Connect with us

National

ഉമര്‍ ഖാലിദിന് സസ്‌പെന്‍ഷന്‍; കന്‍ഹയ്യക്ക് പതിനായിരം രൂപ പിഴ

Published

|

Last Updated

ന്യൂഡല്‍ഹി: അഫ്‌സല്‍ഗുരു അനുസ്മരണ സംഗമവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായവര്‍ക്കെതിരെ ജെ എന്‍ യു അധികൃതര്‍ നടപടി സ്വീകരിച്ചു. ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്റര്‍ സസ്‌പെന്‍ഡ് ചെയ്യുന്നതിനും ഇരുപതിനായിരം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. കന്‍ഹയ്യ കുമാര്‍ പതിനായിരം രൂപ പിഴയടക്കണം. കൂടാതെ ഉമര്‍ ഖാലിദിനൊപ്പം ഡല്‍ഹി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അനിര്‍ബന്‍ ഭട്ടാചാര്യയെ ജൂലൈ 15 വരെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ജെ എന്‍ യുവില്‍ ഏതെങ്കിലും കോഴ്‌സ് ചെയ്യുന്നതില്‍ നിന്ന് അവരെ വിലക്കിയിട്ടുമുണ്ട്. മറ്റൊരു വിദ്യാര്‍ഥി മുജീബ് ഗട്ടുവിനെ അടുത്ത രണ്ട് സെമസ്റ്ററില്‍ ക്യാമ്പസില്‍ നിന്ന് പുറത്താക്കുന്നതിനും അശുതോഷിന് ജെ എന്‍ യു ഹോസ്റ്റലില്‍ ഒരു വര്‍ഷത്തെ വിലക്കും ഇരുപതിനായിരം രൂപ പിഴയും ചുമത്തി ജെ എന്‍ യു അധികൃതര്‍ ഉത്തരവിട്ടു.
ഫെബ്രുവരിയിലെ വിവാദ സംഭവുമായി ബന്ധപ്പെട്ട് സര്‍വകലാശാല പാനല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ഇവര്‍ അച്ചടക്കലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് ജെ എന്‍ യു അധികൃതര്‍ വ്യക്തമാക്കി.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഫ്രെബുവരി ഒമ്പതിനാണ് ജെ എന്‍ യുവില്‍ പരിപാടി സംഘടിപ്പിച്ചത്. പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് കന്‍ഹയ്യ കുമാറടക്കമുള്ളവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, വിവാദവുമായി ബന്ധപ്പെട്ട് ചാനലുകള്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ നിയമിച്ച അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.