Connect with us

Gulf

ഫിഫ പ്രസിഡന്റ് ഖത്വറില്‍; സ്റ്റേഡിയം നിര്‍മാണം സന്ദര്‍ശിച്ചു

Published

|

Last Updated

ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫന്റിനോ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം സന്ദര്‍ശിക്കുന്നു

ദോഹ: ലോക ഫുട്‌ബോള്‍ നിയന്ത്രണ സംഘടനയായ ഫിഫയുടെ പുതിയ പ്രസിഡന്റ് ഗിയാനി ഇന്‍ഫന്റിനോ ഖത്വറിലെത്തി. 2022ലെ ലോകകപ്പിനു വേണ്ടി രാജ്യത്തു നിര്‍മാണം നടക്കുന്ന സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ച് അദ്ദേഹം പുരോഗതി വിലയിരുത്തി.
സെപ് ബ്ലാറ്ററിന് പകരം ഫെബ്രുവരിയില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2018ലെ ലോകകപ്പ് നടക്കുന്ന റഷ്യയിലെ സന്ദര്‍ശനത്തിനു ശേഷമാണ് ഇന്നലെ ഉച്ചക്കുശേഷം ഖത്വറിലെത്തിയത്. നിര്‍മാണം പുരോഗമിക്കുന്ന ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയമാണ് അദ്ദേഹം സന്ദര്‍ശിച്ചത്. 2022 ലോക കപ്പിന്റെ സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി ഉള്‍പ്പടെയുള്ളവരുമായി ഇന്‍ഫന്റിനോ കൂടിക്കാഴ്ച നടത്തി. സ്‌റ്റേഡിയം നിര്‍മാണത്തിന്റെ ഭാഗമായ തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
ഖത്വര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആസ്ഥാനം സന്ദര്‍ശിച്ച ഫിഫ പ്രസിഡന്റ് ക്യു എഫ് എ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍ താനിയുമായി ചര്‍ച്ച നടത്തി. 2022 ലോകകപ്പ് ശൈത്യകാലത്തു നടത്താന്‍ തീരുമാനിച്ചത് ലോകഫുട് ബോളില്‍ കാര്യമായ പ്രശ്‌നങ്ങള്‍ക്കിടയിക്കില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നേരത്തേ വ്യക്തമാക്കിയിരുന്നു.
സാധാരണ വേനലിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതെങ്കിലും ഖത്വറിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ശൈത്യകാലത്തേക്ക് മാറ്റിയിരുന്നു. യൂറോപ്യന്‍ ടൂര്‍ണമെന്റുകളെ ബാധിക്കുമെന്ന് ഇതിനെതിരേ വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും ഫിഫ പ്രസിഡന്റിന് അനുകൂല നിലപാടാണെന്നതിനാല്‍ മാറ്റത്തിന് സാധ്യതയില്ല.