Connect with us

Articles

വികസനത്തിന്റെ തുടര്‍ച്ചക്കായി

Published

|

Last Updated

>>യു ഡി എഫ് പ്രകടന പത്രികയുടെ ആമുഖം

കേരളത്തിന്റെ വികസനചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി നയിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നു. രണ്ട് എം എല്‍ എ മാരുടെ ഭൂരിപക്ഷത്തോടെ ഭരണം തുടങ്ങിയ യു ഡി എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് കെട്ടുറപ്പുള്ള ഒരു സുസ്ഥിര ഭരണത്തിലൂടെ കേരളത്തിനു പ്രദാനം ചെയ്ത വികസന നേട്ടങ്ങള്‍ അഭിമാനത്തിനും ആത്മസംതൃപ്തിക്കും വക നല്‍കുന്നവയാണ്. വന്‍കിട വികസന പദ്ധതികള്‍ക്കൊപ്പം സാധാരണക്കാരുടെ കണ്ണീരൊപ്പാന്‍ നടത്തിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ യു ഡി എഫ് സര്‍ക്കാറിന് കാരുണ്യത്തിന്റെ മുഖഛായ നല്‍കി. വികസനത്തിന്റെയും കാരുണ്യത്തിന്റെയും ജനകീയ സര്‍ക്കാറെന്ന വിശേഷണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ കേരള രാഷ്ട്രീയചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത്. അഞ്ച് വര്‍ഷം മുമ്പ് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ടാണ് വീണ്ടുമൊരു ജനവിധിക്കായി ജനങ്ങളെ സമീപിക്കുന്നത്. ഭരണത്തുടര്‍ച്ചക്കായി ജനപിന്തുണ യു ഡി എഫ് അഭ്യര്‍ഥിക്കുന്നത് അടുത്ത അഞ്ചു കൊല്ലംകൂടി അധികാരത്തില്‍ തുടരാന്‍വേണ്ടി മാത്രമല്ല, വികസനത്തുടര്‍ച്ചക്കു വേണ്ടിയാണ്; കരുതലിന്റെ കരുത്തിലൂടെ കാരുണ്യത്തിന്റെ കരസ്പര്‍ശംകൊണ്ട് അവശരെ കരകയറ്റാനാണ്.
വികസന നേട്ടങ്ങളുടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും ആത്മവിശ്വാസത്തോടെയും, ജനക്ഷേമകരമായ സുസ്ഥിര ഭരണത്തിന്റെ ആത്മസംതൃപ്തിയോടെയുമാണ് രാഷ്ട്രീയപ്രബുദ്ധരായ ജനങ്ങളെ യു ഡി എഫ് സമീപിക്കുന്നത്.
ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനക്ക് ശക്തിയും ഊര്‍ജവും നല്‍കി. ഇത് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വഴിയൊരുക്കി. നമ്മുടെ ചിരകാലസ്വപ്‌നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം ആരംഭിച്ചു. 7525 കോടി രൂപയുടെ അടങ്കല്‍ത്തുകയുള്ള വിഴിഞ്ഞം തുറമുഖം രാജ്യത്തെ ഏക വിവിധോദ്ദേശ്യ ആഴക്കടല്‍ തുറമുഖമായിത്തീരുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ക്ക് തൊഴിലവസരം ലഭിക്കും.
കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയതോടെ ഉത്തരകേരളത്തിന്റെ പുരോഗതിയുടെ വേഗത വര്‍ധിക്കും. 580 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളത്തിന് തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂര്‍ എന്നീ നാലു വിമാനത്താവളങ്ങളായി. കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്ന വടക്കേ മലബാറിലെ പ്രവാസി മലയാളികള്‍ക്കുള്ള യു ഡി എഫ് സര്‍ക്കാറിന്റെ സ്‌നേഹോപഹാരമാണ് കണ്ണൂര്‍ വിമാനത്താവളം.
