Connect with us

Articles

കളിയും കാര്യവുമായി അവധിക്കാലം

Published

|

Last Updated

കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ദിനങ്ങളാണ് അവധിക്കാലം. സ്വാതന്ത്ര്യത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങള്‍. അവധിക്കാലം അടിച്ചുപൊളിച്ച് ആഹ്ലാദകരമാക്കുന്നതോടൊപ്പം ക്രിയാത്മകമായി ചെലവഴിക്കാനും സാധിക്കണം. നവോന്മേഷം കൈവരിച്ച് അടുത്ത അധ്യയനവര്‍ഷം നേട്ടങ്ങളുടേതാക്കി മാറ്റാന്‍ വേണ്ടിയുള്ളതാണ് അവധിക്കാലം. അതിനാല്‍ കളിയും ചിരിയും ചിന്തയും പഠനവുമെല്ലാം അവധിക്കാലത്തും ഉണ്ടാകണം.

കവി കുഞ്ഞുണ്ണി മാസ്റ്റര്‍ പറയുന്നു: “”കുട്ടികള്‍ക്ക് കളികള്‍ വളരെ പ്രധാനപ്പെട്ടതാണ്. ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ വളര്‍ച്ചക്ക് കളികള്‍ ആവശ്യമാണ്. അവര്‍ പുറത്ത് മണ്ണില്‍ കളിക്കണം. കുട്ടികള്‍ കളിച്ച് ചിരിച്ച് മണ്ണില്‍ നടക്കണം. മണ്ണില്‍ തൊടാതെ വളരുന്നതാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണം. അങ്ങനെയുള്ള കുട്ടികള്‍ക്ക് പലതിനോടും അലര്‍ജിയാണ്. കഞ്ഞിയോടും ചോറിനോടും അലര്‍ജി””. മണ്ണിനോടും മനുഷ്യരോടും കുട്ടികള്‍ ഇണങ്ങണം. അവര്‍ പ്രകൃതിയെ സ്‌നേഹിക്കണം. പരിസ്ഥിതിയുടെ കൂട്ടുകാരാകണം. മനുഷ്യന്റെ ചങ്ങാതിയാകണം എന്നാണ് കുഞ്ഞുണ്ണി മാസ്റ്റര്‍ പറഞ്ഞുവെക്കുന്നത്.
അവധിക്കാലം വന്നതോടെ സമ്മര്‍ കോച്ചിംഗ് ക്യാമ്പുകള്‍ എങ്ങും സജീവമായിട്ടുണ്ട്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഏതെങ്കിലുമൊരു ക്യാമ്പില്‍ പങ്കെടുക്കുന്നത് നന്നായിരിക്കും.
18 വയസ്സ് ആയവര്‍ക്ക് ടൂ വീലര്‍, ഫോര്‍ വീലര്‍ ഡ്രൈവിംഗും അവധിക്കാലത്ത് പരിശീലിക്കാം. നേരത്തെ ഡ്രൈവിംഗ് പഠിക്കുന്നതും ടെസ്റ്റ് പാസാകുന്നതുമാണ് കൂടുതല്‍ നല്ലത്. വൈകുന്തോറും പഠിക്കാന്‍ വിരസതയും മടുപ്പും ധൈര്യക്കുറവും തോന്നാനിടയുണ്ട്.
ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് ദിവസവും ഒന്നര മണിക്കൂര്‍ മാറ്റിവെച്ച് അവധിക്കാലത്ത് പഠിക്കുന്നത് അടുത്ത വര്‍ഷം പരീക്ഷാ വിജയത്തിന് സഹായിക്കും. ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, മലയാളം ഇവ ബുദ്ധിമുട്ടുള്ളവര്‍ അവ പഠിക്കുന്നതിന് സമയം നീക്കിവെക്കുക. മാതൃഭാഷ മലയാളം പഠിച്ചവര്‍ക്കേ ഇനി കേരളത്തില്‍ സര്‍ക്കാര്‍ ജോലി ലഭിക്കൂ. മലയാളിയായിട്ടും മലയാളം അറിയില്ലെന്നു പറയുന്നത് കുറച്ചിലാണ്. മലയാളമറിയാത്തവര്‍ മലയാളം നിര്‍ബന്ധമായും എഴുതാനും വായിക്കാനും പഠിക്കുക, ക്രിയാത്മകമായി അവധിക്കാലം പ്രയോജനപ്പെടുത്തുന്നത് ഇപ്രകാരമാണ്.
