Connect with us

Wayanad

എന്തുതൊട്ടാലും തുട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് വര്‍ഷത്തെ ഭരണമെന്ന്- വി എസ്‌

Published

|

Last Updated

കല്‍പ്പറ്റ: എന്തുതൊട്ടാലും തുട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അഞ്ചുവര്‍ഷത്തെ ഭരണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വികസനം നാട്ടിലല്ല, മന്ത്രിമാരുടെ വീടുകളിലാണ് നടപ്പാക്കിയത്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളില്‍ ഭൂരിപക്ഷം പേരും അഴിമതിയുടെ അന്വേഷണം നേരിടുന്നു.
ഇത്തരമൊരു സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ഇവര്‍ വീണ്ടും അഴിമതി രഹിത ഭരണമെന്ന് പറഞ്ഞാല്‍ നാട്ടില്‍ ആരും വിശ്വസിക്കില്ല. കേരളത്തില്‍ നിലനിന്നിരുന്ന പൊതുവിതരണ സമ്പ്രദായം തകര്‍ത്തതിന്റെ ക്രെഡിറ്റാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിനുള്ളത്. വിശപ്പ് സഹിക്കാനാവാതെ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്ന അവസ്ഥയായിരിക്കുന്നു കേരളത്തില്‍. ഈ സംഭവം പരിഷ്‌കൃത സമൂഹത്തിന്റെ കണ്ണു തുറപ്പിക്കേണ്ടതും സര്‍ക്കാറിന്റെ ജന വിരുദ്ധതക്ക് തെളിവുമാണ്.
പാവപ്പെട്ടവര്‍ക്ക് മൂന്ന് നേരത്തിന് ആഹാരത്തിന് വഴിയുണ്ടാക്കാതെ ശൗച്യാലയത്തെ കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാഴികയ്ക്ക് നാല്‍പത് വട്ടവും പറയുന്നത്.
വയറ്റിലേക്ക് എന്തെങ്കിലും ചെന്നെങ്കില്‍ മാത്രമെ ശൗച്യാലയം ആവശ്യമുള്ളുവെന്ന കാര്യം അദ്ദേഹം മറക്കുന്നു. എല്‍ ഡി എഫ് സര്‍ക്കാറിനെ അധികാരത്തിലേറ്റിയാല്‍ വയനാട്ടില്‍ അടക്കം കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി പദ്ധതി നടപ്പാക്കുമെന്നും വി എസ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ വലിയ വികസനം നടത്തിയെന്ന അവകാശവാദം യുക്തിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത വേനലില്‍ കൃഷികളാകെ കരിഞ്ഞുണങ്ങുമ്പോഴും സര്‍ക്കാര്‍ നിഷ്‌ക്രിയമായി നോക്കിനില്‍ക്കു മാത്രമാണ്. ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.കബനി നദിയിലെ ജലം വയനാട്ടിലെ കൃഷിക്ക് ഉപയുക്തമാക്കാന്‍ ആവിഷ്‌ക്കരിച്ച പദ്ധതികളെല്ലാം കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറെന്നും വി എസ് ചൂണ്ടിക്കാട്ടി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെമരക്കടവ് ഭാഗത്ത് വേനലില്‍ കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങളും വി എസ് സന്ദര്‍ശിച്ചു. മാനന്തവാടി, ബത്തേരി, കല്‍പറ്റ എന്നിവിടങ്ങളില്‍ പ്രസംഗിച്ചാണ് വി എസ് അച്യുതാനന്ദന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് തേടിയത്. എല്ലാ പൊതുയോഗങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കില്‍ ആളുകളാണ് വി എസിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ എത്തിയത്.

---- facebook comment plugin here -----

Latest