Connect with us

Kerala

വരള്‍ച്ച: സംസ്ഥാനത്ത് 27 കോടിയുടെ കൃഷിനാശം

Published

|

Last Updated

പാലക്കാട്: കൊടുംവരള്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ ഉണ്ടായത് 27 കോടി രൂപയുടെ കൃഷിനാശം. നാണ്യവിളകളടക്കം വന്‍തോതിലാണ് കാര്‍ഷിക വിളകള്‍ ഉണങ്ങി നശിക്കുന്നത്. പാല്‍ ഉത്പാദനത്തിലും വന്‍ കുറവ് രേഖപ്പെടുത്തി. പച്ചക്കറിക്കൃഷി നാശംകൂടി കണക്കാക്കിയാല്‍ നാശനഷ്ടം നാല്‍പ്പത് കോടി കവിയുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
മൃഗസംരക്ഷണ മേഖലയിലെ നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ. കൃഷിനാശത്തില്‍ 22 കോടി രൂപയും നെല്‍കൃഷി മേഖലയിലാണ്. പാലക്കാട് ജില്ലയിലാണ് കൂടുതല്‍ നാശം- 413 ഹെക്ടര്‍. ആലപ്പുഴയില്‍ 140 ഹെക്ടറും വയനാട്ടില്‍ 66 ഹെക്ടര്‍ വിളകളും ഉണങ്ങി നശിച്ചു. കതിര്‍ പാകമാകാന്‍ ആവശ്യമായ വെള്ളമില്ലാതെയാണ് ഭൂരിഭാഗവും നശിച്ചത്. ചിറ്റൂര്‍ ഭാഗത്ത് 120 കുഴല്‍ക്കിണറുകളിലെ വെള്ളം വറ്റിയതിനാല്‍ അത്യാവശ്യ നനപോലും നടക്കുന്നില്ല.
കുടിവെള്ള ക്ഷാമവും രൂക്ഷമായതോടെ കൃഷിക്ക് വെള്ളം കണ്ടെത്താന്‍ കഴിയുന്നില്ല. പാടങ്ങള്‍ ഉഴുതെങ്കിലും വിഷുവിന് വിത്തിറക്കാന്‍ കഴിയാത്തത് വരും ദിവസങ്ങളില്‍ മേഖലയില്‍ കാര്യമായ പ്രതിസന്ധിയുണ്ടാകും. വിത്തിറക്കല്‍ വൈകുന്നത് ഉത്പാദനത്തെ സാരമായി ബാധിക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക.
പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളിലായി 250 ഹെക്ടര്‍ വാഴക്കൃഷിയും ഉണങ്ങി നശിച്ചു. വയനാട്, ഇടുക്കി ജില്ലകളില്‍ അമ്പത് ഹെക്ടര്‍ കുരുമുളക് കൃഷിയാണ് നശിച്ചത്. വിവിധ രോഗങ്ങളാല്‍ കുരുമുളക് കൃഷി പ്രതിസന്ധിയിലായിരിക്കേയാണ് രൂക്ഷമായ വരള്‍ച്ച.
കഴിഞ്ഞ വരള്‍ച്ചയുടെ കെടുതിയില്‍ നിന്ന് കരകയറിയ തെങ്ങുകൃഷിയില്‍ ഈ വര്‍ഷം മികച്ച വിളവാണുണ്ടായത്. ഇപ്പോഴത്തെ വരള്‍ച്ച തെങ്ങിനെ എത്രത്തോളം ബാധിച്ചുവെന്നത് അടുത്തവര്‍ഷമേ അറിയാനാകൂ. കൃഷിനാശത്തെക്കുറിച്ചു ദിനംപ്രതി റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷി ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി വകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍ പറഞ്ഞു. മനുഷ്യസാധ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അടിയന്തര നഷ്ടപരിഹാരം, ഇന്‍ഷ്വറന്‍സ് എന്നിവയുള്‍പ്പെടെ കര്‍ഷകര്‍ക്കു വേഗത്തില്‍ സഹായധനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും കൃഷി ഓഫീസുകള്‍ മുഖേന ആരംഭിച്ചിട്ടുണ്ട്. വരള്‍ച്ചയുടെ കാഠിന്യം കേന്ദ്ര സര്‍ക്കാറിനെ തുടര്‍ച്ചയായി അറിയിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ വരള്‍ച്ചാ സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടില്ല.

Latest