Connect with us

Kerala

കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം 25ന്‌

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് തിങ്കളാഴ്ച സര്‍വകലാശാല വൈസ് ചാന്‍സലറും കേരളത്തിന്റെ അഭിമാനമായ കായിക താരങ്ങളും ചേര്‍ന്ന് മലബാറിന് സമര്‍പ്പിക്കും.
പത്മശ്രീ പി ടി ഉഷ, അഞ്ജു ബോബി ജോര്‍ജ്, ടിന്റ്വു ലൂക്ക, എം ഡി വത്സമ്മ, സി വി പാപ്പച്ചന്‍, ഡോ. മുഹമ്മദ് ബശീര്‍, ജോസ് ജോര്‍ജ്, സെറില്‍ സി വള്ളൂര്‍, ഒ എന്‍ നമ്പ്യാര്‍, റോബര്‍ട്ട് ബോബി ജോര്‍ജ്, ഒളിമ്പ്യന്മാരായ രാമചന്ദ്രന്‍, ഇര്‍ഫാന്‍, ലിജോ ഡേവിഡ് തോട്ടാന്‍, ലിജു, സേതുമാധവന്‍, മുന്‍ കോച്ചുമാരായ ഉസ്മാന്‍കോയ, എസ് എസ് കൈമകള്‍, എസ് മുരളീധരന്‍, കെ എന്‍ കെ നായര്‍, ഡോ. വിക്ടര്‍ മഞ്ഞില, ശറഫലി തുടങ്ങിയ പ്രമുഖ കായിക താരനിരയാണ് ഉദ്ഘാടനത്തിനെത്തുകയെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബശീര്‍, കായിക പഠനവിഭാഗം മേധാവി ഡോ. വി പി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ അറിയിച്ചു.
കായിക സര്‍വകലാശാല എന്ന പ്രശസ്തി കാലിക്കറ്റ് സര്‍വകലാശാലക്ക് നേടിക്കൊടുത്ത മുഴുവന്‍ താരങ്ങളെയും പരിപാടിയില്‍ പങ്കെടുപ്പിക്കാനുള്ള അവസാന വട്ട തിരക്കിലാണ് സര്‍വകലാശാല അധികൃതര്‍.
കേന്ദ്ര കായിക- യുജന ക്ഷേമ മന്ത്രാലയത്തിന്റെ സഹായത്തോടെ അഞ്ചര കോടി രൂപ ചെലവിലാണ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. ക്യാമ്പസിന് സമീപ പ്രദേശങ്ങളിലെ സ്‌കൂള്‍, കോളജുകള്‍ എന്നിവിടങ്ങളിലെ കായിക പ്രതിഭകള്‍ക്ക് ബന്ധപ്പെട്ട സ്ഥാപന മേലധികാരിയുടെ ശിപാര്‍ശയോടെ സിന്തറ്റിക് ട്രാക്കില്‍ പരിശീലനം നടത്താന്‍ അവസരം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സര്‍വകലാശാല മുന്നോട്ടുപോകുന്നത്.

Latest