Connect with us

Gulf

അന്യദേശം; സ്വയം നിയന്ത്രണമല്ലേ ബുദ്ധി

Published

|

Last Updated

ഫിലിപ്പൈന്‍സില്‍ മെയ് ഒമ്പതിന് പൊതു തിരഞ്ഞെടുപ്പ് നടക്കുകയാണ്. വിദേശത്തുള്ള ഫിലിപ്പൈനികള്‍, ഏപ്രില്‍ ഒമ്പത് മുതല്‍ വോട്ടു ചെയ്യാന്‍ ആരംഭിച്ചു. അതാത് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയത്തില്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വോട്ടവകാശം.
യു എ ഇയില്‍ എട്ടുലക്ഷത്തോളം ഫിലിപ്പൈനികള്‍. സെപ്തംബര്‍ 17 വരെ 1,18,218 പേര്‍ രജിസ്റ്റര്‍ ചെയ്തു. അവരില്‍ പലരും ഇതിനകം നയതന്ത്രകാര്യാലയത്തില്‍ വോട്ടു ചെയ്തു.
ചെയ്യാത്തവര്‍ക്ക് മെയ് ആറുവരെ സമയമുണ്ട്. വാരാന്ത്യ അവധിദിനങ്ങളിലാണ് സൗകര്യം.
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍, നാട്ടില്‍ പോകാതെ തന്നെ, വോട്ടുചെയ്യാന്‍ കഴിയാത്തതില്‍ പലര്‍ക്കും വിഷമമുണ്ട്. “പ്രവാസി വോട്ടവകാശം” എന്ന് കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായല്ലോ? നാട്ടില്‍ പോയാല്‍ വോട്ടുചെയ്യാന്‍ കഴിയുമെങ്കിലും വിമാനടിക്കറ്റിന് വന്‍തുക വേണമെന്നതിനാല്‍ ഭൂരിപക്ഷം പേര്‍ക്കും മോഹം ഉപേക്ഷിക്കേണ്ടിവരുന്നു. ഫിലിപ്പൈനികള്‍ക്ക് ഇവിടെ വെച്ചുതന്നെ വോട്ടുചെയ്യാന്‍ അവസരം ലഭിച്ചതില്‍ അസൂയ തോന്നുന്നു.
എന്നാല്‍, നാട്ടിലെ തിരഞ്ഞെടുപ്പ് ബഹളങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാണ് പൊതുവെ ഗള്‍ഫ് മലയാളികള്‍ ആഗ്രഹിക്കുന്നത്. തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്നയിടങ്ങളില്‍, വലിയ ആവേശം കാണാനില്ല. മേളക്കൊഴുപ്പില്ലാതെയാണെങ്കിലും പ്രചാരണം അത്തരം സ്ഥലങ്ങളില്‍ മുമ്പൊക്കെ പ്രകടമായിരുന്നു. സ്വന്തം കക്ഷിക്ക് വോട്ടുചെയ്യാന്‍ നാട്ടിലുള്ളവരെ പ്രേരിപ്പിക്കാന്‍ ശ്രമം നടക്കാറുണ്ടായിരുന്നു.
എന്നാല്‍, ദുബൈ, അബുദാബി, ഷാര്‍ജ നഗരങ്ങളില്‍ ചില സ്ഥാനാര്‍ഥികള്‍ എത്തി അനുയായികളെ കണ്ടതും സംസാരിച്ചതും കൗതുകവും ആശങ്കയും പരത്തുന്നു. പി ബി അബ്ദുര്‍റസാഖ് (മഞ്ചേശ്വരം), എന്‍ എ നെല്ലിക്കുന്ന് (കാസര്‍കോട്), പി ശ്രീരാമകൃഷ്ണന്‍ (പൊന്നാനി), കെ സുധാകരന്‍ (ഉദുമ), വി അബ്ദുര്‍റഹ്മാന്‍, അഅബ്ദുര്‍റഹ്മാന്‍ രണ്ടത്താണി (താനൂര്‍), കെ ടി ജലീല്‍ (താനാളൂര്‍) തുടങ്ങിയവര്‍ എത്തി.
