Connect with us

Kozhikode

താമരശ്ശേരിയില്‍ വിദേശ മദ്യ വേട്ട തുടരുന്നു; രണ്ടാഴ്ചക്കിടെ പിടിയിലായത് മൂന്നുപേര്‍

Published

|

Last Updated

താമരശ്ശേരി: സ്‌കൂട്ടറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 30 കുപ്പി വിദേശ മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. കട്ടിപ്പാറ ചമല്‍ പൂവന്‍മലയില്‍ രഞ്ജിത്ത്(29) ആണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ സഹദുള്ളയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പുതുപ്പാടി കൊട്ടാരക്കോത്തുവെച്ച് വിദേശ മദ്യം പിടികൂടിയത്. വിദേശ മദ്യം കടത്താനുപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. തിരുവമ്പാടിയിലെ വിദേശമദ്യ ഷാപ്പില്‍നിന്നാന്നും വാങ്ങി പുതുപ്പാടി മേഖലയില്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുകയാണ് പതിവ്. പ്രിവന്റീവ് ഓഫീസര്‍ കെ ഗിരീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ പി രാജന്‍, ടി നൗഫല്‍, എന്‍ പി വിവേക്, മുഹമ്മദ് ഇര്‍ഷാദ്, പ്രിയരഞ്ജന്‍ ദാസ്, സി ജെ ഷാജു, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് വിദേശമദ്യം പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
താമരശ്ശേരിയില്‍ രണ്ടാഴ്ചക്കിടെയുള്ള മൂന്നാമത്തെ വിദേശമദ്യ വേട്ടയാണിത്. ഓട്ടോറിക്ഷയില്‍ വിദേശ മദ്യ വില്‍പ്പന നടത്തുന്ന വെഴുപ്പൂര്‍ ഉള്ളാട്ടുമറ്റത്തില്‍ ശശി എന്ന സുരേഷ് കുമാറിനെയും പച്ചക്കറി വില്‍പ്പനയുടെ മറവില്‍ ഗുഡ്‌സ് ഓട്ടോയില്‍ വിദേശ മദ്യം വില്‍പ്പന നടത്തുന്ന താമരശ്ശേരി ആലപ്പടിമ്മല്‍ ഇസ്മായിലിനെയുമാണ് അടുത്തിടെ താമരശ്ശേരി എക്‌സൈസ് സംഘം പിടികൂടിയത്. ഇവരുടെ വാഹനങ്ങളും കസ്റ്റഡിയിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന ശക്തമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം.

Latest