Connect with us

Kozhikode

പുതുപ്പാടി മേഖലയില്‍ പുഴകള്‍ കുഴിച്ചുള്ള മണല്‍വാരല്‍ സജീവം

Published

|

Last Updated

താമരശ്ശേരി: പുതുപ്പാടി മേഖലയില്‍ വറ്റിവരണ്ട പുഴകള്‍ കുഴിച്ചുള്ള മണല്‍വാരല്‍ സജീവം. കൈതപ്പൊയില്‍, ഈങ്ങാപ്പുഴ ഭാഗങ്ങളിലാണ് പുഴകളില്‍ നിന്ന് വ്യാപകമായി മണലൂറ്റുന്നത്. പുഴയില്‍ ആഴത്തിലുള്ള കുഴിയെടുത്ത് ഊറ്റിയെടുക്കുന്ന മണല്‍ ചാക്കുകളിലാക്കി മിനി ലോറികളിലും പിക്കപ്പുകളിലും കടത്തുകയാണ്. പുലര്‍ച്ചെയും അര്‍ധരാത്രിയിലുമാണ് പ്രധാനമായും മണല്‍ കടത്തിക്കൊണ്ടുപോകുന്നത്.
പുഴയില്‍ കുഴിയെടുത്ത് മണലൂറ്റ് ആരംഭിച്ചതോടെ പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നതായി നാട്ടുകാര്‍ പറയുന്നു. മഴക്കാലത്ത് കുളിക്കാനും മറ്റുമായി പുഴയിലെത്തുന്നവര്‍ വലിയ കുഴികളില്‍ അകപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. മണലൂറ്റിയ കുഴികളില്‍ അകപ്പെട്ട് വിവിധ പ്രദേശങ്ങളില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞത് നാട്ടുകാരെ ഭീതിപ്പെടുത്തുകയാണ്.
മണലിന് പുറമെ പുഴയിലെ ഉരുളന്‍ കല്ലുകളും ചാക്കിലാക്കി കടത്തിക്കൊണ്ടുപോകുന്ന സംഘങ്ങളും സജീവമാണ്. പുഴയിലെ കല്ലുകള്‍ നീക്കം ചെയ്യുന്നത് പുഴയുടെ തകര്‍ച്ചക്കും ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെങ്കിലും ഇതിനെതിരെ നടപടി സ്വീകരിക്കേണ്ടവര്‍ മൗനം പാലിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.