. പരിഹാരം ഒന്നേയുള്ളൂ മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എമാര്‍, ഐ എ എസ്- ഐ പി എസ് ഉദ്യോഗസ്ഥന്മാര്‍ ഇവര്‍ക്കെതിരെ നടത്തുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരുടെ അന്വേഷണ വിവരം ഒരു കാരണവശാലും പുറത്തു വിടരുത്.

ഇവരെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയിരിക്കുന്നു. അതിനായുള്ള ഉത്തരവും പുറത്തിറങ്ങി. ഇങ്ങനെ തിരുവന്തപുരം പട്ടണത്തിലെ തട്ടുകടകളില്‍ ദോശ ചുട്ടെടുക്കുന്നത്ര ലാഘവത്തോടെ വിവാദ ഉത്തരവുകള്‍ ഇറക്കുന്നതില്‍ നിയമപ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് സര്‍ക്കാറിന്റെ നിയമോപദേശകര്‍ നല്‍കിയ ഉപദേശം.അവരെപ്പറഞ്ഞിട്ട് കാര്യമില്ല. അവര്‍ വഹിക്കുന്ന പദവികള്‍ അവര്‍ക്കു നിയമത്തിലുള്ള അവഗാഹം കൊണ്ടൊന്നും ലഭിച്ചതല്ല; ആശ്രിത വാത്സല്യത്തിന്റെ പ്രതിഫലമാണെന്നാര്‍ക്കാണറിയാത്തത്? ഇതെല്ലാം കണ്ട് മനസ്സ് മടുത്തിട്ടാകണമല്ലൊ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി പറഞ്ഞത്; ഈ രക്തത്തില്‍ തങ്ങള്‍ ഉദ്യാഗസ്ഥന്മാര്‍ക്കു യാതൊരു പങ്കുമില്ല. കരുതിയിരിക്കുക. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും.

ലെജിസ്ലേറ്റീവും എക്‌സിക്യൂട്ടീവും അന്യോന്യം പാദസേവ നടത്തുകയാണ്. ജുഡീഷ്യറിയും നാലാം എസ്റ്റേറ്റായ മാധ്യമങ്ങളും ആണ് അല്‍പ്പം ഇടഞ്ഞുനില്‍ക്കുന്നത്. പണ്ട് സഞ്ജയന്‍ പറഞ്ഞില്ലേ; “എന്നുടെ പ്രഷ്ഠം നീ ചൊറിഞ്ഞാല്‍ നിന്നുടെ പ്രഷ്ഠം ഞാന്‍ ചൊറിയാം.” ഇങ്ങനെ പരസ്പരം പ്രഷ്ഠം ചൊറിഞ്ഞു രസിക്കുന്നവരുടെ അവിഹിതക്കൂട്ടുകെട്ടായി നമ്മുടെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങള്‍ മാറുകയാണ്.
കഷ്ടിച്ചു 26 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് കോട്ടയം ജില്ലയിലെ കരുത്തനായ തൊഴിലാളി നേതാവ് ഇ എം ജോര്‍ജിനെ തോല്‍പ്പിച്ചു കൊണ്ട് ഉമ്മന്‍ ചാണ്ടി കേരള നിയമസഭയിലേക്കു വലതുകാലുകുത്തി പ്രവേശിച്ചത്.

ജോര്‍ജ് ഒരു ഗോലിയത്തായിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടി വെറും ഒരു ദാവീദ് മാത്രമായിരുന്നു. ഉമ്മന്‍ ചാണ്ടി എങ്ങനെ ഇത്രമേല്‍ ജനപ്രിയനായി? ഇതിനുത്തരം തേടിയ കോട്ടയത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ അന്നുമുതല്‍ ഇന്നുവരെയും ഉമ്മന്‍ചാണ്ടിക്കു പഠിക്കുകയായിരുന്നു. അവരാ പഠനം ഇനിയും അവസാനിപ്പിച്ചിട്ടില്ല. അതിനാല്‍ ഈ തവണയും പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ അവരുടെ പ്രിയപ്പെട്ട പുണ്ണ്യവാളന്‍-ഒരിക്കല്‍പ്പോലും കുതിരപ്പുറത്തു നിന്നിറങ്ങിയിട്ടില്ലാത്ത, വ്യാളിയുടെ വായില്‍ നിന്നും കുന്തം ഊരിയിട്ടില്ലാത്ത വിശുദ്ധ ഗീവര്‍ഗീസ് സഹദായെ സാക്ഷിയാക്കി ഉമ്മന്‍ ചാണ്ടിയുടെ ചിഹ്നത്തില്‍ വോട്ടു പതിപ്പിക്കും.

ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്മണന്‍ കെ സി ജോസഫിനെതിരെ ഇരിക്കൂറിലെ കോണ്‍ഗ്രസ് പിള്ളേര്‍ ഉയര്‍ത്തിയതു പോലുള്ള ഫഌക്‌സുകളൊന്നും പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാര്‍ പോയിട്ട് കോണ്‍ഗ്രസ് വിരുദ്ധര്‍ പോലും ഉയര്‍ത്താനിടയില്ല. എന്റെ അപ്പൂപ്പനും അപ്പനും അപ്പാപ്പനും ഞാനും നിങ്ങള്‍ക്ക് വോട്ടു ചെയ്തു. എന്റെ മകനും നിങ്ങള്‍ക്കുതന്നെ വോട്ടുചെയ്യണമോ? ദയവായി മാറി തന്നുകൂടെ .” ഇതായിരുന്നു ഇരിക്കൂറില്‍ ഉയര്‍ന്ന ജോസഫ് വിരുദ്ധ ഫ്‌ളെക്‌സ്. യുവതലമുറയുടെ ്രപതിഷേധമൊന്നും ഇരിക്കൂറില്‍ ഏല്‍ക്കുമെന്ന് തോന്നുന്നില്ല.

കാരണം- പുതപ്പള്ളിയിലെയും പാലായിലെയും വോട്ടര്‍മാരുടെ അതേ രക്തമാണ് ഇരിക്കൂറെ കുടിയേറ്റ ക്രിസ്ത്യാനികളുടെ സിരകളിലും ഒഴുകുന്നത്. വികസനം മാത്രമാണവരുടെ പ്രാര്‍ഥനാമന്ത്രം. അതവര്‍ പ്രതീക്ഷിച്ചതിനുമപ്പുറം എത്തിയിരിക്കുന്നു. അതിനാല്‍ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഇരിക്കൂറു കെ സിയും പുതുപ്പള്ളിയില്‍ ഒ സിയും പാലാ കെ എം മാണിയും വാഴും.

ഒരിക്കല്‍ ജയിച്ചവര്‍ തന്നെ വീണ്ടും ജയിച്ചു കയറണം. അവര്‍ക്കു തന്നെ സീറ്റ് കൊടുത്തുകൊള്ളണം. അഥവാ അവരെങ്ങാനും മരണപ്പെട്ടുപോയാല്‍ ഭാര്യക്കോ മക്കള്‍ക്കോ ആശ്രിതനിയമനമായി തങ്ങള്‍ വഹിച്ചിരുന്ന രാഷ്ട്രീയ നേതൃത്വം െൈകമാറ്റം ചെയ്യണം എന്ന ആശയത്തിന് കേരളത്തിലുടനീളം സ്വീകാര്യത ലഭിക്കുന്നു. ജനാധിപത്യത്തിന്റെ ഭാവിയില്‍ നമ്മള്‍ക്കുള്ള പ്രതീക്ഷകള്‍ക്കു ഇത് മങ്ങലേല്‍പ്പിക്കുന്നു. പതിറ്റാണ്ടുകളായി ആരെയൊക്കെയോ ചേര്‍ന്നുണ്ടാക്കിയെടുത്ത വോട്ടര്‍മാരുടെ തലക്കുള്ളില്‍ പ്രതിഷ്ഠിച്ച ഇത്തരം പൊതുബോധത്തെ ഒന്നിളക്കി പ്രതിഷ്ഠിച്ചാലേ ജനാധിപത്യത്തിന്റെ സ്വത്വവും സ്വരൂപവും സംബന്ധിച്ച ചില സാമാന്യപാഠങ്ങളെങ്കിലും സമൂഹത്തില്‍ ്രപവര്‍ത്തന ക്ഷമത ആര്‍ജിക്കു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നമ്മള്‍ അമേരിക്കന്‍ ജനാധിപത്യത്തിലെക്കൊന്നു നോക്കിപ്പോയാല്‍ അതിന്റെ പേരില്‍ സാമ്രാജ്യത്വപക്ഷപാദിത്വം ഒന്നും ആരോപിക്കേണ്ടതില്ല.

ഭരണഘടനാ തത്വപ്രകാരം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പാര്‍ട്ടി ജനാധിപത്യം കൃത്യമായി നിരീക്ഷിക്കുന്നതിനും അതുറപ്പുവരുത്തുന്നതിനുമുള്ള സംവിധാനങ്ങള്‍ അവിടെയുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനമെന്നാല്‍ സ്ഥാനാര്‍ഥിത്വം, സ്ഥാനലബ്ദി, അതുവഴി അഴിമതിയെ അരിയിട്ടുവാഴിക്കുക. ഇതിനപ്പുറത്തേക്ക് വികസിത നാടുകളിലെ രാഷ്ട്രീയബോധം വളര്‍ന്നിരിക്കുന്നു. നമ്മളെത്ര വികസിച്ചാലും വികസനം, ജനാധിപത്യം, സാമുദായികത, പ്രാദേശികത,രാഷ്ട്രീയാധികാരം തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് നമ്മുടെ ഉപബോധമനസ്സിലെ സഞ്ചിത നിക്ഷേപങ്ങള്‍ക്ക് കാര്യമായ മാറ്റമൊന്നും വരാന്‍ പോകുന്നില്ലെന്നത് കഷ്ടമാണ്.

കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ബൂര്‍ഷ്വാ പാര്‍ട്ടികളാണെന്നാക്ഷേപിച്ചിരുന്ന പാര്‍ട്ടികളിലെ പതിവ് ബൂര്‍ഷ്വാ രിതികള്‍ യാതൊരുളുപ്പും കൂടാതെ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്കും ചേക്കേറിയിരിക്കുന്നു. ചില പ്രാദേശിക പ്രഷര്‍ ഗ്രൂപ്പുകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായി, പാര്‍ട്ടി പിന്‍തുടരുന്നു എന്നു പുറമെക്കു പറയാറുള്ള ലെനിനിസ്റ്റ് തത്വങ്ങള്‍ക്കനുസൃതമായി നിര്‍ണയിച്ച സ്ഥാനാര്‍ഥികളെ മാറ്റുകയും മറ്റു ബാഹ്യ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുകയും ചെയ്യുന്ന പതിവ് ചുരുങ്ങിയ പക്ഷം 2005 മുതലെങ്കിലും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വി എസ് പിണറായി ദന്ദ്വ പരികല്‍പന സൃഷ്ടിച്ച് പ്രകടനങ്ങളും പൊതുയോഗങ്ങളും ഫ്‌ളക്‌സ് ്രപദര്‍ശനങ്ങളും നടത്തി.

ഇപ്പോഴിതാ പാര്‍ട്ടി നേതൃത്വം നിയോഗിച്ച പാര്‍ട്ടി അനുഭാവികളായ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കതിരെ ചിലരൊക്കെ ഗോഗ്വാ വിളികള്‍ നടത്തുന്നു. അവസരത്തിനൊത്തുയരാന്‍ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കു കഴിയുന്നില്ലെന്നാണിതൊക്കെ സൂചിപ്പിക്കുന്നത്. പല സ്ഥലങ്ങളിലുംസ്ഥാന മോഹികളായ അവിടുത്തെ പ്രാദേശിക നേതാക്കള്‍ തന്നെ ഞാനൊന്നും അറിഞ്ഞില്ല രാമനാരായണാ എന്ന മട്ടില്‍ തങ്ങളുടെ സ്ഥാനാര്‍ഥിത്വത്തിനു അനുകൂലമായ പരസ്യ പ്രചരണം ആസൂത്രണം ചെയ്യുകയുണ്ടായി എന്നാണറിയുന്നത്.
അധികാരം മനുഷ്യ മനസ്സിന് അതിരില്ലാത്ത ആനന്ദം നല്‍കുന്നു. ഓരോ അധികാരിയും അവന്‍ വരച്ച വരികളില്‍ അന്യരെ നിര്‍ത്തുന്നതില്‍ ആനന്ദം അനുഭവിക്കുന്നു. ്രപസിദ്ധ മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഗ്രാംഷി ഓര്‍മിപ്പിക്കുന്നു: രാഷ്ടടീയവും സാമ്പത്തികവും സാമൂഹികവിമായ ജീവിതപക്രിയയുടെ എല്ലാ അരങ്ങുകളിലും മേലാളനും കീഴാളനും തമ്മിലുള്ള ബന്ധത്തിന്റെ അര്‍ഥം ഗാഢമായ രീതില്‍ അന്തര്‍ലീനമാണ്.  അധീശവര്‍ഗങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അടിയാളന്മാര്‍ സങ്കടങ്ങള്‍ ഏറ്റുവാങ്ങി ദുര്‍ബലരുടെമേല്‍ എപ്പോഴും ബലമുള്ളവര്‍ അധികാരം പ്രയോഗിക്കുന്നു. ഇങ്ങനെ മനുഷ്യസംസ്‌കാരത്തിന്റെ മുന്നോട്ടുള്ള ഗതിയില്‍ അധികാരം അനുഭവിക്കുന്ന വ്യക്തികളോ സാധാരണ മനുഷ്യരില്‍ നിന്നും വ്യക്തമായ മാനദണ്ഡങ്ങളാല്‍ വേര്‍തിരിച്ചു നിര്‍ത്തുന്നു. ഈ വക കാര്യങ്ങളില്‍ ഇടതു വലതുഭേദങ്ങള്‍ ഒന്നും ഇല്ലാതെ വരുന്നു. സ്വാര്‍ഥതയാണ് ഏറ്റവും കൂടുതല്‍ അതിജീവന കരുത്തു സ്വായത്തമാക്കിയ ജീന്‍ എന്നു ജീവശാസ്ത്രകാരന്‍മാര്‍ കണ്ടത്തിയിരിക്കുന്നു. ജനാധിപത്യം പിറക്കുന്നതിനു എത്രയോ കാലം മുമ്പ് തന്നെ ചെങ്കോലും കിരീടവും പേറി രാജ്യഭാരം നടത്തിയിരുന്ന നാടുവാഴികളുടെ അതേ പാതയിലാണ് സ്വന്തം നിയോജക മണ്ഡലങ്ങളെ പിതൃസ്വത്തായി കരുതുന്ന പരിഷ്‌കൃത ജന്രപതിനിധികളും സഞ്ചരിക്കുന്നത്.

