Connect with us

Ongoing News

മദ്യ നിരോധം പറഞ്ഞ് പുലിവാല് പിടിച്ച പാര്‍ട്ടികള്‍

Published

|

Last Updated

ചെന്നൈ:മദ്യ നിരോധ പ്രഖ്യാപനം വോട്ട് കിട്ടാനുള്ള നല്ലൊരു മാര്‍ഗമാണെന്ന് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോധ്യമായി തുടങ്ങിയിട്ടുണ്ട്. പക്ഷേ മദ്യ രാജാക്കന്മാര്‍ നിയന്ത്രിക്കുന്ന പാര്‍ട്ടിയെങ്ങനെ മദ്യ നിരോധം നടത്തുമെന്നോ പാര്‍ട്ടി യോഗങ്ങളിലും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും മദ്യ വിരുന്നൊരുക്കുന്നതെന്തിനാണെന്നോ ആരും ചോദിക്കരുതെന്ന് മാത്രം. വിരോധാഭാസകരമാണ് തമിഴ്‌നാട്ടിലെ മുഖ്യധാരാ പാര്‍ട്ടികള്‍ പുറത്തിറക്കിയ പ്രകടന പത്രിക. പ്രകടന പത്രികക്കെതിരെ വ്യാപകമായ രീതിയില്‍ പരിഹാസങ്ങളും പ്രകടമായിട്ടുണ്ട്. പാര്‍ട്ടികളുടെ ഇരട്ടത്താപ്പ് സോഷ്യല്‍ മീഡിയകള്‍ സജീവമായി ചര്‍ച്ചക്കെടുത്തിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ മദ്യം പൂര്‍ണമായും നിരോധിക്കുമെന്ന് പ്രഖ്യാപിച്ച ഡി എം ക്കെക്കെതിരെയാണ് വ്യാപകമായ തോതില്‍ ആരോപണവും പരിഹാസവും ശക്തമായത്. ഡി എം കെയുടെ പ്രധാന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും കള്ള് കച്ചവടക്കാരാണെന്നും പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കാനാണെന്നും ചൂണ്ടിക്കാണിച്ച് എ ഐ എ ഡി എം കെ, സി പി ഐ, ബി ജെ പി പാര്‍ട്ടി നേതൃത്വം രംഗത്തെത്തി. വിഷയം വ്യാപകമായി ചര്‍ച്ചയായതോടെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഡി എം കെ നേതാക്കള്‍ തന്ത്രപരമായി ഒഴിഞ്ഞുമാറുകയായിരുന്നു.
എന്നാല്‍, ഏറ്റവും ഒടുവില്‍ ഇന്നലെ കനിമൊഴി നടത്തിയ പ്രസ്താവന കൂടുതല്‍ ചര്‍ച്ചാ വിഷയമായി. ഡി എം കെ അധികാരത്തിലേറിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ മദ്യ ഷോപ്പുകള്‍ അടച്ചുപൂട്ടുമെന്നാണ് കനിമൊഴി പ്രതികരിച്ചത്. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകരുടെ മദ്യ ഷോപ്പുകള്‍ അടച്ചുപൂട്ടാന്‍ അധികാരം ലഭിക്കണമോയെന്നാണ് എതിരാളികള്‍ ചോദിക്കുന്നത്. സി പി ഐ നേതാവ് ആര്‍ നല്ലക്കനാണ് ഡി എം കെക്കെതിരെ രൂക്ഷമായ വിമര്‍ശം ഉന്നയിച്ചിരുന്നത്. ഡി എം കെയുടെ പ്രകടന പത്രികയിലെ മദ്യനിരോധനമടക്കമുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ കോപ്പിയടിച്ചതാണെന്ന ആരോപണം കഴിഞ്ഞ ദിവസം ഉന്നയിക്കപ്പെട്ടിരുന്നു.
അതേസമയം, ആരോപണങ്ങളും പരിഹാസങ്ങളും കണക്കിലെടുത്ത് മദ്യം നിരോധനം ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നാണ് ജയലളിത പ്രഖ്യാപിച്ചത്. മദ്യം നിരോധിക്കാനാകില്ലെന്നാണ് ജയലളിത സമ്മതിക്കുന്നതെന്ന് പ്രഖ്യാപനത്തില്‍ നിന്ന് മനസ്സിലാകുന്നതെന്നാണ് ഇതിനെതിരെ എതിരാളികള്‍ പ്രതികരിക്കുന്നത്.

---- facebook comment plugin here -----

Latest