Connect with us

Kerala

അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ പങ്ക് അന്വേഷിച്ച് കേസെടുക്കണമെന്ന് വി അബ്ദുറഹ്മാന്‍

Published

|

Last Updated

തിരൂര്‍: താനൂരിലുണ്ടായ അക്രമസംഭവങ്ങളില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എയുടെ പങ്ക് അന്വേഷിച്ച് ഗൂഢാലോചനാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് എല്‍.ഡി.എഫ് താനൂര്‍ മണ്ഡലം സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉണ്യാല്‍ സംഘര്‍ഷം മുതലുള്ള സംഭവങ്ങളില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് പങ്കുണ്ട്. സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖര്‍ സംഭവങ്ങള്‍ക്കുശേഷം എം.എല്‍.എയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്ന പരിപാടിയുടെ തൊട്ടുമുമ്പ് ഇടത് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടതും ഗൂഢാലോചനയുടെ ഭാഗമാണ്. സി.പി.എം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലമാക്കാനും അതുവഴി യു.ഡി.എഫ് അനുകൂല തരംഗം സൃഷ്ടിക്കാനുമുള്ള ഹീനതന്ത്രമാണ് പൊളിഞ്ഞത്. ലീഗ് നേതൃത്വത്തിലുള്ള അക്രമങ്ങള്‍ക്ക് പൊലീസ് ഒത്താശ ലഭിക്കുന്നുണ്ട്. താനൂര്‍ അക്രമത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യാത്തത് ഈ സംശയം ബലപ്പെടുത്തുന്നു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പൊലീസ് നിസ്സംഗ മനോഭാവമാണ് പുലര്‍ത്തുന്നത്.

താനൂരില്‍ എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരുടെ മുന്നിലാണ് അക്രമം അരങ്ങേറിയത്. പൊലീസ് നിസ്സംഗത വെടിഞ്ഞില്ലെങ്കില്‍ ശക്തമായ സമരമാരംഭിക്കുമെന്നും വി. അബ്ദുറഹ്മാന്‍ പറഞ്ഞു.

Latest