Connect with us

Gulf

ദുബൈ ഗവണ്‍മെന്റ് എക്‌സലന്‍സ് പ്രോഗ്രാം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Published

|

Last Updated

ദുബൈ ഗവണ്‍മെന്റ് എക്‌സലന്‍സ് പ്രോഗ്രാം പുരസ്‌കാരങ്ങള്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിതരണം ചെയ്തപ്പോള്‍

ദുബൈ: ദുബൈ ഗവണ്‍മെന്റ് എക്‌സലന്‍സ് പ്രോഗ്രാം പുരസ്‌കാരങ്ങള്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിതരണം ചെയ്തു. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര വിതരണം നടന്നത്. ദുബൈ താമസ-കുടിയേറ്റ വകുപ്പിന് അഞ്ച് പുരസ്‌കാരങ്ങള്‍ ലഭിച്ചു.
വിശിഷ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനുള്ള പുരസ്‌കാരം താമസ-കുടിയേറ്റ വകുപ്പിന്റെ വിമാനത്താവള മേഖലാ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ തലാല്‍ അഹ്മദ് അല്‍ ഷംഗിതി നേടി. ഉല്‍കൃഷ്ട പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം കസ്റ്റമര്‍കെയര്‍ വിഭാഗം തലവന്‍ ക്യാപ്റ്റന്‍ സാലിം ബിന്‍ അലിക്കാണ്.
റിസ്‌ക് മാനേജ്‌മെന്റ് ഇവാല്വേഷന്‍ സെക്ഷന്‍ തലവന്‍ ലെഫ്. മുഹമ്മദ് യൂസുഫ് അല്‍ മര്‍റി വിശിഷ്ട നവാഗത ജീവനക്കാരനുള്ള പുരസ്‌കാരവും ഫിനാന്‍ഷ്യല്‍ റിസോഴ്‌സസ് മാനേജ്‌മെന്റ് ഡയറക്ടര്‍ ലെഫ്.ഫൈസല്‍ യഅ്ഖൂബ് അല്‍ ബലൂശി വിശിഷ്ട ഭരണ-സാമ്പത്തിക വിഭാഗം ജീവനക്കാരനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. താമസ-കുടിയേറ്റ വകുപ്പിന്റെ യു എ ഇ വിഷന്‍ ടീമിലെ ഖുല്‍തൂം മുഹമ്മദ് അബ്ദുല്ല അല്‍ ബലൂശിയും പുരസ്‌കാരത്തിനര്‍ഹയായി. പരമാവധി കഴിവനുസരിച്ച് മുഴുവന്‍ ജീവനക്കാരും രാജ്യസേവനത്തിനായി കഠിനപരിശ്രമം നടത്തണമെന്ന് ദുബൈ താമസ-കുടിയേറ്റ വിഭാഗം മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി ഉദ്‌ബോധിപ്പിച്ചു. ആഗോളതലത്തില്‍ യു എ ഇയെ ഒരു മികച്ച രാജ്യമാക്കാന്‍ പരിശ്രമിക്കുന്നതിന് ശൈഖ് മുഹമ്മദിന്റെ ഭാഗത്ത് നിന്നുള്ള പിന്തുണക്ക് അല്‍ മര്‍റി നന്ദി രേഖപ്പെടുത്തി.

Latest