Connect with us

Articles

എസ് വൈ എസിന് അറുപത്തിരണ്ട്

Published

|

Last Updated

കേരളത്തിലെ ഇസ്‌ലാമിക പ്രബോധന വഴിയില്‍ ഇന്ന് കാണുന്ന സംഘടനാ സംവിധാനം നിലവില്‍ വന്നിട്ട് ഒമ്പത് പതിറ്റാണ്ടുകള്‍ പിന്നിട്ടു. അതുവരേയും ഓരോ പ്രദേശങ്ങളിലേക്ക് , കാലത്തേക്ക് , സമൂഹങ്ങളിലേക്ക് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി ദൗത്യമേല്‍പ്പിക്കപ്പെട്ട സാദാത്തുക്കളും പണ്ഡിതന്മാരുമെല്ലാം ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മത പ്രബോധനം നടത്തി വരികയായിരുന്നു. പ്രവാചകര്‍ (സ)യുടെ കാലത്തു തന്നെ കേരളത്തിലേക്ക് കടന്നു വന്ന സ്വഹാബാക്കളും പില്‍ക്കാലത്ത് യമനില്‍ നിന്നും മറ്റുമായി വന്ന മഖ്ദൂമുമാരും സാദാത്തുക്കളുമൊക്കെ വിവിധ നാടുകള്‍ കേന്ദ്രങ്ങളാക്കി മാതൃകായോഗ്യമായ ഇസ്‌ലാമിക ജീവിതം നയിക്കുകയും പ്രബോധന ദൗത്യം നിര്‍വഹിച്ചു വരികയും ചെയ്തു.

