Connect with us

Ongoing News

ഇനി സ്ഥാനാര്‍ഥികള്‍ ആരെ കണ്ടാലും ചിരിക്കും

Published

|

Last Updated

ആലപ്പുഴ: തിരെഞ്ഞെടുപ്പ് ആകുമ്പോള്‍ സ്ഥാനാര്‍ഥികളെ ആരും ചിരിക്കാന്‍ പഠിപ്പിക്കേണ്ട കാര്യമില്ല. അറിയാവുന്നവര്‍, യാതൊരു പരിചയമില്ലാത്തവര്‍, ഇത് വരെ കണ്ടിട്ടില്ലാത്തവര്‍ എന്ന് വേണ്ട ആരെ കണ്ടാലും സ്ഥാനാര്‍ഥികള്‍ ചിരിക്കും. ചിരിക്കുക മാത്രമല്ല അതി വിനയവും കുനിഞ്ഞ് അനുഗ്രഹം വാങ്ങുകയും ചെയ്യും. എന്നാല്‍ അണികള്‍കളില്‍ പലര്‍ക്കും ഇത് വേണ്ടത്ര അറിവില്ലെന്ന് കെ പി സി സി നേതൃത്വത്തിന് അടുത്ത നാളിലാണ് മനസ്സിലായത്.അതിനാല്‍ ബ്ലോക്ക് തലങ്ങളില്‍ പ്രദേശിക നേതാക്കള്‍ക്ക് പ്രത്യേക ക്ലാസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കെ പി സി സി. ക്ലാസുകള്‍ എടുക്കുന്നത് കോണ്‍ഗ്രസ് നേതാക്കളല്ല. മറിച്ച് ജെ സി ഐ പോലുള്ള അന്തര്‍ദേശിയ സംഘടനകളുടെ പ്രത്യേക പരിശീലകരാണ്. വോട്ട് ചോദിച്ച് ഒരോ ഭവനങ്ങളിലും ചെല്ലുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ മുതല്‍ പെരുമാറേണ്ട രീതി വരെ ക്ലാസുകളിലൂടെ പഠിപ്പിക്കും. പലപ്പോഴും വോട്ട് ചോദിച്ച് എത്തുന്നവരുടെ പെരുമാറ്റം മൂലം വോട്ടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം മുന്‍ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും അത് മാറ്റാന്‍ ഇത്തരം ക്ലസുകളിലൂടെ കഴിയുമെന്ന വിശ്വാസത്തിലാണ് നേതൃത്വം.
പല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളും ഇത്തരം പഠനക്ലാസുകള്‍ നടത്തി കഴിഞ്ഞു. സി പി എം ചിരിയുടെ പ്രാധാന്യം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ മനസ്സിലാക്കിയിരുന്നു.ചില സ്ഥാനാര്‍ഥികള്‍ തോല്‍ക്കാന്‍ കാരണം ജനങ്ങളുമായി ബന്ധമില്ലാഞ്ഞതിനാലാണെന്നും കണ്ടാല്‍ ചിരിക്കാത്തത് തോല്‍വിക്ക് കാരണമായെന്നും സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച വന്നിരുന്നു. നേതാക്കള്‍ അടക്കമുള്ളവര്‍ മസ്സില്‍ പിടിച്ച് നടക്കാതെ സാധാരണക്കാരുമായി സൗഹൃദം പുലര്‍ത്തുകയും ഇടപെടലുകള്‍ ഉണ്ടാകണമെന്നും താഴേ തട്ടില്‍ വരെ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിജയം കാണുകയും ചെയ്തു.