ഇതില്‍ ഒരു സ്ഥാനാര്‍ഥി വന്നപ്പോള്‍, അനുയായികള്‍ അനാവശ്യമായ കോലാഹലം സൃഷ്ടിച്ചു. വിമാനത്താവളം മുതല്‍ ചില യോഗങ്ങളില്‍ വരെ തിക്കും തിരക്കും സൃഷ്ടിച്ചു. അച്ചടക്കം സൂക്ഷിക്കാന്‍ കഴിഞ്ഞില്ല.
കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളില്‍ പ്രചാരണം അരുതെന്ന് പലര്‍ക്കും പല ഭാഗത്തുനിന്നും നിര്‍ദേശം ലഭിച്ചിട്ടും വകവെച്ചില്ല. അത് കൊണ്ടുതന്നെ, ഫിലിപ്പൈന്‍കാരും കേരളീയരും തമ്മില്‍ ഒരു താരതമ്യം അനിവാര്യം. ലക്ഷക്കണക്കിനാണ് യു എ ഇയില്‍ ഫിലിപ്പൈനികള്‍. അവര്‍ക്കും രാഷ്ട്രീയ കക്ഷികളുണ്ട്. ഇഷ്ട സ്ഥാനാര്‍ഥികളുണ്ട്. അവരുടെ സ്ഥാനാര്‍ഥികള്‍ ആരെങ്കിലും കടല്‍ കടന്ന് ഇവിടെയെത്തിയോ എന്ന് അറിയില്ല. എത്തിയിട്ടുണ്ടെങ്കില്‍ തന്നെ, “റോഡ്‌ഷോ” നടത്തിയിട്ടില്ല. അച്ചടക്കത്തിന്റെ ഗൗരവം അവര്‍ ഉള്‍ക്കൊണ്ടു.
ഗള്‍ഫിലെ “കേരളീയത”ക്ക് നിരക്കാത്ത പലതുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. (ഗള്‍ഫിലെ കേരളീയത എന്നതിന് ഒരു പശ്ചാത്തല വിവരണം ആവശ്യമുണ്ട്) ഏതാണ്ട് 45 വര്‍ഷം മുമ്പാണ് ദുബൈയില്‍ ഒരു മലയാളീ കലാസാംസ്‌കാരിക സംഘടന രൂപം കൊണ്ടത്. മറ്റൊരു രാജ്യത്ത് എത്തിപ്പെട്ടുവെങ്കിലും കേരളീയത സാമൂഹിക ജീവിതത്തില്‍ നിന്ന് നഷ്ടപ്പെടാതിരിക്കാനായിരുന്നു അത്. ജാതിമത ഭേദമന്യെ, ഒത്തുകൂടാന്‍ ഒരു വേദി. പൊതുമാപ്പ് പോലുള്ള സന്ദര്‍ഭങ്ങളില്‍ മലയാളികള്‍ക്കുവേണ്ടി ഒരുമിച്ച് രംഗത്തിറങ്ങി.
പതുക്കെ, കേരളത്തിലെ രാഷ്ട്രീയ സംഘടനയോട് വിധേയത്വമുള്ള സാംസ്‌കാരിക സംഘടനകള്‍ പിറന്നു. അപ്പോഴും പ്രകടമായ രാഷ്ട്രീയ ചേരിതിരിവുണ്ടായില്ല. പ്രത്യക്ഷമായി രാഷ്ട്രീയം കളിച്ചില്ല. വ്യത്യസ്ത സാംസ്‌കാരിക സംഘടനയാണെങ്കിലും പരസ്പരം സഹകരിക്കുന്ന കാഴ്ചകളും ധാരാളമായിരുന്നു. യുണൈറ്റഡ് മലയാളി അസോസിയേഷനും (ഉമ) പിറവി കൊണ്ടു.
