Connect with us

International

സിറിയയിലേക്ക് കൂടുതല്‍ യു എസ് സൈന്യം

Published

|

Last Updated

വാഷിംഗ്ടണ്‍: സിറിയയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. സിറിയന്‍ പ്രാദേശിക സൈന്യത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലക്ഷ്യം വെച്ച് 250ലധികം സൈന്യത്തെ അയക്കാനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊത്തത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി യൂറോപ്പ് കൂടുതല്‍ ഊര്‍ജിതമായി രംഗത്തുവരണം. നിലവില്‍ പടിഞ്ഞാറന്‍ സഖ്യരാജ്യങ്ങള്‍ ഇസിലിനെതിരെയുള്ള യുദ്ധത്തില്‍ കൂടുതലൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

250ഓളം യു എസ് സൈനികര്‍ കൂടി സിറിയയില്‍ എത്തുന്നതോടെ അവിടെയുള്ള മൊത്തം അമേരിക്കന്‍ സൈനികരുടെ എണ്ണം 300 ആകുമെന്നും ഇസിലിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ ഇത് വഴി സാധ്യമാകുമെന്നും വൈറ്റ് ഹൗസ് ഉപദേശകന്‍ ബെന്‍ റോഡ്‌സ് പറഞ്ഞു. പരിശീലന ദൗത്യമാകും ഈ സൈനിക ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കുക.
വിമതരും സിറിയന്‍ സൈനികരും തമ്മിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ഏറെക്കുറെ പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് പേരാണ് ഇരുവിഭാഗവും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് അലപ്പൊ പോലുള്ള നഗരങ്ങള്‍ വിട്ട് അഭയം തേടിപോകുന്നത്. ഇതിനിടെ ഇസില്‍ നടത്തുന്ന ഭീകരാക്രമണങ്ങളും വര്‍ധിച്ചിരിക്കുകയാണ്. സിറിയയിലെ റഖാ നഗരത്തിലും ഇറാഖിലെ മൂസ്വില്‍ തുടങ്ങിയ നഗരങ്ങളിലും ഇപ്പോഴും ഇസില്‍ ശക്തമായ ആക്രമണം നടത്തുന്നു. സിറിയയില്‍ മാത്രം നാല് ലക്ഷത്തോളം പേര്‍ ഇതുവരെയായി കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍.
2008ല്‍ ആദ്യമായി പ്രസിഡന്റ് പദവിയിലെത്തിയപ്പോള്‍, പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ഒബാമയുടെ വാഗ്ദാനം.

Latest