അവധിക്കാലത്ത് ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഉചിതമായിരിക്കും. വ്യക്തിത്വ വികസന ത്തിനും കുടുംബബന്ധങ്ങള്‍ ഊഷ്മളവും ശക്തവും ആക്കുന്നതിന് സന്ദര്‍ശനങ്ങള്‍ ഉപകരിക്കും. പണ്ട് ബന്ധുവീടുകള്‍ കുട്ടികള്‍ക്ക് ഏറെ താത്പര്യമുള്ളിടമായിരുന്നു. അവധിക്കാലം മുഴുവന്‍ കുട്ടികള്‍ ബന്ധുവീടുകളില്‍ മാറി മാറിനിന്നിരുന്നു. ഇന്ന് കുട്ടികളുടെ ലോകം ചുരുങ്ങി. കുട്ടികള്‍ സ്വന്തം ബന്ധുക്കളെപ്പോലും തിരിച്ചറിയാതെയായി. ആ കുറവ് ഈ അവധിക്കാലത്ത് പരിഹരിക്കണം.
ബന്ധുവീടുകള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമാണെങ്കില്‍ മാത്രമേ അവരെ അവിടെ നിറുത്താവൂ. സ്വന്തം കുടുംബം പോലും സുരക്ഷിതമല്ലാത്ത കാലത്ത് ബന്ധുവീടുകള്‍ സുരക്ഷിതമാണെന്ന് ധരിക്കരുത്. കൊച്ചുകുട്ടികളെ പോലും ലൈംഗികമായി പീഡിപ്പിക്കുന്ന ഞരമ്പ് രോഗികള്‍ ഇന്ന് ധാരാളമുണ്ട്. കരുതലും നിതാന്ത ജാഗ്രതയും എപ്പോഴും ഉണ്ടാകണം. അവധിക്കാലം സൗഹൃദസന്ദര്‍ശനങ്ങള്‍ക്ക് ഉപയോഗിക്കാം. വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാനും സാമൂഹിക ബോധം വളര്‍ത്താനും സ്വന്തം കഴിവും കഴിവുകേടും തിരിച്ചറിയുവാനും ഇത്തരം സന്ദര്‍ശനങ്ങള്‍ സഹായിക്കും. “”മറ്റുള്ളവരുമായി നാം എത്രമാത്രം ബന്ധപ്പെടുന്നുവോ അത്രയും നാം മാന്യരാകും”” എന്നാണ് പ്രമാണം. കുട്ടികളെ നമുക്ക് മാന്യരാക്കാം. സര്‍വ മനുഷ്യരോടും ആദരവോടും ബഹുമാനത്തോടും കൂടി ഇടപെടാന്‍ അവരെ പഠിപ്പിക്കുക, കാരണം സര്‍വമനുഷ്യരും ആദരണീയരും ബഹുമാനിതരുമാണ്.
വായനാശീലം കുട്ടികളില്‍ വളര്‍ത്താനും അവധിക്കാലത്ത് ശ്രമിക്കണം. കുട്ടികള്‍ക്ക് താത്പര്യമുള്ള ഗ്രന്ഥങ്ങള്‍ വാങ്ങിക്കൊടുക്കുന്നത് നന്നായിരിക്കും. ദിനപ്പത്രം മുടങ്ങാതെ വായിക്കാനും അവസരങ്ങള്‍ സൃഷ്ടിക്കണം. ബാല-കൗമാരങ്ങള്‍ ലഹരിയുടെ പിടിയിലമരുന്ന കാലഘട്ടമാണിത്. സംഘം ചേര്‍ന്ന് മദ്യപിക്കാനും മോശം കൂട്ടുകെട്ടുകള്‍ കൂടാനും അവസരം നല്‍കാതിരിക്കുക. ആഘോഷങ്ങളും ഉത്സവങ്ങളും വിനോദയാത്രകളും ലഹരി രഹിതമാകണമെന്ന് നിര്‍ദേശിക്കുക. മാതാപിതാക്കള്‍ മാതൃക കാട്ടുക.
ആയാസരഹിതമായും അഹ്ലാദപൂര്‍ണമായും കുട്ടികള്‍ അവധിക്കാലം കഴിച്ചുകൂട്ടട്ടെ. പൂത്തുമ്പികളെപ്പോലെ പാറിനടക്കാന്‍, കുസൃതികാട്ടി രസിക്കാന്‍, ഉല്ലാസത്തോടെ ചുറ്റിക്കറങ്ങാന്‍ ഒക്കെ കുട്ടികള്‍ക്ക് മോഹമുണ്ടാകും. അനുവദിക്കാവുന്നിടത്തോളം ആസ്വദിക്കാന്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് അവസരം നല്‍കുക. അവധിക്കാലം കുട്ടികളോടൊപ്പം ചെലവഴിക്കാനും ഒരു ചെറിയ വിനോദയാത്രക്കും മാതാപിതാക്കളും തയ്യാറാവുക. ജീവിത സംഘര്‍ഷത്തിന് ഒരയവ് സംഭവിക്കട്ടെ.

Latest