കൊച്ചിയുടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമുണ്ടാക്കുന്ന കൊച്ചി മെട്രോ റെയില്‍ ചൂളം വിളിച്ച് ഓടിത്തുടങ്ങുന്നു. 1095 ദിവസംകൊണ്ട് 2016 ജൂണില്‍ ഈ മെഗാ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകും. 125 കി.മീറ്റര്‍ ദൂരമുള്ള തിരുവനന്തപുരം- ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍വേ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറുമായി കേരളം കരാര്‍ ഒപ്പിട്ടു. 6728 കോടി രൂപയുടെ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ റെയിലുകളുടെ നിര്‍മാണത്തിന് തുടക്കം കുറിച്ചു. 90,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനത്തോടെ ഐ ടി രംഗത്ത് കേരളം മുന്നേറുകയാണ്.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ 8 ലക്ഷം പരാതികള്‍ തീര്‍പ്പാക്കി. ദുരിതാശ്വാസനിധിയില്‍നിന്നും 798.73 കോടി രൂപ അശരണര്‍ക്ക് ആശ്വാസമായി നല്‍കി. സാമൂഹിക ക്ഷേമ പെന്‍ഷനുകളുടെ കാര്യത്തില്‍ കഴിഞ്ഞ 5 വര്‍ഷം സര്‍വകാല റിക്കാര്‍ഡാണ് ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ കൈവരിച്ചത്. 2010-11 ല്‍ വിവിധ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 12.9 ലക്ഷവും ഒരു വര്‍ഷം കൊടുത്ത പെന്‍ഷന്‍ തുക 522.11 കോടി രൂപയും ആയിരുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 34.06 ലക്ഷവും ഒരു വര്‍ഷം കൊടുത്ത പെന്‍ഷന്‍തുക 2769.44 കോടി രൂപയുമാണ്. അഞ്ച് ഇരട്ടിയിലധികം തുകയാണ് അഞ്ച് വര്‍ഷം കൊണ്ട് 34 ലക്ഷം കുടുംബങ്ങളില്‍ എത്തിച്ചത്. ഇനി ഈ തുക ജീവനക്കാര്‍ക്ക് മാസശമ്പളം കിട്ടുന്നതുപോലെ മാസം തോറും പതിനഞ്ചാം തീയതി പെന്‍ഷന്‍കാരുടെ ബേങ്ക് അക്കൗണ്ടിലോ അല്ലെങ്കില്‍ മണി ഓര്‍ഡര്‍ ആയോ ലഭിക്കുന്ന സാഹചര്യം ഉറപ്പാക്കുന്നതാണ്. വിധവാ പെന്‍ഷന്‍, കര്‍ഷക പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, അവിവാഹിത അമ്മമാര്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, മാരകരോഗം ബാധിച്ച കുട്ടികള്‍, ബധിര-മൂക കുഞ്ഞുങ്ങള്‍, മാതാവോ പിതാവോ മരിച്ച കുട്ടികള്‍ എന്നിങ്ങനെ ജീവിതത്തിലെ സമസ്ത മേഖലകളിലുമുള്ളവര്‍ക്ക് സാന്ത്വനസ്പര്‍ശം നല്‍കാന്‍ സര്‍ക്കാറിനു കഴിഞ്ഞു. അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുണ്ടായിരുന്ന നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ 16 മെഡിക്കല്‍ കോളജുകളായി