Connect with us

Ongoing News

വിജ്ഞാപനമിറങ്ങി; 29 പേര്‍ പത്രിക നല്‍കി

Published

|

Last Updated

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് യു ഡി എഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങി. ഗവര്‍ണര്‍ക്ക് വേണ്ടി ചീഫ് സെക്രട്ടറിയും തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമാണ് ഇന്നലെ വിജ്ഞാപനം ഇറക്കിയത്. ഇതിനുശേഷം വരണാധികാരികള്‍ ഫോറം നമ്പര്‍ ഒന്നില്‍ തിരഞ്ഞെടുപ്പ് നോട്ടീസ് പ്രസിദ്ധീകരിച്ചതോടെ പത്രികാ സമര്‍പ്പണത്തിനുള്ള ക്രമീകരണമായി. ആദ്യദിനം സംസ്ഥാനത്തൊട്ടാകെ 29 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചത് തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ്. ഏഴ് വീതം പത്രികകളാണ് ഇവിടങ്ങളില്‍ നിന്ന് ലഭിച്ചത്. പ്രമുഖ സ്ഥാനാര്‍ഥികളില്‍ ചിലര്‍ ആദ്യദിനം തന്നെ പത്രിക സമര്‍പ്പിക്കാനെത്തി. യു ഡി എഫ് സ്ഥാനാര്‍ഥികളായ എന്‍ ശക്തന്‍, കെ മുരളീധരന്‍, എല്‍ ഡി എഫ് സ്ഥാനാര്‍ഥി

കഴക്കൂട്ടത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍ പത്രിക  സമര്‍പ്പിക്കുന്നു.

കഴക്കൂട്ടത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍ പത്രിക
സമര്‍പ്പിക്കുന്നു.

കടകംപള്ളി സുരേന്ദ്രന്‍, ബി ജെപി സ്ഥാനാര്‍ഥികളായ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, സോഷ്യലിസ്റ്റ് യൂനിറ്റി സെന്റര്‍ സ്ഥാനാര്‍ഥികളായ എസ് മിനി, ഗോപകുമാര്‍ എന്നിവരാണ് തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, കഴക്കൂട്ടം മണ്ഡലങ്ങളില്‍ നിന്നായി ജില്ലയില്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചവര്‍. കുടപ്പനക്കുന്നില്‍ നിന്ന് കാല്‍നടയായി കലക്ടറേറ്റിലെത്തിയാണ് കുമ്മനം പത്രിക സമര്‍പ്പിച്ചത്.
എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ആരും പത്രിക നല്‍കിയില്ല. കൊല്ലം- മൂന്ന്, പത്തനംതിട്ട- ഒന്ന്, ആലപ്പുഴ- രണ്ട്, തൃശൂര്‍- രണ്ട്, പാലക്കാട്- രണ്ട്, കോഴിക്കോട്- ഒന്ന്, കാസര്‍കോട്- നാല് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ഇന്ന് ബേങ്ക് അവധിയായതിനാല്‍ നാമനിര്‍ദേശ പത്രിക സ്വീകരിക്കില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. കൊല്ലത്ത് യു ഡി എഫ് സ്ഥാനാര്‍ഥികളായ എം എം ഹസന്‍ (ചടയമംഗലം) ശൂരനാട് രാജശേഖരന്‍ (ചാത്തന്നൂര്‍), രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കുണ്ടറ) എന്നിവര്‍ പത്രിക നല്‍കി. എല്‍ ഡി എഫ് സ്ഥാനാര്‍ഥികളില്‍ മഞ്ചേശ്വരത്ത് സി എച്ച് കുഞ്ഞമ്പുവും തൃക്കരിപ്പൂരില്‍ എം രാജഗോപാലും പത്രിക നല്‍കി.
സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനമുള്ളത്. സ്വത്ത് വിവരം, ക്രിമിനല്‍ പശ്ചാത്തലം എന്നിവ സംബന്ധിച്ച സത്യവാങ്മൂലത്തിന് പുറമെ സര്‍ക്കാര്‍ താമസ സംവിധാനം ഉപയോഗം സംബന്ധിച്ച പ്രത്യേക സത്യവാങ്മൂലവും ഇത്തവണ വരണാധികാരിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. രണ്ട് സത്യവാങ്മൂലവും നൂറ് രൂപയുടെ മുദ്രപ്പത്രത്തില്‍ നോട്ടറി അനുമതിയോടെ വേണം സമര്‍പ്പിക്കേണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 47 മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരെ പൊതുനിരീക്ഷകരായി നിയമിച്ചു. ഈ മാസം 29 മുതല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന മെയ് 19 വരെ ഇവര്‍ മണ്ഡലങ്ങളില്‍ ക്യാമ്പ് ചെയ്യും. തിരഞ്ഞെടുപ്പ് നടത്തിപ്പ് സുഗമമാക്കല്‍, മാതൃകാ പെരുമാറ്റച്ചട്ട നിര്‍വഹണം എന്നിവയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് നിരീക്ഷകര്‍ ഉറപ്പുവരുത്തും. 29ന് മൂന്ന് വരെയാണ് പത്രിക നല്‍കാനുള്ള സമയം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക. സൂക്ഷ്മ പരിശോധന മുപ്പതിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് രണ്ടാണ്.

---- facebook comment plugin here -----

Latest