Connect with us

Thrissur

കുന്നംകുളം:കരുത്തരുടെ കളത്തില്‍ അങ്കത്തിന് കടുപ്പം കൂടും

Published

|

Last Updated

എ സി മൊയ്തീന്‍, സി പി ജോണ്‍, അഡ്വ. കെ കെ അനീഷ്‌

ജില്ലാ സെക്രട്ടറിമാരും സംസ്ഥാന സെക്രട്ടറിയും തമ്മിലുള്ള വാശിയേറിയ മത്സരത്തിനാണ് കുന്നംകുളം നിയോജക മണ്ഡലം ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. ഇതില്‍ തന്നെ ഇടത്-വലത് മുന്നണികള്‍ക്ക് വേണ്ടി അങ്കത്തട്ടിലുള്ളവര്‍ വിപ്ലവ പ്രസ്ഥാനത്തിന് വേണ്ടി ചെങ്കൊടിയേന്തിയവരാണെന്ന സവിശേഷതയും പോരാട്ടത്തിന് മാറ്റ് കൂട്ടുന്നു.
യു ഡി എഫിന് വേണ്ടി മത്സരിക്കുന്ന സി പി ജോണ്‍ സി എം പി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. എസ് എഫ് ഐയിലൂടെ പൊതുരംഗത്തെത്തിയ ഇദ്ദേഹം സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം, യു ഡി എഫ് ഏകോപന സമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ എ സി മൊയ്തീന്‍ സി പി എം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. വൈദ്യുതി മന്ത്രിയായതിന് ശേഷം വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കെ മുരളീധരനെ തോല്‍പിച്ച് ചെങ്കൊടി പാറിച്ച എ സി മൊയ്തീനിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍. ബി ജെ പിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായ അഡ്വ. കെ കെ അനീഷ് കുമാറാണ് എന്‍ ഡി എക്ക് വേണ്ടി രംഗത്തുള്ളത്.
മലപ്പുറം, പാലക്കാട് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന കുന്നംകുളം ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടത്പക്ഷത്തെയും അഞ്ച് തിരഞ്ഞെടുപ്പുകളില്‍ വലത് പക്ഷത്തെയുമാണ് തുണച്ചത്. കുന്നംകുളം നഗരസഭയും കാട്ടകാമ്പാല്‍, കടവല്ലൂര്‍, പോര്‍ക്കുളം, ചൊവ്വന്നൂര്‍, കടങ്ങോട്, വേലൂര്‍, എരുമപ്പെട്ടി പഞ്ചായത്തുകളുമാണ് മണ്ഡല പരിധിയിലുള്ളത്. ഇതില്‍ എരുമപ്പെട്ടി ഒഴികെ ബാക്കി ആറ് പഞ്ചായത്തുകളും കുന്നംകുളം നഗരസഭയും എല്‍ ഡി എഫിന്റെ കൈയിലാണ്. എരുമപ്പെട്ടി പഞ്ചായത്ത് യു ഡി എഫാണ് ഭരിക്കുന്നത്.
നിലവിലെ എം എല്‍ എയായ സി പി എം പ്രതിനിധി ബാബു എം പാലിശ്ശേരി കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കുന്നംകുളം മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭയിലെത്തിയത്. സി പി ജോണ്‍ രണ്ടാം തവണയാണ് കുന്നംകുളത്ത് നിന്ന് ജനവിധി തേടുന്നത്. 2006ല്‍ യു ഡി എഫ് സ്ഥാനാര്‍ഥി വി ബല്‍റാമിനെ 21785 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബാബു എം പാലിശ്ശേരി പരാജയപ്പെടുത്തിയത്. എന്നാല്‍ 2011ലെ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ വന്‍ ഭൂരിപക്ഷം തകര്‍ക്കാന്‍ സി പി ജോണിന് കഴിഞ്ഞു.
പാലിശ്ശേരി 58244 വോട്ടുകള്‍ നേടിയപ്പോള്‍ സി പി ജോണ്‍ 57763 വോട്ടുകള്‍ സ്വന്തമാക്കി. 481 വോട്ടിന്റെ വ്യത്യാസത്തിനാണ് ജോണിന് അന്ന് എം എല്‍ എ സ്ഥാനം നഷ്ടമായത്. സി പി ജോണിന്റെ അപരനായി മത്സരിച്ച പി വി ജോണ്‍ 860 വോട്ടുകള്‍ നേടിയത് യു ഡി എഫിന് കനത്ത പ്രഹരമായി.
1957ലെ പ്രഥമ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ടി കെ കൃഷ്ണനായിരുന്നു കുന്നംകുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. കോണ്‍ഗ്രസിലെ കെ ഐ വേലായുധനായിരുന്നു എതിരാളി. 1960ല്‍ ടി കെ കൃഷ്ണനെ പരാജയപ്പെടുത്തി പി ആര്‍ കൃഷ്ണനിലൂടെ മണ്ഡലം കോണ്‍ഗ്രസ് കൈവശപ്പെടുത്തി.
1965ല്‍ സി പി എം പ്രതിനിധിയായി ടി കെ കൃഷ്ണന്‍ മണ്ഡലം തിരിച്ചു പിടിച്ചു. കോണ്‍ഗ്രസിന് വേണ്ടി അങ്കത്തിനിറങ്ങിയ എം കെ രാജയാണ് തോല്‍വിയുടെ കയ്പറിഞ്ഞത്. 1967ല്‍ കോണ്‍ഗ്രസിലെ എം കെ കുഞ്ഞുണ്ണിയെ തോല്‍പ്പിച്ച് സി പി എമ്മിലെ എ എസ് എന്‍ നമ്പീശന്‍ മണ്ഡലം എല്‍ ഡി എഫിന് അനുകൂലമാക്കി നിലനിര്‍ത്തി.
1970ല്‍ വീണ്ടും അങ്കത്തിനിറങ്ങിയ ടി കെ കൃഷ്ണന്‍ നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചു. കെ പി വിശ്വനാഥനായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. 1977ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ടി കെ കൃഷ്ണനെ മലര്‍ത്തിയടിച്ച് കെ പി വിശ്വനാഥന്‍ മണ്ഡലം യു ഡി എഫിനായി തിരികെ പിടിച്ചു. 1980ലും കെ പി വിശ്വനാഥന്‍ വിജയം ആവര്‍ത്തിച്ചെങ്കിലും എല്‍ ഡി എഫിനൊപ്പമായിരുന്ന ആന്റണി കോണ്‍ഗ്രസിന്റെ പ്രതിനിധിയായാണ് അദ്ദേഹം മത്സരിച്ചിരുന്നത്.
1982ല്‍ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും തോല്‍ക്കാനായിരുന്നു വിശ്വനാഥന്റെ വിധി. സി പി എം പ്രതിനിധി കെ പി അരവിന്ദാക്ഷനാണ് വിശ്വനാഥനെ മറികടന്നത്. 1987ലും കെ പി അരവിന്ദാക്ഷന്‍ വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ വി ബാലറാമായിരുന്നു എതിരാളി. 1991ല്‍ കോണ്‍ഗ്രസിലെ ടി വി ചന്ദ്രമോഹനനോട് പടവെട്ടി അരവിന്ദാക്ഷന്‍ അടിയറവ് പറഞ്ഞു. 1996ലും ചന്ദ്രമോഹന്‍ വിജയമാവര്‍ത്തിച്ചു. സി പി എമ്മിലെ എന്‍ ആര്‍ ബാലനായിരുന്നു ഇടതിന് വേണ്ടി മത്സരിച്ചത്.
2001ലും സി പി എമ്മിന് വേണ്ടി കളത്തിലിറങ്ങിയ ഉഷയെ പിന്നിലാക്കി ചന്ദ്രമോഹന്‍ സീറ്റ് നിലനിര്‍ത്തി. 2006ല്‍ കോണ്‍ഗ്രസ് സീറ്റ് ഡി ഐ സിക്ക് വിട്ടുകൊടുത്തു. എന്നാല്‍ ഡി ഐ സി പ്രതിനിധി വി ബാലറാമിനെ സി പി എമ്മിലെ ബാബു എം പാലിശ്ശേരി 21,785 വോട്ടിന് പരാജയപ്പെടുത്തി. 2011ലും ബാബു എം പാലിശ്ശേരിയെ തന്നെ കുന്നംകുളം തുണച്ചു.
kunnamkulam2ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്നതാണ് കുന്നംകുളം നിയമസഭാ മണ്ഡലം. കഴിഞ്ഞ തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി പി കെ ബിജുവിന് 58244ഉം യു ഡി എഫിലെ ഷീബക്ക് 54262ഉം ബി ജെ പിയിലെ ഷാജുമോന്‍ വട്ടേകാടിന് 14501 വോട്ടാണ് മണ്ഡലത്തില്‍ നിന്നും ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 165 വോട്ട് എല്‍ ഡി എഫിനും 3501 വോട്ട് യു ഡി എഫിനും കുറഞ്ഞു. 2776 വോട്ട് ബി ജെ പിക്ക് വര്‍ധിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നഗരസഭയിലെ ഏഴ് വാര്‍ഡുകളിലും വോലൂര്‍ പഞ്ചായത്തില്‍ മൂന്നിടത്തും എരുമപ്പെട്ടിയില്‍ ഒരു സ്ഥലത്തും ബി ജെ പിക്ക് വിജയം നേടാനായി.

---- facebook comment plugin here -----

Latest