ഗള്‍ഫ് നാടുകളില്‍ സവിശേഷമായ സാമൂഹിക സാഹചര്യമാണുള്ളത്. അത് പാലിക്കാന്‍ ഏവരും ബാധ്യസ്ഥരാണ്. മലയാളികള്‍ക്ക് എന്തും ചെയ്യാന്‍ ആരും അനുമതി നല്‍കിയിട്ടില്ല. ഇഷ്ട സ്ഥാനാര്‍ഥിയെ കൊണ്ടുവന്ന് തെരുവോരങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും റോഡ്‌ഷോ നടത്തുന്നതിന് ന്യായീകരണമില്ല.
പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വന്ന് നാട്ടുകാരെ കാണുന്നതും പ്രസംഗിക്കുന്നതും പോലെയല്ല, തിരഞ്ഞെടുപ്പ് പ്രചാരണം. സാമൂഹിക മാധ്യമങ്ങളിലോ അടച്ചിട്ട മുറിയിലോ അഭിപ്രായ രൂപവത്കരണം നട്തുന്നതു പോലെ, റോഡ്‌ഷോയെ ലാഘവത്തോടെ ആരും കാണില്ല.
പ്രവാസികള്‍ക്ക് പൂര്‍ണാര്‍ഥത്തില്‍ വോട്ടവകാശം ലഭിച്ചാല്‍ എന്തൊക്കെ കാണേണ്ടിവരുമെന്ന് പലരും മൂക്കത്ത് വിരല്‍വെക്കുന്നു. റിയാദിലെയും കുവൈത്ത് സിറ്റിയിലെയും മറ്റും തെരുവുകളില്‍ സ്ഥാനാര്‍ഥികളുടെ ഫഌക്‌സുകള്‍ ഉയര്‍ത്താന്‍ വരെ അനുയായികള്‍ ഉണ്ടായേക്കും. സ്ഥാനാര്‍ഥികള്‍ക്ക് ഇതിലെ അപകടം മനസിലാകില്ല. അവര്‍, ചിരിച്ച് കൈകൂപ്പി അനുയായികള്‍ക്കൊപ്പം വോട്ടുചോദിച്ചിറങ്ങിയേക്കും. കണ്ണൂരില്‍ വരെ താന്‍പോരിമ കാണിച്ചിട്ടുണ്ട്, പിന്നെയല്ലേ, ഗള്‍ഫ് നഗരങ്ങള്‍ എന്ന മനോഭാവമുള്ളവരും കൂട്ടത്തില്‍ കാണും. പക്ഷേ, ഗള്‍ഫ് മലയാളികള്‍ക്ക് അത് അരോചകവും അപകടവുമാകും. അത്, ആരെങ്കിലും ഓര്‍മപ്പെടുത്തേണ്ട സമയമായി.
തദ്ദേശീയരുടെ കണ്ണില്‍ കേരളീയത എന്നാല്‍, വിവേകമുള്ളവരും സമാധാനപ്രിയരും കഠിനാധ്വാനികളും, ജാതിമത ഭേദമന്യെ പരസ്പര സഹകാരികളും ആണ്. കേരളത്തില്‍, വര്‍ഗീയമായി ചിന്തിക്കുന്നവര്‍ കുറവാണെന്നും അവര്‍ മനസിലാക്കുന്നു. പക്ഷേ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റേഡിയോ, ടി വി ചാനല്‍ ചര്‍ച്ചകളില്‍ വര്‍ഗീയ രാഷ്ട്രീയത്തെ ന്യായീകരിക്കുന്നവര്‍ പെരുകിവരുന്നത് കാണുമ്പോള്‍, തദ്ദേശീയരുടെ മനസിലെ മമത പുച്ഛത്തിന് വഴിമാറും. ഇത്രയും വിദ്വേഷം പുലര്‍ത്തിയാണല്ലോ, ഇവിടെ ഇവര്‍ കഴിയുന്നതെന്ന്, തിരിച്ചറിയും. നാട്ടില്‍ ധാരാളം രാഷ്ട്രീയ കക്ഷികളുണ്ടായിട്ടും വര്‍ഗീയത മാത്രം കൈമുതലായുള്ള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍, ആ തത്ത്വശാസ്ത്രം വൈറസായി പടര്‍ത്തുന്നുവെങ്കില്‍, കാഴ്ചപ്പാട് വികലമെന്നല്ലേ സൂചന.

Latest