സംഘടനാ സംവിധാനം ശാസ്ത്രീയവത്കരിക്കപ്പെടുകയും വ്യാപകമായി വരികയും ചെയ്തു കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ സുന്നി സംഘശക്തിയും രൂപം കൊണ്ടു. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ശരിയായ മതമൂല്യങ്ങളേയും വിശ്വാസാചാരങ്ങളെയും പ്രബോധനം ചെയ്തു വന്ന പണ്ഡിതരുടെ കണ്ണ് വെട്ടിച്ച് മതപരിഷ്‌കരണ, നവീകരണ നീക്കങ്ങള്‍ നടത്താന്‍ ചിലര്‍ സംഘടിതമായി നടത്തിവന്ന നീക്കങ്ങളാണ് പണ്ഡിതന്മാരുടെ കൂട്ടായ്മ രൂപപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചത്. മതനവീകരണ / നശീകരണ വാദികളെ പ്രതിരോധിച്ച് ശരിയായ ആദര്‍ശാനുഷ്ഠാന സംഹിതകള്‍ പ്രബോധനം ചെയ്യാന്‍ സംഘടിച്ചുള്ള മുന്നേറ്റം അനിവാര്യമായി വന്നത് ഒരു നിയോഗമായിരുന്നു.
പരമ്പരാഗത വഴിയില്‍ ഒറ്റക്കൊറ്റക്ക് ദൗത്യനിര്‍വഹണം നടത്തിവന്ന പ്രബോധകര്‍ ഒറ്റക്കെട്ടായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് രൂപം കൊടുത്തു. തുടര്‍ന്ന് മുപ്പത് വര്‍ഷത്തോളം പണ്ഡിത സഭ നേരിട്ടുതന്നെ സമ്മേളനങ്ങളും യോഗങ്ങളും നടത്തിയും പ്രമേയങ്ങള്‍ പാസാക്കിയും പ്രബോധന പ്രതിരോധ രംഗങ്ങളില്‍ കാലോചിത തീരുമാനങ്ങളെടുത്തും അവ യഥോചിതം സമൂഹത്തില്‍ എത്തിച്ചു കൊടുത്തും ദൗത്യം നിര്‍വഹിച്ചു പോന്നു. മുമ്പ് സംഘടനാ കൂട്ടായ്മകള്‍ ആവശ്യമായിരുന്ന പോലെ തന്നെ ഈ കാലയളവില്‍ പണ്ഡിതസഭക്കപ്പുറത്തുള്ള കൂട്ടായ്മകള്‍ ആവശ്യമായിരുന്നില്ല. നാല്‍പ്പതുകള്‍ക്ക് ശേഷമാണ് പണ്ഡിത സഭക്കൊപ്പം പൊതുജനങ്ങള്‍ക്കിടയിലെ സാര്‍വത്രികമായ ദഅ്‌വത്തിന് ഒരു ബഹുജന ഘടകം കൂടി വേണമെന്ന ചിന്തകളും ചര്‍ച്ചകളും നടക്കുന്നത്. 1945ലെ സമസ്തയുടെ കാര്യവട്ടം സമ്മേളനത്തില്‍ വെച്ച് ഇത് തത്വത്തില്‍ തീരുമാനിക്കപ്പെടുകയും 1954 ഏപ്രില്‍ 24ന് താനൂരില്‍ നടന്ന സമസ്ത സമ്മേളനത്തില്‍ വെച്ച് സമസ്ത കേരള സുന്നി യുവജനസംഘം – എസ് വൈ എസ് രൂപവത്കരിക്കുകയും ചെയ്തു.
ഇതോടെ ദഅ്‌വത്തിന് സുശക്തമായ രണ്ട് സംവിധാനങ്ങളായി, ആധികാരിക പണ്ഡിത സഭയും ബഹുജനഘടകമായി എസ് വൈ എസും. വിദ്യാഭ്യാസ മേഖലയും വിദ്യാര്‍ഥികളെയും ഇളം തലമുറയെയും കേന്ദ്രീകരിച്ചുള്ള ദഅ്‌വത്തിന് 1973ല്‍ എസ് എസ് എഫ് കൂടി പിറവി കൊള്ളുന്നത് വരെ ഈ നില തുടര്‍ന്നു. എസ് എസ് എഫ് കൂടി കര്‍മഗോദയിലിറങ്ങിയതു മുതല്‍ ഇതുവരേയും മൂന്ന് ഘടകങ്ങളായും ഒന്നായി ചേര്‍ന്നുമുള്ള സമഗ്രമായ ദഅ്‌വത്തും പ്രബോധന പ്രതിരോധ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ നടന്നു വന്നു.
