Connect with us

Gulf

നാലു പതിറ്റാണ്ടില്‍ നിറഞ്ഞ പ്രവാസം; ഇനി കേരള റസിഡന്റാകാന്‍ അബു കാട്ടില്‍

Published

|

Last Updated

ദോഹ: രാഷ്ട്രീയ വിരോധികളുടെ കൊലപാതകശ്രമമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നുള്ള തിരിച്ചു വരവ്, ഇരുപത്തിയഞ്ച് വര്‍ഷമായി തുടരുന്ന രാത്രി ജോലി, ഇരുപതു വര്‍ഷമായി ഒരു ഫഌറ്റ്, ആരുമറിയാതെ രോഗികള്‍ക്കു വേണ്ടിയുള്ള സേവനങ്ങള്‍, തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെയും ഇന്‍കാസിന്റെയും ഖത്വറിലെ ആദ്യക്കാരില്‍ ഒരാള്‍. നാലു പതിറ്റാണ്ടിലെ ഖത്വര്‍ പ്രവാസത്തിനൊപ്പം പൊതുരംഗത്തും നിറഞ്ഞു നിന്ന ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി അംഗം അബു കാട്ടില്‍ ഇനി കേരള റസിഡന്റാകും. ഹമദ് ആശുപത്രിയില്‍ ജോലി ചെയ്തു വന്ന അദ്ദേഹം ഈ മാസം 25ന് നാട്ടിലേക്കു തിരിക്കും.
35 വര്‍ഷത്തിലധികമായി ഹമദ് ആശുപത്രി ബ്ലീപ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന അബു കാട്ടില്‍ ആശുപത്രിക്കാഴ്ചകളുടെ ദൈന്യതയില്‍നിന്നാണ് കാരുണ്യ സേവന രംഗത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയത്. 24 ാം വയസ്സില്‍ ഖത്വറിലേക്ക് ബോംബെ വഴി വിമാനം കയറും മുമ്പേ നാട്ടില്‍ ചെറിയ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനവും സാമൂഹിക സേവനവുമുണ്ടായിരുന്നു. സ്വന്തം നാട്ടില്‍ മയ്യിത്ത് പരിപാലന സമതി രൂപവത്കരിച്ചായിരുന്നു സേവനം. രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിലും. ആശുപത്രിയില്‍ ജോലി ചെയ്യുന്നതു വഴി ലഭിച്ച സൗകര്യങ്ങള്‍ ഉപയോഗിച്ച് പലര്‍ക്കും സഹായം ചെയ്തു. സേവനങ്ങള്‍ക്ക് സംഘടിത സ്വഭാവം കൊണ്ടുവരിക ലക്ഷ്യംവെച്ച് സി കെ മേനോന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലാ സൗഹൃദവേദി രൂപവത്കരിക്കപ്പെട്ടപ്പോള്‍ അതിന്റെ ഹെല്‍പ്പ് ഡസ്‌ക് ചുമതല വഹിച്ചു.
ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പു കാലത്ത് നാട്ടില്‍ പോയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയതിലെ പ്രതികാരത്തിന്റെ ഭാഗമായാണ് കൊലപാതശ്രമമുണ്ടായത്. പ്രചാരണം നടത്തരുതെന്ന എതിര്‍ പാര്‍ട്ടിയുടെ അഭ്യര്‍ഥന നിരസിച്ചിരുന്നു. രാവിലെ നടക്കാനിറങ്ങിയപ്പോള്‍ പിറകില്‍ നിന്ന് അടിച്ചു വീഴ്ത്തി നടത്തിയ മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഏറെനാള്‍ ഐ സി യിവില്‍ കിടന്നു. തൃശൂരിലും കൊയമ്പത്തൂരിലും ചികിത്സിച്ചു. മരിച്ചു എന്ന നിലയിലായിരുന്നു. മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തിയാണ് മൊഴിയെടുത്തത്. അല്ലാഹൂവിന്റെ അനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് അബു കാട്ടില്‍ പറയുന്നു. കേസ് നിയമസഭയില്‍ ഉന്നയിക്കപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷിച്ചു. എന്നാല്‍, പ്രതികള്‍ തിരച്ചറിയപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ കേസിന്റെ പിറകില്‍നിന്ന് പിന്മാറി. പ്രതികളോട് ക്ഷമിച്ചു. ജീവിത്തില്‍ ഇനിയും വെറുപ്പും വിദ്വേഷവും തുടരേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഇത്.
വീണ്ടും ഖത്വറില്‍ തിരിച്ചെത്തി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വന്നാണ് ഖത്വറില്‍ ഇന്‍കാസ് രൂപവത്കരിക്കുന്നത്. അന്ന് കമ്മിറ്റി മെമ്പറായി. ഇന്‍കാസില്‍ ഏറെക്കാലം വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. വി കെയര്‍ വൈസ് പ്രസിഡന്റുമാണ്. 25 വര്‍ഷമായി രാത്രിയിലാണ് ഡ്യൂട്ടി. അതുകൊണ്ടു തന്നെ സംഘടനയുടെ പ്രധാന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയാറില്ല. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. ആതുര സേവനങ്ങള്‍ ആരും അറിയാതെ ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ അംഗീകാരങ്ങള്‍ സംബന്ധിച്ച് ആവലാതിയില്ല.
നാട്ടില്‍ പോയാലും വിശ്രമജീവിതം ആഗ്രഹിക്കുന്നില്ല. സേവനരംഗത്തു തുടരണം. മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ടും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തനത്തിലും ഉണ്ടാകും. നാട്ടില്‍ ഒരു ക്ലിനിക്ക് ആരംഭിക്കുന്നതിനുള്ള സ്ഥലം നല്‍കാന്‍ ഉദ്ദേശിക്കുന്നു. ക്ലിനിക്ക് കേന്ദ്രീകരിച്ച് ഖത്വറിലെ മഹല്ല് കൂട്ടായ്മ സംഭാവന ചെയ്യുന്ന ആംബുലന്‍സ് സേവനവും ലഭ്യമാക്കും. തൃശൂര്‍ തിരുനല്ലൂര്‍ സ്വദേശിയായ കാട്ടില്‍ വീട്ടില്‍ അബൂബക്കര്‍ എന്ന അബു കാട്ടില്‍ വര്‍ഷങ്ങളായി ഇവിടെ കുടുംബ സമേതമാണ് ജീവിച്ചത്. 20 വര്‍ഷമായി ഒരു വീട്ടിലായിരുന്നു.
ഭാര്യ സമീറയും മകന്‍ ഹൈസമും ഇപ്പോള്‍ കൂടെയുണ്ട്. പെണ്‍മക്കള്‍ സബ്‌നയും സബീഹയും വിവാഹിതരായി.