Connect with us

Gulf

2022ലെ ലോകകപ്പ് ഫുട്‌ബോള്‍ ഖത്വറില്‍ തന്നെ: ഫിഫ പ്രസിഡന്റ്

Published

|

Last Updated

പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ താനിയുമായി ഗിയാനി ഇന്‍ഫാന്റിനോ കൂടിക്കാഴ്ച നടത്തുന്നു

ദോഹ: 2022ലെ ഫിഫ ലോകകപ്പിന്റെ വേദി ഖത്വര്‍ തന്നെയായിരിക്കുമെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോയുടെ ഉറപ്പ്. നേരത്തെ തീരുമാനിച്ചത് പോലെ ലോകകപ്പ് ഫുട്‌ബോള്‍ ഖത്വറില്‍ നടക്കുമെന്നും വേദി മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. നാലാമത് വര്‍കേഴ്‌സ് കപ്പിന്റെ സെമി ഫൈനലിനോട് അനുബന്ധിച്ച് എസ് സി, ഖത്വര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, ഫിഫ എന്നിവയുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകകപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളുടെ ക്ഷേമത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഫിഫയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫിഫയുടെ ഈ നീക്കത്തെ ഖത്വര്‍ സ്വാഗതം ചെയ്തു. തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ ശരിയായ ദിശയിലാണെന്ന് ഇന്‍ഫാന്റിനോ ചൂണ്ടിക്കാട്ടി. ഫിഫയുടെ നേതൃത്വത്തിലുള്ള മേല്‍നോട്ട സമിതി സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുക. പൗര സമൂഹ പ്രതിനിധികളും ഫിഫയുടെ പ്രധാന പങ്കാളികളും ഇതില്‍ അംഗങ്ങളായിരിക്കും. വരുംദിവസങ്ങളില്‍ ഇതില്‍ കൂടുതല്‍ വ്യക്തതവരും. എത്രയും പെട്ടെന്ന് സമിതിയുടെ പ്രവര്‍ത്തനം നിലവില്‍ വരാനാണ് ശ്രമിക്കുന്നത്. സമിതിയില്‍ ഉന്നത വ്യക്തികളുടെ സാന്നിധ്യം ഉറപ്പുവരുത്തും. തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ഖത്വര്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ താനി തന്നോട് വിശദീകരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ ഇന്‍ഫാന്റിനോ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായും കൂടിക്കാഴ്ച നടത്തി.