വര്‍ധിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയും മരുന്നും സൗജന്യമായി. ഇന്ത്യയിലെ ആദ്യത്തെ പട്ടികജാതി മെഡിക്കല്‍ കോളജ് 2015-ല്‍ പാലക്കാട് ആരംഭിച്ചു. കാരുണ്യ ചികിത്സാ സഹായ പദ്ധതിയിലൂടെ ഒന്നര ലക്ഷം പേര്‍ക്ക് 1,200 കോടി രൂപ ധനസഹായം നല്‍കി. അന്യസംസ്ഥാന ലോട്ടറിയിലൂടെ ലോട്ടറി രാജാക്കന്മാര്‍ ചൂഷണം ചെയ്ത് കോടികള്‍ സമ്പാദിച്ചിരുന്ന സാഹചര്യം കാരുണ്യ ലോട്ടറിയിലൂടെ തടയാന്‍ സാധിച്ചു. മുമ്പുണ്ടായിരുന്ന ലോട്ടറിക്കു പകരം കാരുണ്യ ലോട്ടറി ആരംഭിച്ച് അതിലൂടെ നടത്തിയ ധനസമാഹരണം ചികിത്സാപദ്ധതിക്കായി ചെലവഴിച്ചു. ദാരിദ്ര്യരേഖക്കു താഴെയുള്ളവര്‍ക്ക് ഒരു രൂപക്കു നല്‍കിയിരുന്ന അരി അവസാന ബജറ്റിലൂടെ യു ഡി എഫ് സര്‍ക്കാര്‍ സൗജന്യമാക്കി.
ജൈവകൃഷി വ്യാപകമാക്കി. വിഷരഹിത ഭക്ഷ്യോത്പാദനത്തിന് കര്‍ഷക സമൂഹത്തെ ബോധവത്കരിച്ചു. നീരനിര്‍മാണത്തിന് അനുവാദം നല്‍കിയതിലൂടെ കേരകര്‍ഷകര്‍ക്ക് ആശ്വാസം അനുഭവപ്പെട്ടു തുടങ്ങി. വിലയിടിവുമൂലം പ്രതിസന്ധിയിലായ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി വിലസ്ഥിരതാപദ്ധതിക്ക് 800 കോടി രൂപ മാറ്റിവെച്ചു.
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയെക്കാളും ഉയര്‍ത്താന്‍ കഴിഞ്ഞു. മിനിമം കൂലി വര്‍ധിപ്പിക്കാനും രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതീകരണയോജന പ്രകാരം ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കാനും, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 6510 കോടി രൂപ ചെലവഴിക്കാനും കഴിഞ്ഞു.
അഭ്യസ്തവിദ്യര്‍ക്ക് നാട്ടില്‍ത്തന്നെ തൊഴില്‍ നേടാന്‍ കേരളം ആരംഭിച്ച യുവസംരംഭകരുടെ സ്റ്റാര്‍ട്ട് അപ്പ് പദ്ധതി ദേശീയതലത്തില്‍ത്തന്നെ ഏറ്റെടുത്തു. 3,000 കോടി രൂപയായിരുന്ന ഐ ടി കയറ്റുമതി 15,000 കോടി രൂപയായി ഉയര്‍ത്താനും ഈ രംഗത്ത് ഒരു ലക്ഷത്തില്‍പ്പരം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാനും കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ബൈപാസുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 58,398 കുടുംബങ്ങള്‍ക്ക് 3 സെന്റുവീതം ഭൂമി വിതരണം ചെയ്തു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകള്‍ ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ലകളായിത്തീര്‍ന്നു. ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് 300 കോടി രൂപ ചെലവഴിച്ച് 15000 വീടുകള്‍ സൗജന്യമായി നിര്‍മിച്ചുനല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുപതു തരം പ്രതിമാസ പെന്‍ഷനുകളുടെ തുക അമ്പതു ശതമാനം വര്‍ധിപ്പിച്ചു. കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, വിധവകള്‍, അവിവാഹിതര്‍, ക്യാന്‍സര്‍ രോഗികള്‍, അഗതികള്‍, ഭിന്നശേഷിയുള്ളവര്‍ തുടങ്ങി 25 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. തീരദേശ വികസന അതോറിറ്റിയും, മലയോര വികസന അതോറിറ്റിയും രൂപീകരിച്ചു.
