Connect with us

Gulf

ജി സി സി ട്രേഡ്മാര്‍ക് നിയമം ഈ വര്‍ഷം പാസ്സാക്കുമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ദോഹ:ജി സി സി ട്രേഡ്മാര്‍ക് നിയമത്തിന്റെ ചട്ടങ്ങളും വ്യവസ്ഥകളും പ്രസിദ്ധീകരിച്ച് ഈ വര്‍ഷം തന്നെ ദേശീയ തലത്തില്‍ പാസ്സാക്കുമെന്ന് സൂചന. രജിസ്‌ട്രേഷന്‍, നടപ്പാക്കല്‍ തുടങ്ങിയവയില്‍ ജി സി സിയിലുടനീളമുള്ള ചഞ്ചലാവസ്ഥക്ക് ഇത് അറുതിവരുത്തുമെന്നതിനാല്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് ഇത് നല്ലവാര്‍ത്തയാണ്. ആഗോള നിയമ സഹായ കമ്പനിയായ ഡി എല്‍ എ പൈപര്‍ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2006ലാണ് ജി സി സി ട്രേഡ്മാര്‍ക് നിയമം പ്രസിദ്ധീകരിച്ചത്. 2013ല്‍ പരിഷ്‌കരിച്ചെങ്കിലും ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. എല്ലാ ജി സി സി രാഷ്ട്രങ്ങളിലും ഒരേരീതിയില്‍ നടപ്പാക്കുന്ന വ്യവസ്ഥകളടങ്ങിയതാണ് നിയമം. ഒറ്റ രജിസ്‌ട്രേഷന്‍, നിര്‍വഹണം എന്നിവയെ സംബന്ധിച്ച് വിശദീകരണം നല്‍കുന്നില്ല. വിവിധ തലങ്ങളിലായി വര്‍ഗീകരിച്ച അപേക്ഷകള്‍ (മള്‍ട്ടിക്ലാസ് ഫയലിംഗ്) നിലവില്‍ ഒരു ജി സി സി രാഷ്ട്രത്തും സ്വീകരിക്കുന്നില്ല. എന്നാല്‍ 2013ല്‍ കൊണ്ടുവന്ന നിയമപരിഷ്‌കാരം അനുസരിച്ച് ഇത് സാധ്യമാകും. ഇത് വലിയ മാറ്റമാണ് കൊണ്ടുവരിക. നിലവില്‍ ലോകത്ത് ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന് ചെലവ് കൂടിയത് ജി സി സിയിലാണ്. മള്‍ട്ടിക്ലാസ് ഫയലിംഗ് വരുന്നതോടെ ചെലവ് കുറയും.
പുതിയ നിയമ പ്രകാരം പ്രശസ്ത മാര്‍ക്കുകളുടെ അനുകരണം, പുനര്‍നിര്‍മാണം, ഭാഷാന്തരം തുടങ്ങിയവ നിരോധിക്കുന്നതാണ്. ഒരുപോലെയല്ലാത്ത ഉത്പന്നങ്ങള്‍ക്ക് പ്രശസ്ത മാര്‍ക്കുകള്‍ ഉപയോഗിക്കുന്നതും തടയും. ട്രേഡ് മാര്‍ക്ക് കൈയേറ്റത്തിന് പിഴ ഈടാക്കുന്നതിന് നിയമം അനുശാസിക്കുന്നു. അതിക്രമത്തിനുള്ള പരിഹാരങ്ങളും നിയമത്തില്‍ പറയുന്നു.
നിയമം നിലവില്‍ വന്നാല്‍ ട്രേഡ്മാര്‍ക്ക് നടപടികളും മറ്റും കൂടുതല്‍ കാര്യക്ഷമമാകും. സെന്‍ട്രല്‍ കോടതിയുടെയും ജുഡീഷ്യല്‍ ബോഡിയുടെ അഭാവത്തിലുള്ള പരിഹാരങ്ങളെ സംബന്ധിച്ച് നിയമത്തിന്റെ കൂടുതല്‍ വ്യവസ്ഥകളും ചട്ടങ്ങളും പുറത്തുവരുമ്പോള്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് നിയമസഹായ കമ്പനികള്‍.

Latest