Connect with us

Kerala

എം എല്‍ എ ഹോസ്റ്റലില്‍ നവീകരണം തകൃതി; സാമാജികര്‍ക്കായി വാസസ്ഥലം ഒരുങ്ങുന്നു

Published

|

Last Updated

തിരുവനന്തപുരം:പുതിയ എം എല്‍ എമാരെ വരവേല്‍ക്കാന്‍ എം എല്‍ എ ഹോസ്റ്റല്‍ ഒരുങ്ങുന്നു. വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനും സമയമുണ്ടെങ്കിലും പുതിയ സാമാജികര്‍ക്കായി ഹോസ്റ്റല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പെയിന്റടിച്ച് മിനുക്കുന്ന പണിയാണ് ഇപ്പോള്‍ തുടങ്ങിയത്.

പഴയ ബ്ലോക്കായ നിള ഉള്‍പ്പെടെ അഞ്ച് ബ്ലോക്കുകളിലായി 152 മുറികളാണ് ഇവിടെയുള്ളത.് അതില്‍ 117 മുറികള്‍ നിലവിലെ എം എല്‍ എമാര്‍ക്കും 30 മുറികള്‍ മുന്‍ എം എല്‍ എമാര്‍ക്കുമാണ.് തിരഞ്ഞെടുപ്പ് ഫലം വന്ന് സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ പുതിയ എം എല്‍ എമാര്‍ക്ക് തങ്ങളുടെ മുറികളിലെത്താം. അവിടെ അവര്‍ക്കായി എല്ലാ സജ്ജീകരണങ്ങളും അപ്പോഴേക്കും തയ്യാറായിരിക്കും. വീണ്ടും ജയിച്ചുവരുന്ന എം എല്‍ എയാണെങ്കില്‍ പഴയമുറി തന്നെ ഉപയോഗിക്കാറുണ്ട്. പുതുതായി വരുന്നവര്‍ക്ക് പുതിയ ബെഡും ബെഡ്ഷീറ്റും തലയണയും കവറുമൊക്കെ നല്‍കും. മുറിയിലെ കര്‍ട്ടന്‍ മാത്രം എം എല്‍ എമാരുടെ താത്പര്യം പരിഗണിച്ചേ സ്ഥാപിക്കൂ.
ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചുള്ള കര്‍ട്ടന്‍ ലഭ്യമാക്കും. മറ്റെല്ലാം ഹോസ്റ്റലിലുള്ളത് ഉപയോഗിക്കണം. പഴയസാധനങ്ങളില്‍ ഭൂരിഭാഗവും മുന്‍ എം എല്‍ എമാര്‍ക്കായി നീക്കിവെച്ചിരിക്കുന്ന മുറികളിലേക്ക് കൊണ്ടുപോകും.

ബാക്കി വരുന്നവ നിയമസഭയിലെ മറ്റുവിഭാഗങ്ങളിലേക്ക് ഉപയോഗത്തിനെടുക്കും. പ്രതിദിനം 10രൂപ വാടകക്ക് തുടര്‍ച്ചയായി അഞ്ച് ദിവസവും മാസത്തില്‍ 10ദിവസവുമാണ് മുന്‍ എം എല്‍ എമാര്‍ക്ക് മുറിവാടകക്ക് ലഭിക്കുക. ഇടക്ക് വിവാദം വന്നതോടെയാണ് ഈ നിയമം കര്‍ശനമാക്കിയത.് അതില്‍ കൂടുതല്‍ വേണമെങ്കില്‍ സ്പീക്കറുടെ കത്തുമായി വരണം. കേടുവന്ന സാധനങ്ങള്‍ ലേലത്തില്‍ കൊടുക്കാറാണ് പതിവ്. എം എല്‍ എമാരുടെ സാധനങ്ങള്‍ കാലാവധി കഴിയുന്ന മുറക്ക് അവര്‍ തന്നെ മടക്കിക്കൊണ്ടുപോകും. മേശയും കസേരകളും കമ്പ്യൂട്ടറും ആണ് ഒരുമുറിയിലേക്ക് നല്‍കുക.

അതില്‍ കൂടുതല്‍ എന്തെങ്കിലും സൗകര്യങ്ങള്‍ വേണമെങ്കില്‍ സ്പീക്കറുടെപ്രത്യേക അനുമതി വാങ്ങണം. ഫഌറ്റായതോടെ രണ്ട് മുറികളും ഹാളും കിച്ചണും ഡൈനിംഗ് ഹാളും അടങ്ങിയ വിശാലമായ ഇടങ്ങളാണ് എം എല്‍ എമാര്‍ക്ക് ലഭിക്കുന്നത്. കുടുംബത്തോടൊപ്പം ഇവിടെ കഴിയാന്‍ സൗകര്യമുണ്ട്. അടുക്കളയുണ്ടെങ്കിലും അവിടേക്ക് മറ്റുസൗകര്യങ്ങള്‍ ഒന്നും നല്‍കില്ല. അത് സ്വന്തമായി തന്നെ ഒരുക്കണം. സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും ഔദ്യോഗിക വസതികള്‍ക്ക് മാത്രമേ അടുക്കളയില്‍ സാധനങ്ങള്‍ നല്‍കൂ.

തിരഞ്ഞെടുപ്പ് തിരക്കുകള്‍ ആരംഭിച്ചതോടെ എം എല്‍ എമാരെ കാണാനും ശിപാര്‍ശക്കുമായി വരുന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരുന്ന ഹോസ്റ്റല്‍ ആളൊഴിഞ്ഞ അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ബുദ്ധിമുട്ടില്ല. നിയമസഭാ സാമാജികര്‍ ഔദ്യോഗിക വസതികള്‍ ഒഴിഞ്ഞ് സ്വന്തം വസതികളിലും പാര്‍ട്ടി ഓഫീസുകളിലും താമസമാരംഭിച്ചതോടെയാണ് മുറികള്‍ ഒഴിഞ്ഞുകിടക്കുന്നത്. കിട്ടിയ സീറ്റില്‍ ജയിച്ചു കയറി പഴയമുറിയില്‍ വീണ്ടുമെത്താനുള്ള ശ്രമത്തിലാണ് പലരും.

Latest