ഇന്നിപ്പോള്‍ സാമൂഹികഘടനയില്‍ വന്ന മാറ്റം പ്രസ്ഥാന കുടുംബത്തെ പുതിയൊരു പുനഃക്രമീകരണത്തിലെത്തിച്ചു. എസ് വൈ എസിനെ രണ്ട് തലങ്ങളാക്കി തിരിച്ച് കേരള മുസ്‌ലിം ജമാഅത്ത് എന്ന പേരില്‍ ബഹുജന ഘടകം നിലവില്‍ വരികയും എസ് വൈ എസിനെ പ്രസ്ഥാന കുടുംബത്തിലെ യുവജന ഘടകവും യുവത്വത്തിന്റെ ധാര്‍മിക ചാലക ശക്തിയുമാക്കി മാറ്റുകയും ചെയ്തു. പുതുക്കിയ ക്രമമനുസരിച്ച് സമസ്തക്ക് കീഴില്‍ കൂടുതല്‍ അധികാരവും പവറും എല്ലാ ഘടകങ്ങളുടെയും പ്രാതിനിധ്യവുമുള്ള ബഹുജന ഘടകവും യൂത്ത് വിംഗും വിദ്യാര്‍ഥി ഘടകവും ഒന്നിച്ചുള്ള പ്രയാണം ആരംഭിക്കുകയും കേരളത്തിന്റെ ഇസ്‌ലാമിക നവോത്ഥാന വഴിയില്‍ ഇതോടെ അതിന്റേതായ പ്രതിഫലനങ്ങളും പ്രകമ്പനങ്ങളും അനുഭവപ്പെട്ടു.
ആറ് പതിറ്റാണ്ടിലേറെ കാലം സുന്നി പ്രസ്ഥാനത്തിന്റെ ബഹുജന ഘടകവും ജനകീയവുമായി പ്രവര്‍ത്തിച്ച എസ് വൈ എസിന് അറുപത്തിരണ്ട് പൂര്‍ത്തിയായി. ഇന്ന് സംഘടനയുടെ സ്ഥാപകദിനമാണ്.എസ് വൈ എസ് യുവത്വത്തിന്റെ ധാര്‍മിക ചാലകശക്തിയായി മാറിയ ശേഷമുള്ള ആദ്യത്തെ പിറന്നാള്‍ ദിനം. ഇന്ന് മുതല്‍ എല്ലാ വര്‍ഷവും സ്ഥാപകദിനം സേവനാ ദിനമായി ആചരിക്കുകയാണ്.
പ്രാദേശിക ഘടകങ്ങളായ ആറായിരത്തോളം യൂനിറ്റുകളില്‍ പതാക ഉയര്‍ത്തിയും പോസ്റ്ററുകള്‍ പതിച്ചും മധുര പലഹാരങ്ങളും പാനീയവും വിതരണം ചെയ്തും പ്രകടനങ്ങളും കവല പ്രസംഗങ്ങളും സംഘടിപ്പിച്ചും സ്ഥാപകദിനം വര്‍ണ ശബളമാക്കുന്നതോടൊപ്പം യൂനിറ്റ് പരിധിയിലെ ഏറ്റവുംഅനിവാര്യമായ ഒരു സേവന പ്രവര്‍ത്തനം ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുകയും ചെയ്യും.
യുവജന ഘടകമെന്ന നിലയില്‍ എല്ലാ വിഭാഗം യുവജനങ്ങളെയും പ്രതിനിധാനം ചെയ്ത് ചടുലമായ മുന്നേറ്റങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പുകള്‍ എസ് വൈ എസ് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് പ്രവര്‍ത്തകരുടെ ആദര്‍ശനിഷ്ഠയില്‍ തുടങ്ങി രാഷ്ട്രീയ അച്ചടക്കം ഉള്‍പ്പെടെയുള്ള നയരേഖയും ഇതിനെ അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന കര്‍മ പദ്ധതികളും പ്രവര്‍ത്തകരെ നേരിട്ടു ബോധ്യപ്പെടുത്തി സംസ്ഥാന നേതാക്കളുടെ പര്യടനം – ധര്‍മ സഞ്ചാരം പൂര്‍ത്തീകരിച്ചത്. 133 സോണ്‍ കേന്ദ്രങ്ങളില്‍ നടന്ന പ്രവര്‍ത്തക സംഗമങ്ങളില്‍ ക്ഷണിക്കപ്പെട്ട 24356 പേര്‍ സംബന്ധിക്കുകയുണ്ടായി. “യുവത്വം നാടിന്റെ കരുത്ത്” എന്ന സന്ദേശം പൊതുജനസമക്ഷം പ്രായോഗികമായി നടപ്പാക്കും മുമ്പ് നാടിന്റെ കരുത്തായി മാറേണ്ട യുവത്വത്തിന് ദിശാബോധം നല്‍കാന്‍ പ്രതിജ്ഞാബദ്ധരായ യൂനിറ്റ് , സര്‍ക്കിള്‍ സോണ്‍ നേതൃത്വത്തിന് കരുത്ത് പകരുന്നതായിരുന്നു ധര്‍മ സഞ്ചാരത്തിലൂടെ സാധിച്ചെടുത്തത് .
വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം സംസ്‌കാരം തുടങ്ങി എല്ലാ മേഖലകളിലും യുവജനങ്ങളുടെ അജന്‍ഡ നിര്‍ണയിച്ചും യുവത്വത്തെ സമൂഹത്തിന്റെ ചാലക ശക്തിയാക്കി വളര്‍ത്തിയും ആദര്‍ശ സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ ധാര്‍മികമായ ദിശാബോധം നല്‍കിയും യുവോര്‍ജത്തെ ക്രിയാത്മകമായി വിനിയോഗിക്കാന്‍ അവസരം സൃഷ്ടിക്കുകയാണ് സംഘടനയുടെ പ്രധാന ദൗത്യം.
യുവത്വത്തെ നിഷ്‌ക്രിയരാക്കുകയും ഷണ്ഡീകരിക്കുയും സങ്കുചിതമായ താത്പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന പ്രവണത അനുവദിച്ചു കൂടാ. ആര്‍ക്കോ വേണ്ടി ചാവേറുകളാകേണ്ടവരല്ല യുവാക്കള്‍. അവരുടെ ആരോഗ്യവും അറിവും ധിഷണയും കര്‍മശേഷിയും സഹജീവികള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും രാജ്യനന്മക്കും വേണ്ടി വിനിയോഗിക്കപ്പെടുന്ന സാഹചര്യമൊരുക്കണം. ആരേയും കൂസാതെ, ആരോടും പ്രതിബദ്ധതയില്ലാത്ത ഒരു വിഭാഗമായി പുതുതലമുറയെ മരവിപ്പിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ പല തലങ്ങളിലായി നടക്കുന്നുണ്ട്. യുവാക്കള്‍ കുറ്റവാളികളും തിന്മയുടെ വക്താക്കളുമായി മാറി നാട്ടില്‍ അരാജകത്വവും അസ്വാരസ്യങ്ങളും സൃഷ്ടിക്കപ്പെടുകയും അരാഷ്ട്രീയ പ്രവണതകള്‍ വളര്‍ന്നുവരികയും മാത്രമാണിതിന്റെ പരിണിത ഫലം. ഇതിനെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്ന് എസ് വൈ എസ് കരുതുന്നു. ഗതകാല ചരിത്രത്തിലെ മുഴുവന്‍ വിപ്ലവങ്ങള്‍ക്കും നേതൃത്വം നല്‍കിയത് യുവത്വമായിരുന്നു. ഇന്നിപ്പോള്‍ ആ സമര്‍പ്പണ ബോധവും പ്രിബദ്ധതയും നഷ്ടപ്പെടുകയാണോ? അപകടത്തില്‍ പെട്ട് നടുറോഡില്‍ കിടന്ന് ജീവന് വേണ്ടി പിടയുന്ന സഹജീവിയെ കണ്ടാല്‍ തന്റെ സ്വന്തക്കാരാരുമല്ലെന്ന് ഉറപ്പ് വരുത്തി തനിക്കെന്ത് ഛേദമെന്ന മട്ടില്‍ നിസ്സംഗ ഭാവത്തോടെ വഴിമാറി പോകുകയോ പോക്കറ്റിലുള്ള മൊബൈലില്‍ ചിത്രം പകര്‍ത്തി ഷെയര്‍ ചെയ്യുന്നവരോ ആയി നമ്മുടെ യുവത്വം അധപ്പതിച്ചു കൂടാ. അവരിലൊളിഞ്ഞിരിക്കുന്ന മനുഷ്യപ്പറ്റും സഹജീവി സ്‌നേഹവും പ്രതിബദ്ധതയും കടപ്പാടുകളും തൊട്ടുണര്‍ത്തി പ്രചോദിപ്പിക്കപ്പെടണം. യുവത്വത്തെ നിഷേധാത്മക നിലപാടുകളിലേക്കും നിഷ്‌ക്രിയമായ പ്രവണതകളിലേക്കും മാറ്റി നിര്‍ത്തി അവഗണിച്ചും പഴിച്ചും എഴുതിത്തള്ളുന്നതിന് പകരം സമൂഹത്തിന്റെ മുഖ്യധാരയിലേക്കും ദാര്‍മികതയുടെ കര്‍മ ഗോദയിലേക്കും തിരിച്ചു കൊണ്ടുവരികയെന്ന ശ്രമകരമായ ദൗത്യത്തിന് എസ് വൈ എസ് മുന്തിയ പരിഗണന നല്‍കും. അങ്ങനെ അവര്‍ അല്ലാഹുവിന്റെ ആരാധനയിലായി യുവത്വം സമര്‍പ്പിച്ച് നാളെ അര്‍ശിന്റെ തണല്‍ ലഭിക്കുന്ന വിജയികളായി മാറണം.

 

 

Latest