Connect with us

Ongoing News

'ഒബാമക്ക് ക്യൂബയിലെത്താമെങ്കില്‍ ഇടത് - വലത് സഖ്യം ആയിക്കൂടെ?'

Published

|

Last Updated

കൊല്‍ക്കത്ത: സ്വാതന്ത്ര ഇന്ത്യയില്‍ ഇന്നുവരെ കേട്ട് പരിചയമില്ലാത്ത ഇടത് – വലത് സഖ്യത്തിന് പശ്ചിമ ബംഗാള്‍ വേദിയായിരിക്കെ പ്രതിരോധവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി. യു എസ് പ്രസിഡന്റ് ബരാക് ഒബാമക്ക് ക്യൂബയിലേക്ക് പോകാമെങ്കില്‍ എന്തുകൊണ്ട് കോണ്‍ഗ്രസും സി പി എമ്മും ഒന്നിച്ചുകൂടായെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരി ചോദിക്കുന്നത്. ലോക്‌സഭ എം പികൂടിയായ ഇദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമയുടെ ക്യൂബ സന്ദര്‍ശനം ഉദാഹരണമാക്കി പുതിയ ന്യായീകരണ സമവാക്യം കണ്ടെത്തിയത്.
മമത ബാനര്‍ജിയോടും തൃണമൂല്‍ സര്‍ക്കാറിനോടുമുള്ള ജനങ്ങളുടെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടെന്നും ക്രൂരമായ ഭരണ പ്രക്രിയക്കെതിരെയാണ് കോണ്‍ഗ്രസ്- സി പി എം ഒന്നിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മമതയുടെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയാണ് ഇടത് – വലത് സഖ്യം. പ്രാദേശിക തലത്തില്‍വരെ ശക്തമായ മുന്നേറ്റം നടത്താന്‍ സഖ്യത്തിന് സാധിച്ചിട്ടുണ്ട്. സഖ്യത്തിന്റെ മുന്നോട്ടുള്ള നീക്കത്തില്‍ കോണ്‍ഗ്രസിനോ സി പി എമ്മിനോ ആശങ്കകളില്ല. ഇരു പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് മമതക്കെതിരെ നീങ്ങുന്നത്. മമതയുടെ ദുര്‍ഭരണത്തിനെതിരെ ഒന്നിക്കുകയെന്നത് നാടിന്റെ അവിഭാജ്യ ഘടകമായിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കുറച്ചധികം വോട്ട് നേടിയ ബി ജെ പിയുടെ വോട്ട് ബേങ്കില്‍ ഇക്കുറി ചോര്‍ച്ചയുണ്ടാകും. ബി ജെ പിയുടെ വോട്ട് വലത് – ഇടത് സഖ്യത്തിലേക്ക് ചേരും. ബി ജെ പിക്ക് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടില്‍ ഭൂരിഭാഗവും തൃണമൂല്‍ സര്‍ക്കാര്‍വിരുദ്ധ വോട്ടായിരുന്നു. ഇത് കോണ്‍ഗ്രസ് – സി പി എം സഖ്യത്തിന് ലഭിച്ചേക്കും. പുതിയ സഖ്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. മുര്‍ശിദാബാദ് ജില്ലയില്‍ 22 സീറ്റിലും സഖ്യം വിജയിക്കും. ചൗധരി പറഞ്ഞു.