ജ്ഞാനബലം, കോശബലം, വിക്രമബലം തുടങ്ങിയ സകലശക്തികളും സിദ്ധികളും അടങ്ങിയവനെ രാജാവെന്നു പറയുന്നു. വിജിഗിഷ്ടമായ ഈ രാജാവ് തന്റെ കോശബലം വര്‍ധിപ്പിക്കേണ്ടത് ഏതു വിധമെന്ന് കൗടല്യന്‍ വിശദീകരിക്കുന്നുണ്ട്. രാജകീയ ഗൂഢപുരുഷന്മാര്‍ കരടിത്തോല്‍ പുതച്ച് ശ്മശാന വൃക്ഷത്തില്‍ കയറിയിരുന്ന് രാ്രതിയില്‍ ജനങ്ങളെ ഭയപ്പെടുത്തുകയും പിന്നീട് ആ രക്ഷസിനെ നിവാരണം ചെയ്യാനെന്നു പറഞ്ഞ് അവരില്‍ നിന്നും ധാരാളം പണം നികുതി എന്ന പേരില്‍ ഈടാക്കുകയും വേണം. ദേവസ്ഥാനങ്ങളും സ്വയം ഭൂലിംഗങ്ങളും സര്‍പ്പപ്പുറ്റുകളും ക്രിത്രിമമായി ഉണ്ടാക്കി അതിനുമേല്‍ ദേവതയുടെ ആവേശം ഉള്ളതായി വഴി പ്രസിദ്ധമാക്കി വഴിപാടുകള്‍ വഴി ജനങ്ങളില്‍ നിന്ന് ്രദവ്യം കരസ്ഥമാക്കണം. വിശ്വാസം വരാത്തവരെ വിശ്വസിപ്പിക്കാനായി യോഗ്യനായഒരാളെ അവിശ്വാസിയായി ചിത്രീകരിച്ച് അവനെ ഗൂഢപുരുഷന്മാര്‍ മുഖേന പാമ്പിനെക്കെണ്ടു കൊത്തിച്ചു കൊന്ന് അത് ദേവതാശാപമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.(അര്‍ഥശാസ്ത്രം. പേജ് 301-302). ഇതൊക്കെയായിരുന്നു ഭാരതീയ രാഷ്ട്രമീംമാസാകാരനായിരുന്ന കൗടല്യന്റെ രാഷ്ട്ര തന്ത്രത്തിന്റെ പ്രഥമിക പാഠങ്ങള്‍. നമ്മുടെ സമകാലിക രാഷ്ട്രീയ നേതാക്കള്‍ പാര്‍ട്ടി ഭേ ദമന്യേ കൗടല്യതന്ത്രങ്ങള്‍ പഠിച്ചുവശമാക്കിയിരിക്കുന്നു എന്നാണ് തോന്നുന്നത്. ഇവരൊന്നോര്‍ത്താല്‍ നന്ന്; രാഷ്ട്രീയം പഠിക്കേണ്ടത് കൗടല്യനില്‍ നിന്നല്ല. നിങ്ങളുടെ ഉപ്പും ചോറും ഈ രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വിയര്‍പ്പിന്റെ ഉത്പന്നമാണ്. നിങ്ങള്‍ അവരെ എന്തെങ്കിലും ഒക്കെ പഠിപ്പിക്കാന്‍ മുതിരുന്നതിനു മുമ്പ് അവരില്‍ നിന്ന് എന്തെെങ്കിലും ചിലതു പഠിക്കാന്‍ ശ്രമിക്കുക തീര്‍ച്ചയായും ഭാവി രാഷ്ട്രീയം അത്തരക്കാരുടെ വരവിനുവേണ്ടിയാണ് കാതുകൂര്‍പ്പിച്ചിരിക്കുന്നത്.

Latest