Connect with us

Gulf

എല്ലാം ശരിയാക്കാനും ഒരിക്കല്‍ കൂടി ഭരിക്കാനും പ്രവാസികള്‍ക്കുമുണ്ട് വാഗ്ദാനങ്ങള്‍

Published

|

Last Updated

മസ്‌കത്ത്:ഇരു മുന്നണികളുടെയും പ്രകടന പത്രികകളില്‍ എല്ലാം ശരിയാക്കാനും ഒരിക്കല്‍ കൂടി ഭരിക്കാനും പ്രവാസികള്‍ക്ക് നിരവധി വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്. പഴയത് പോലെയല്ലെ ഇത്തവണ. പ്രവാസികളെ പ്രകടന പത്രികയില്‍ കാര്യമായി പരിഗണിച്ചിട്ടുണ്ട് ഇരു മുന്നണികളും. യു ഡി എഫ് 11 വാഗ്ധാനങ്ങളില്‍ ഒതുക്കിയപ്പോള്‍ എല്‍ ഡി എഫ് 19 എണ്ണവുമായി വാഗ്ധാനങ്ങളില്‍ മുന്നിട്ടു നിന്നു.

വിദേശത്ത് ജോലിക്കു പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് ധനസഹായം നല്‍കും എന്ന വാഗ്ദാനത്തോടെയാണ് ഇടതു മുന്നണിയുടെ പ്രകടനപത്രികയിലെ പ്രവാസി പദ്ധതികള്‍ ആരംഭിക്കുന്നത്. പ്രവാസികളെക്കുറിച്ച് സമഗ്രമായ വിവരശേഖരണം നടത്തുമെന്ന് വാഗ്ദാനമുണ്ട്. കേരളീയ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് രോഗബാധിതരെയും അപകടം സംഭവിച്ചും ജോലി നഷ്ടപ്പെട്ടും പ്രയാസപ്പെടുന്നവരെയും സഹായിക്കാന്‍ പദ്ധതി രൂപപ്പെടുത്തും. മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ ഒരു ഉദ്യോഗസ്ഥന്റെ സേവനം ലഭ്യമാക്കും.
പ്രവാസികള്‍ക്ക് ഓഹരിനിക്ഷേപം നടത്താനായി കേരളവികസനനിധി രൂപവത്കരിക്കും. പ്രവാസി സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കും. വിദ്യഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിനു വേണ്ടി പ്രവാസികള്‍ നല്‍കുന്ന ഓരോ രൂപക്കും തുല്യമായതോ ആനുപാതികമായതോ ആയ തുക സര്‍ക്കാറില്‍ നിന്നു നല്‍കുന്ന സ്‌കീം ആവിഷ്‌കരിക്കും.
പ്രവാസി വാണിജ്യ, വ്യവസായ സംരഭകരുമായി സജീവബന്ധം പുലര്‍ത്തുന്നതിനായി കേരള പ്രവാസി വാണിജ്യ ചേംബറുകള്‍ക്കു രൂപം നല്‍കുമെന്ന പ്രഖ്യാപനവും വ്യത്യസ്തമായതാണ്. പ്രവാസി പ്രൊഫഷനലുകള്‍ക്കു വേണ്ടി സംഘടന രൂപവ്തകരിക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ഈ സംഘങ്ങളെ കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളുമായും വ്യവസായ സംരംഭങ്ങളുമായും ബന്ധപ്പെടുത്തുമെന്നും പറയുന്നു.
നോര്‍കയില്‍ വിദേശത്തു ജോലി ചെയ്യുന്നവരും തിരിച്ചു വരുന്നവരുമായ മലയാളികള്‍ക്കു വേണ്ടി പ്രത്യേകവിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. പ്രവാസിവകുപ്പിനുള്ള ബജറ്റ് വിഹിതം ഗണ്യമായി ഉയര്‍ത്തുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. മുന്‍ ഇടതു സര്‍ക്കാര്‍ ആരംഭിച്ച, ഇപ്പോള്‍ നിര്‍ജീവമായി കിടക്കുന്ന പലിശരഹിത ധനകാര്യസ്ഥാപനം പുനരുജ്ജീവിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യും എന്നതും എല്‍ ഡി എഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ്.
ഗള്‍ഫ് രാജ്യങ്ങളിലില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നോര്‍ക്ക വഴി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുമെന്നാണ് യു ഡി എഫിന്റെ പ്രധമ വാഗ്ധാനം. ഇതിന്നായി ബേങ്ക് വായ്പ, പ്രവര്‍ത്തന മൂലധനം എന്നിവ ഏര്‍പ്പെടുത്തും. രോഗങ്ങള്‍, അപകടങ്ങള്‍, ചികിത്സാ സൗകര്യങ്ങളുടെ കുറവ് തുടങ്ങിയ കാരണങ്ങളാല്‍ മടങ്ങി വരുന്ന മലയാളികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി രൂപീകരിക്കും.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തന്നെ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനി വഴി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ നടപ്പിലാക്കും. ഗള്‍ഫിലേക്ക് കുടിയേറുന്നവര്‍ക്കായി കുടിയേറ്റ വ്യവസ്ഥകള്‍, സേവന – വേതന വ്യവസ്ഥകള്‍ എന്നിവക്കായി പ്രവാസി നയം രൂപവത്കരിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ചു നടപടി സ്വീകരിക്കും. മടങ്ങിവന്ന ദാരിദ്ര്യ രേഖക്ക് താഴെയുള്ള പ്രവാസികള്‍ക്കായി പ്രത്യേക വായ്പാധന സഹായ പദ്ധതി ആവിഷ്‌കരിക്കും.
അപകടം, ശാരീരിക വൈകല്യം, കാന്‍സര്‍, സ്‌ട്രോക്ക്, ഹൃദയാഘാതം, വൃക്കരോഗം മുതലായ കാരണങ്ങളാല്‍ മടങ്ങുന്നവര്‍ക്ക് മാസം തോറും 1000 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുമെന്നും യു ഡി എഫ് വാഗ്ധാനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. മടങ്ങിവന്ന പ്രവാസികള്‍ക്ക് സഹകരണ സംഘങ്ങള്‍ ആരംഭിച്ചു ലേബര്‍ സപ്ലൈ സര്‍വീസ് തുടങ്ങുന്നതിന് ഗ്രാന്റ് നല്‍കും. പ്രവാസി കുടുംബങ്ങളിലെ വൃദ്ധര്‍ക്കും പ്രവാസികളായ വൃദ്ധര്‍ക്കും വേണ്ടി വൃദ്ധസദനങ്ങള്‍ ആരംഭിക്കാന്‍ ഗ്രാന്റ് നല്‍കും. പ്രവാസികള്‍ ആരംഭിക്കുന്ന ഉത്പാദന സംരംഭങ്ങള്‍, സര്‍വീസ് യുനിറ്റുകള്‍ എന്നിവക്ക് സഹായവും ഇളവുകളും. എയര്‍ കേരള എക്‌സ്പ്രസ് യു ഡി എഫ് പ്രകടന പത്രികയില്‍ വീണ്ടും ആവര്‍ത്തിക്കുന്നതും കാണാം.