Connect with us

Kerala

വി എസ് പഴയ നിലപാടുകള്‍ വിഴുങ്ങുന്നു: ചെന്നിത്തല

Published

|

Last Updated

കോഴിക്കോട്: അധികാരത്തിനായി തന്റെ പഴയ നിലപാടുകള്‍ വിഴുങ്ങുന്ന, ഇരട്ടത്താപ്പുള്ള വി എസ് അച്ച്യുതാനന്ദനെയാണ് കേരളം ഇപ്പോള്‍ കാണുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല. ലാവ്‌ലിന്‍ കേസ്, ടി പി ചന്ദ്രശേഖരന്‍ വധം, പി ജയരാജന്‍, കാരായി രാജന്‍ തുടങ്ങിയ കൊലക്കേസ് പ്രതികളെ സംരക്ഷിക്കുന്ന പാര്‍ട്ടി നിലപാട് തുടങ്ങിയ വിഷയങ്ങളില്‍ തന്റെ പഴയ അഭിപ്രായം തന്നെയാണോ ഇപ്പോഴും ഉള്ളതെന്ന് വി എസ് വ്യക്തമാക്കണം. വി എസിനെതിരായ ആലപ്പുഴ പ്രമേയം നിലനില്‍ക്കുന്നതാണെങ്കില്‍ അദ്ദേഹത്തെപ്പോലുള്ള പാര്‍ട്ടിവിരുദ്ധനെക്കൊണ്ട് പ്രസംഗിപ്പിക്കുന്നതെന്തിനെന്ന് സി പി എമ്മും നിലപാട് അറിയിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് “കേരള സഭ 2016” പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി എസും പിണറായിയും രണ്ട് ദ്രുവങ്ങളിലാണുള്ളത്. ഇവര്‍ തമ്മിലുള്ള ഭിന്നത ആളിക്കത്തിയതോടെ വ്യത്യസ്ഥ അഭിപ്രായമുള്ളവര്‍ നാടുഭരിച്ചാലുള്ള അവസ്ഥ ജനം മനസിലാക്കിത്തുടങ്ങി. ഇവര്‍ രണ്ട് പേരും രണ്ട് ചേരികളില്‍ നിന്നതിനാലാണ് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ വികസനത്തില്‍ പിന്നിലായത്. ഇത് ജനങ്ങള്‍ക്ക് അറിയാം. യു ഡി എഫ് മന്ത്രിമാര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ഒന്നും തെളിഞ്ഞിട്ടില്ല. അഴിമതി ആരോപിച്ചുള്ള ഹരജികള്‍ കോടതിയുടെ പരിഗണയിലാണ്. യു ഡി എഫ് നേതാക്കള്‍ക്കെതിരെ കേസ് വന്നത് പോലീസിനെ ആഭ്യന്തരമന്ത്രി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വിട്ടുവെന്നതിന് തെളിവാണ്.
ബി ജെ പിക്ക് അക്കൗണ്ട് തുറക്കാനാകില്ല. ബി ജെ പിയെ തടയാനുള്ള ശക്തി കേരളത്തില്‍ കോണ്‍ഗ്രസിനുണ്ട്. അതിനാല്‍ ബംഗാള്‍ മോഡല്‍ കേരളത്തില്‍ വേണ്ട. എന്നാല്‍ മതേതരത്വം സംരക്ഷിക്കാനുള്ള പ്ലാറ്റ്‌ഫോമില്‍ സി പി എം വന്നാല്‍ സന്തോഷമേയുള്ളു. കോണ്‍ഗ്രസിന് സി പി എമ്മിനോട് അഴിത്തമില്ല. അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് സി പി എമ്മിനെ തകര്‍ച്ചയിലത്തെിച്ചത്. തിരഞ്ഞെടുപ്പിലെ മുഖ്യ അജന്‍ഡ വികസനമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഡി സി സി പ്രസിഡന്റ് കെ സി അബു, പി ശങ്കരന്‍, കെ ജയന്ത്, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍ രാജേഷ് പങ്കെടുത്തു.

Latest