Connect with us

National

നിയമത്തിനും മുകളിലല്ല രാഷട്രപതിയുടെ ഉത്തരവ്: ഉത്തരാഖണ്ഡ് ഹൈക്കോടതി

Published

|

Last Updated

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഉത്തരവിനെ വിമര്‍ശിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി. നിയമത്തിനും മുകളിലല്ല രാഷട്രപതിയുടെ ഉത്തരവെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രപതിയുടെ ഉത്തരവ് അടക്കമുള്ള എല്ലാം നിയമപരിശോധനയ്ക്ക് വിധേയമാണ്. നമ്മുടെ ഭരണഘടനയുടെ പ്രത്യേകതയും അതാണെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ് ട്രപതി ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പ്രതികരണം.
രാഷ്ട്രപതിക്കും തെറ്റ് സംഭവിക്കാവുന്നതേയുള്ളു. രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുകയല്ല. പക്ഷേ എല്ലാം നിയമത്തിന് അധീതമായാണ് കടന്നുപോകുന്നതെന്ന് ഉറപ്പു വരുത്തണമെന്നും കോടതി പറഞ്ഞു. ഏപ്രില്‍ 18ന് കേസ് വീണ്ടും പരിഗണിക്കും. ഇതിന് മുമ്പ് ഉത്തരാഖണ്ഡില്‍ കേന്ദ്രം രാഷ്ട്രീയ തന്ത്രങ്ങള്‍ പയറ്റിയാല്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും കോടതി കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി.

ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്താനുള്ള ശുപാര്‍ശ അംഗീകരിച്ചത്. സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായതായി ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒമ്പത് വിമത എം.എല്‍.എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡില്‍ ഭരണപ്രതിസന്ധിയുണ്ടായത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള
കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ ഒരുമാസം മുമ്പാണ് രാഷ്ട്രപതി അംഗീകരിച്ചത്.
.

Latest