Connect with us

Kerala

താനൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് നേരെ അക്രമം; നിരവധി പേര്‍ക്ക് പരുക്ക്

Published

|

Last Updated

താനൂര്‍: താനൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാന്റെ കാറിന് നേരെ ഒരു സംഘം ആളുകളുടെ അക്രമം. സംഭവത്തില്‍ സ്ഥാനാര്‍ഥിക്ക് പരുക്കേറ്റു. താനൂര്‍ നിയോജകമണ്ഡലം എല്‍ ഡി എഫ് പ്രചാരണത്തിന്റെ ഭാഗമായി താനൂര്‍ പണ്ടാരം കടപ്പുറത്ത് ഇന്നലെ വൈകുന്നേരം നാല് മണിക്ക് സംഘടിപ്പിച്ച മുഖാമുഖ തെരുവ് നാടകത്തില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോഴാണ് ആക്രമണം.
യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്നലെ താനൂരില്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്ന പരിപാടിയുടെ വാഹന പ്രചരണം പണ്ഡാരം കടപ്പുറത്തെത്തിയപ്പോള്‍ എല്‍ ഡി എഫ് പരിപാടി നടക്കുന്ന സ്ഥലത്തുനിന്നും ശബ്ദം ഒഴിവാക്കാന്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ യു ഡി എഫ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇത് ചെറിയ വാക്കേറ്റത്തിനിടയാക്കി.
പിന്നീട് നാട്ടുകാര്‍ ഇടപെട്ടു പ്രശ്‌നം പരിഹരിച്ചെങ്കിലും എല്‍ ഡി എഫിന്റെ തെരുവ് നാടകം കഴിഞ്ഞു മടങ്ങുകയായിരുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും മറ്റു പ്രമുഖരും സഞ്ചരിച്ച മൂന്ന് കാറുകള്‍ക്ക് നേരെയാണ് ഒരു സംഘമാളുകള്‍ കല്ലേറും സോഡാ കുപ്പിയേറും നടത്തിയത്. മൂന്ന് കാറുകളും വടി ഉപയോഗിച്ച് അടിച്ച് മുന്നിലും സൈഡിലുമുള്ള ഗ്ലാസ്സുകളും ഡോറും തകര്‍ത്തിട്ടുണ്ട്. ആക്രമണത്തില്‍ സ്ഥാനാര്‍ഥിയായ വി അബ്ദുര്‍റഹ്മാന്റെ വലത്തെ കവിള്‍തടത്തിന് ശക്തമായ കല്ലേറ് പതിച്ചതില്‍ രക്തം പൊട്ടി മുറിവുണ്ട്. അക്രമികള്‍ കാറ് തടഞ്ഞ് വാഹനത്തില്‍ നിന്നും വലിച്ചിറക്കി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ഥാനാര്‍ഥിയായ വി അബ്ദുര്‍റഹിമാനെ രക്ഷിക്കാന്‍ ശ്രമിച്ച മൂസാന്റെ പുരക്കല്‍ ഹംസകോയ,(48), ഉദൈഫ്(19), കുഞ്ഞാലകത്ത് അലവിക്കുട്ടി (55) എന്നിവര്‍ക്കും ഗുരുതരമായ പരുക്കേറ്റു. ഹംസക്കോയയുടെ ഇടതു കൈക്കും പുറം ചുമലിനും വടികൊണ്ടടിയേറ്റിട്ടുണ്ട്. ഉദൈഫിന്റെ തലക്കും അലവിക്കുട്ടിയുടെ കൈ മുട്ടിനും പരുക്കേറ്റു. സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്ന അഡ്വ. പി പി റഹൂഫ്, എ കെ സിറാജ്, പി പി റാസിഖ് എന്നിവര്‍ക്കും പരുക്കേറ്റു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നൂറുക്കണക്കിന് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പരുക്കേറ്റ സ്ഥാനാര്‍ഥിയെയും മറ്റും തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.