Connect with us

Kerala

പി.ജയരാജനെതിരെ വേണ്ടിവന്നാല്‍ കേസെടുക്കുമെന്ന് ആഭ്യന്തരമന്ത്രി

Published

|

Last Updated

കാഞ്ഞങ്ങാട്: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ വേണ്ടിവന്നാല്‍ കേസെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നെടുമങ്ങാട് പി.ജയരാജന്‍ നടത്തിയ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണിത്. പ്രസംഗം പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ നടപടിയെടുക്കും. കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍, ഫസല്‍ വധക്കേസുകളിലെല്ലാം സിബിഐ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ജയരാജന്റെ പ്രസ്താവനയോടെ ബോധ്യമായി. താന്‍ പിണറായി വിജയനോടു ചോദിച്ച 10 ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരിക്കാനാണ് അദ്ദേഹം ആലപ്പുഴയിലെ പ്രസ് മീറ്റ് ഒഴിവാക്കിയതെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് പി. ജയരാജന്‍ അക്രമ രാഷ്ട്രീയത്തെ ന്യായീകരിക്കുന്ന തരത്തില്‍ നെടുമങ്ങാട് പ്രസംഗം നടത്തിയത്. സി.പി.എം അക്രമത്തിന് മുന്‍കൈ എടുക്കാറില്ലെന്നും എന്നാല്‍ കടം സ്ഥിരമായി വന്നുകൊണ്ടിരുന്നാല്‍ തിരിച്ചുകൊടുക്കുമെന്നാണ് പി.ജയരാജന്‍ പ്രസംഗിച്ചത്. ഇതിന്റെ പേരില്‍ തന്നെ അക്രമകാരിയും കൊലയാളിയുമായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ല. കൊലപാതകക്കേസില്‍പ്പെട്ട മമ്പറം ദിവാകരനെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ആക്കിയിട്ടുള്ളതെന്നും പി ജയരാജന്‍ ആരോപിച്ചിരുന്നു.
കേരളത്തില്‍ ഭരണ തുടര്‍ച്ചയ്ക്കുള്ള സാധ്യത ഉരുത്തിരിഞ്ഞുവരികയാണ്. സിപിഎമ്മിലെ അഭിപ്രായ വ്യത്യാസം ഇടതു മുന്നണിയുടെ തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്. സിപിഎം അനൈക്യത്തിന്റെ പാതയിലാണ്. ഇടതു മുന്നണിയിലെ അനൈക്യവും ശൈഥില്യവും വി.എസിന്റെയും പിണറായിയുടെയും അഭിപ്രായ വ്യത്യാസങ്ങളിലൂടെ തെളിയിക്കപ്പെടുകയാണ്. അഭിപ്രായ വ്യത്യാസത്തിന്റെ നീര്‍ച്ചുഴിയിലുള്ള ഈ പാര്‍ട്ടിക്കെങ്ങനെ നല്ലഭരണം കാഴ്ച്ചവയ്ക്കാനാകുമെന്നും ചെന്നിത്തല ചോദിച്ചു.

സര്‍ക്കാരിന്റെ മാത്രമല്ല പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തലാകും തെരഞ്ഞെടുപ്പ്. അഞ്ചു വര്‍ഷം ഏറ്റവും ദുര്‍ബലമായ പ്രതിപക്ഷത്തെയാണ് കേരളം കണ്ടത്. പ്രതിപക്ഷം ഇപ്പോള്‍ ആശയക്കുഴപ്പത്തിന്റെ നടുവിലാണ്. അധികാരമോഹത്തിന്റെ വലയില്‍പെട്ടാണ് വി.എസ് ഓരോ ദിവസവും പ്രസ്താവനകളിറക്കുന്നതെന്നും യുഡിഎഫിനെതിരെയുള്ള ആരോപണങ്ങളുടെ പുകമറ പാഴ്‌വേലയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

---- facebook comment plugin here -----

Latest