സര്‍ക്കാറിന്റെ റവന്യൂവരുമാനം കുറയുമെന്നറിഞ്ഞിട്ടും കേരളസമൂഹത്തെ മദ്യാസക്തിയെന്ന സാമൂഹികവിപത്തില്‍നിന്നും രക്ഷിക്കാന്‍ 730 ബാറുകള്‍ അടച്ചുപൂട്ടി. ബിവറേജസ് കോര്‍പറേഷന്റെ 10 ശതമാനം വിദേശമദ്യവില്‍പ്പനശാലകള്‍ ഓരോ വര്‍ഷവും അടച്ചുപൂട്ടുകയാണ്. കേരളം സമ്പൂര്‍ണ മദ്യനിരോധത്തിലേക്കു നീങ്ങുകയാണ്.
ഇടതുമുന്നണി സര്‍ക്കാര്‍ 2011ല്‍ പുറപ്പെടുവിച്ച ശമ്പളപരിഷ്‌കരണ ഉത്തരവ് നടപ്പാക്കിയത് യു ഡി എഫ് സര്‍ക്കാറാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശിക ഇല്ലാതെ കഴിഞ്ഞ അഞ്ച് വര്‍ഷവും കേന്ദ്രനിരക്കില്‍ ക്ഷാമബത്ത നല്‍കി. പത്താം ശമ്പളക്കമ്മീഷനെ കൃത്യസമയത്ത് നിയമിക്കുകയും, കമ്മീഷന്‍ സമര്‍പ്പിച്ച ശമ്പള പരിഷ്‌കരണം നടപ്പാക്കുകയും ചെയ്തു. തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം 2011-12 ലെ 2574 കോടി രൂപയില്‍നിന്നും 2016-17 ല്‍ ഇരട്ടിയിലധികം വര്‍ധിപ്പിച്ച് 5500 കോടിയാക്കി ഉയര്‍ത്തിയത് ഈ സര്‍ക്കാറാണ്.
കേരളത്തിന്റെ സുസ്ഥിര വികസനമാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. ഇതിനായി “”കേരള വികസന പരിപ്രേക്ഷ്യം 2030″” എന്ന വികസനപദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ക്രമസമാധാന പരിപാലനമെന്ന സര്‍ക്കാറിന്റെ ഉത്തരവാദിത്വം കാര്യക്ഷമമായും ഫലപ്രദമായും നടപ്പാക്കാന്‍ യു ഡി എഫ് സര്‍ക്കാറിനു കഴിഞ്ഞു. ഓപ്പറേഷന്‍ കുബേരയിലൂടെയും ഓപറേഷന്‍ സുരക്ഷയിലൂടെയും ബ്ലേഡ് മാഫിയയുടെ ചൂഷണത്തില്‍നിന്നും പാവപ്പെട്ടവരെ സംരക്ഷിച്ചു. ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയിലൂടെ ലഹരിയുടെ പിടിയില്‍ നിന്നും വിദ്യാര്‍ഥിസമൂഹത്തെ രക്ഷിക്കുന്നതിനു ഫലപ്രദമായ പ്രവര്‍ത്തനം നടത്തുവാന്‍ കഴിഞ്ഞു.
ഭരണഭാഷ മലയാളം മാത്രമാക്കിക്കൊണ്ട് നിയമം പാസാക്കി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ഭാഷ മലയാളമാക്കി. ഭാഷാപ്രേമികളുടെ സ്വപ്‌നമായിരുന്ന മലയാളം സര്‍വകലാശാല തിരൂരില്‍ തുടങ്ങി. ഈ നേട്ടങ്ങള്‍ക്ക് മകുടം ചാര്‍ത്തിക്കൊണ്ട് മലയാള ഭാഷക്ക് ശ്രേഷ്ഠ ഭാഷാപദവി നേടിയെടുക്കാന്‍ കഴിഞ്ഞു. യു ഡി എഫ് സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളും, അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള കര്‍മപരിപാടികളുമാണ് പ്രകടനപത്രികയിലൂടെ ജനസമക്ഷം സമര്‍പ്പിക്കുന്നത്.