Connect with us

Ongoing News

'വെട്ടിയൊട്ടിച്ച്' തൃണമൂല്‍ വെട്ടിലായി

Published

|

Last Updated

മോര്‍ഫിംഗിന് മുമ്പും ശേഷവും, 1. നരേന്ദ്ര മോദിക്ക് രാജ്‌നാഥ് സിംഗ് മധുരം നല്‍കുന്ന ചിത്രം. 2. മോദിയുടെ തലമാറ്റി മോര്‍ഫ് ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രചരിപ്പിച്ച ചിത്രം

കൊല്‍ക്കത്ത: സി പി എം നേതാവ് പ്രകാശ് കാരാട്ടിനേയും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനേയും ചേര്‍ത്തുവെച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ഫോട്ടോ മോര്‍ഫിംഗ് വിവാദത്തിലായി. കോണ്‍ഗ്രസ്, സി പി എം സഖ്യത്തെ ശക്തമായി വിമര്‍ശിച്ച് പ്രചാരണം നടത്തുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഇടത് – ബി ജെ പി നേതാക്കള്‍ തമ്മില്‍ രഹസ്യ ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് വിവാദ ചിത്രം പുറത്തുവിട്ടത്. മോദിക്ക് രാജ്‌നാഥ് സിംഗ് മധുരം നല്‍കുന്ന ചിത്രത്തില്‍ മോദിയുടെ തലയുടെ സ്ഥാനത്ത് കാരാട്ടിനെ വെച്ചാണ് മോര്‍ഫിംഗ് നടത്തിയത്. മോര്‍ഫിംഗ് ചിത്രങ്ങളും വീഡിയോകളും തൃണമൂല്‍ വക്താവും എം എല്‍ എയുമായ ദീരെക് ഒബ്രെയിന്‍ പത്രസമ്മേളനത്തിലൂടെയാണ് പുറത്തുവിടുകയും ചെയ്തു. ഫേസ്ബുക്കിലും ചിത്രം പോസ്റ്റ് ചെയ്തു.

ഇന്ന് നടക്കാനിരിക്കുന്ന നാലാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉയര്‍ന്നുവന്ന പുതിയ മോര്‍ഫിംഗ് വിവാദം ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായി. വില കുറഞ്ഞ ആക്ഷേപം ഉന്നയിക്കുന്ന തൃണമൂല്‍ നേതൃത്വത്തിനെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വ്യാപകമായ പ്രതിഷേധമാണ് വന്നിരിക്കുന്നത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി തൃണമൂല്‍, സി പി എം, ബി ജെ പി നേതാക്കള്‍ രംഗത്തെത്തി. പാര്‍ട്ടിയുടെ ഗവേഷക സംഘത്തിന് പറ്റിയ സാങ്കേതികമായ പിഴവാണെന്ന് തൃണമൂല്‍ വക്താവ് ദേരക് ഒബ്രെയിന്‍ പറഞ്ഞു. രാജ്‌നാഥ് സിംഗുമായി നേരിട്ട് ചര്‍ച്ച നടത്തേണ്ട ഒരു അവസരവും തനിക്ക് വന്നിട്ടില്ലെന്ന് പ്രകാശ് കാരാട്ടും വ്യാജമായ ചിത്രം പ്രസിദ്ധപ്പെടുത്തി ജനങ്ങളെ വിഡ്ഢികളാക്കാനാണ് തൃണമൂല്‍ ശ്രമിച്ചതെന്ന് ബി ജെ പി നേതാക്കളും ആരോപിച്ചു. വിഷയത്തില്‍ നേരിട്ട് പ്രതിഷേധം അറിയിച്ച കാരാട്ടിനോട് തൃണമൂല്‍ നേതൃത്വം ക്ഷമാപണം നടത്തിയെന്നും പറയപ്പെടുന്നു. ഫോട്ടോഷോപ്പ് ചിത്രമാണെന്ന് കണ്ടെത്തിയതോടെ ഫേസ്ബുക്കില്‍ നിന്ന് ഇത് നീക്കം ചെയ്തിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ട വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.
മോര്‍ഫിംഗ് വിവാദം കത്തിയതോടെ തൃണമൂലിനെ നേരിടാനുള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഗുരുതരമായ പിഴവാണ് ഒബ്രെയിന്‍ നടത്തിയതെന്നും അദ്ദേഹം ഉടന്‍ രാജിവെക്കണമെന്നും സി പി എമ്മിന്റെ എം എല്‍ എ മുഹമ്മദ് സലിം ആവശ്യപ്പെട്ടു.
തൃണമൂലിനും മമതക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി ജെ പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ജയപ്രകാശ് മജുംദാര്‍ വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള സൗഹൃദ ബന്ധങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് തൃണമൂല്‍ നടത്തുന്ന പ്രചാരണം രാഷ്ട്രീയ അവബോധമില്ലായ്മയുടെ ഉദാഹരണമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

 

---- facebook comment plugin here -----

Latest