Connect with us

Kerala

കൊച്ചി മെട്രോ നവംബറില്‍ ഓടിക്കുക ദുഷ്‌കരമെന്ന് ഫ്രഞ്ച് സംഘം

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോ നവംബറിലും ഓടിത്തുടങ്ങില്ലെന്ന് ഫ്രഞ്ച് സംഘം. നിലവിലെ നിര്‍മാണ പുരോഗതി വെച്ച് മുന്‍ നിഷ്‌കര്‍ഷിച്ച പ്രകാരം മെട്രോ ഓടിക്കുക തികച്ചും ദുഷ്‌കരമാണെന്ന് ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എ എഫ് ഡിയുടെ സംഘത്തലവന്‍ നിക്കോളാസ് ഫൊറൈന്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സംഘം.

മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ വാണിജ്യടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു കെ എം ആര്‍ എലും സംസ്ഥാന സര്‍ക്കാറും പറഞ്ഞിരുന്നത്. ഇതിന് ആവശ്യമായ എല്ലാ അനുമതികളും നേടി നേരത്തെ ലക്ഷ്യമിട്ട ദിവസം തന്നെ വാണിജ്യ സര്‍വീസ് ആരംഭിക്കുന്നത് വിഷമകരമാണ്. മെട്രോയുടെ നിര്‍മാണത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ നേരത്തെ ലക്ഷ്യമിട്ടതിലും കുറഞ്ഞ പണ ചെലവില്‍ നടത്താന്‍ കെ എം ആര്‍ എല്ലിന് കഴിയുന്നുണ്ടെന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയപ്പോള്‍ മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണ ചെലവ് പരമാവധി കുറച്ച് മിച്ചം പണം ഉണ്ടാക്കുകയും അത് പദ്ധതിയുടെ പ്രവര്‍ത്തനത്തില്‍ പ്രയോജനപ്പെടുത്താനും സാധിച്ചു. നഗര വികസനത്തിനും മെട്രോ നിര്‍മാണത്തനും ഫ്രഞ്ച് വൈദഗ്ധ്യം പങ്കുവെക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ജൂലൈ അവസാനം എഎഫ് ഡി സംഘത്തിന്റെ അടുത്ത സന്ദര്‍ശനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാണം പുരോഗമിക്കുന്നുണ്ടെങ്കിലും നിര്‍ദിഷ്ട ലക്ഷ്യം യാഥാര്‍ഥ്യമാക്കുക വലിയ വെല്ലുവിളിയാണെന്ന് കൊച്ചി മെട്രോ എംഡി ഏലിയാസ് ജോര്‍ജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. മെട്രോക്ക് പുറമെ നഗരത്തിലെ പൊതുഗതാഗതത്തിലും കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങളിലും ഭാവി സഹകരണം സംബന്ധിച്ച് രണ്ട് ദിവസങ്ങളായി നടന്ന ചര്‍ച്ചകളില്‍ പല സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങള്‍ വിശദമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് സാമ്പത്തിക സഹായം നല്‍കുന്ന ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എ എഫ് ഡി മുന്നംഗ സംഘമാണ് പദ്ധതി വിലയിരുത്തലിനും ചര്‍ച്ചകള്‍ക്കുമായി ബുധനാഴ്ച കൊച്ചിയില്‍ എത്തിയത്. എ എഫ് ഡിയുടെ ദക്ഷിണ ഏഷ്യാ റീജ്യനല്‍ ഡയറക്ടര്‍ നിക്കോളാസ് ഫൊറൈനെ കൂടാതെ പ്രോജക്ട് ഓഫീസര്‍ ഷീക് ദിയ, ഡല്‍ഹിയിലെ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ജൂലിയറ്റ് ലെ പന്നെയര്‍ എന്നിവരും കെ എം ആര്‍ എല്‍ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest