Connect with us

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണില്‍ ഖത്വര്‍ സന്ദര്‍ശിക്കും

Published

|

Last Updated

ദോഹ:പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ ആദ്യം ഖത്വര്‍ സന്ദര്‍ശിക്കും. ഊര്‍ജ മേഖലയിലെ വിവിധ കരാറുകളും പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമാണ് പ്രധാന ലക്ഷ്യങ്ങളെന്ന് ദി ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദുബൈ, അമേരിക്ക, ചൈന തുടങ്ങിയ രാഷ്ട്രങ്ങളിലെ സന്ദര്‍ശനവേളയില്‍ നടത്തിയത് പോലെ ദോഹയില്‍ പ്രമുഖ സ്റ്റേഡിയത്തില്‍ പ്രവാസി സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് പോകുംവഴിയായിരിക്കും മോദി ഖത്വറിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ നാലു മുതല്‍ ആറു വരെയുള്ള ദിവസങ്ങളിലായിരിക്കും സന്ദര്‍ശനമെന്ന് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ഖത്വറിനൊപ്പം ഇറാന്‍ സന്ദര്‍ശനത്തിനും മോദി ലക്ഷ്യമിടുന്നുണ്ട്. മെയ് മാസത്തിലാണ് ഇറാന്‍ സന്ദര്‍ശനം.

ഖത്വര്‍- ഇന്ത്യ ബന്ധത്തില്‍ പ്രധാനമന്ത്രി മുഖ്യപരിഗണനയാണ് നല്‍കുന്നതെന്നും അമീറിന്റെ ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അംബാസിഡര്‍ സഞ്ജീവ് അറോറ അറിയിച്ചു. സന്ദര്‍ശന തീയതിയും മറ്റ് വിശദാംശങ്ങളും ഔദ്യോഗിക വക്താക്കള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ പ്രധാന മേഖലകളില്‍ നിക്ഷേപം നടത്താനുള്ള പ്രഖ്യാപനങ്ങള്‍ മോദിയുടെ സന്ദര്‍ശനവേളയില്‍ ഖത്വര്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ വിദേശനിക്ഷേപത്തില്‍ ഖത്വറിന്റെ പങ്ക് മിതമായ തോതിലാണ്. ഖത്വറിന്റെ പരമോന്നത സ്വത്ത് ഫണ്ട് ആയ ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യു ഐ എ)യും മറ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളും സ്വകാര്യ മേഖലയും ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അതീവ തത്പരരാണ്. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, റോഡുകള്‍, ഹൈവേകള്‍, എയര്‍പോര്‍ട്ട്, എയര്‍ലൈന്‍സ്, തുറമുഖങ്ങള്‍, ദ്രവീകൃത പ്രകൃതി വാതകം, പെട്രോകെമിക്കല്‍, വളം നിര്‍മാണം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങള്‍ക്കാണ് ഖത്വര്‍ താത്പര്യപ്പെടുന്നത്. മാത്രമല്ല, ഖത്വറിന് ഇന്ത്യയുമായി പ്രതിരോധ മേഖലയില്‍ വലിയ ബന്ധവുമുണ്ട്.

ജനുവരിയില്‍ ഇന്ത്യക്ക് ഖത്വര്‍ പകുതിവിലക്ക് പ്രകൃതി വാതകം നല്‍കുന്നതിന് കരാര്‍ ഒപ്പുവെച്ചിരുന്നു. ഈ കരാര്‍ ഇന്ത്യക്ക് പ്രതിവര്‍ഷം 4,000 കോടി രൂപയുടെ ആദായമാണ് ഉണ്ടാക്കുക. 2028 വരെയാണ് കരാറിന്റെ കാലാവധി. 199ലാണ് ഇരു രാഷ്ട്രങ്ങളും ആദ്യമായി പ്രകൃതി വാതകം ഇറക്കുമതി കരാറില്‍ ഒപ്പുവെച്ചത്. നവംബറില്‍ പെട്രോളിയം മന്ത്രി മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഖത്വര്‍ സന്ദര്‍ശിച്ചിരുന്നു.
എട്ട് വര്‍ഷം മുമ്പ് 2008 നവംബറില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ആണ് ഇതിന് മുമ്പ് ഖത്വര്‍ സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ച അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ക്ഷണം സ്വീകരിച്ചാണ് മോദി എത്തുന്നത്. ഖത്വര്‍ അമീര്‍ ആയി അധികാരമേറ്റ ശേഷം നടത്തിയ ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്കായിരുന്നു.

മാത്രമല്ല മോദി പ്രധാനമന്ത്രിയായതിന് ശേഷം ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ഗള്‍ഫ് രാഷ്ട്രത്തലവനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ആയിരുന്നു. കഴിഞ്ഞ നവംബറില്‍ മോദിയുമായി അമീര്‍ ഫോണ്‍ സംഭാഷണം നടത്തിയപ്പോഴും സന്ദര്‍ശനകാര്യം ഓര്‍മിപ്പിച്ചിരുന്നു. തുടര്‍ന്ന് മോദി തന്റെ സന്ദേശം അംബാസിഡര്‍ സഞ്ജീവ് അറോറ മുഖാന്തിരം അമീറിന് നല്‍കിയിരുന്നു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാകുന്നതിനും വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനും സൗഹാര്‍ദം പുതിയതലങ്ങളില്‍ എത്തുന്നതിനും ഈ സന്ദര്‍ശനം കാരണമാകും. മോദി പ്രധാനമന്ത്രിയായതിന് ശേഷം സന്ദര്‍ശിക്കുന്ന മൂന്നാമത്തെ ഗള്‍ഫ് രാഷ്ട്രമാകും ഖത്വര്‍. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ യു എ ഇയും ഈ മാസമാദ്യം സഊദി അറേബ്യയും മോദി സന്ദര്‍ശിച്ചിരുന്നു. തീവ്രവാദവിരുദ്ധ പോരാട്ടം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ വിവിധ കരാറുകള്‍ക്കും ഈ സന്ദര്‍ശനങ്ങള്‍ കൊണ്ട് സാധിച്ചിരുന്നു.

Latest