Connect with us

Kasargod

ഉദുമ:ഇടത് കോട്ടയില്‍ പടക്കുതിരയുടെ കുളമ്പടി; കടിഞ്ഞാണിടാന്‍ ജനകീയ എം എല്‍ എ

Published

|

Last Updated

കെ കുഞ്ഞിരാമന്‍, കെ സുധാകരന്‍, അഡ്വ. കെ ശ്രീകാന്ത്

കാല്‍നൂറ്റാണ്ടുകാലമായി സി പി എമ്മിന്റെ അധീനതയിലുള്ള കോട്ട പിടിക്കാന്‍ കോണ്‍ഗ്രസ് പടക്കുതിര പ്രചാരണഭൂമിയില്‍ മുന്നോട്ടു കുതിക്കുന്നു. കുതിരയെ തളക്കാനുള്ള കടിഞ്ഞാണുമായി പടക്കളത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് സി പി എമ്മിന്റെ ജനകീയനായ എം എല്‍എ. ആരു ജയിക്കും ആരു തോല്‍ക്കും എന്ന് മുന്‍കൂട്ടി പ്രവചിക്കാനാകാത്ത വിധം ഉദുമയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീറും വാശിയും കൈവന്നുകഴിഞ്ഞു.
ഉദുമയിലെ മത്സരം ഇരുമുന്നണികള്‍ക്കും അഭിമാനപ്പോരാട്ടമാണ്. ഉദുമയില്‍ വിജയം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സി പി എമ്മിനെ തളക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മണ്ഡലത്തിനകത്തുതന്നെ സ്ഥാനാര്‍ഥിയാകാന്‍ യോഗ്യര്‍ ഏറെപ്പേരുണ്ടായിട്ടും കണ്ണൂരിലെ കോണ്‍ഗ്രസിന്റെ ആവേശമായ കെ സുധാകരനെ തന്നെ യു ഡി എഫ് രംഗത്തിറക്കിയത്. ഉദുമയിലെ സ്ഥാനാര്‍ഥിത്വം മോഹിച്ച് നിരാശരായ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ തുടക്കത്തില്‍ യു ഡി എഫിന്റെ പ്രചാരണത്തില്‍ നിന്ന് മാറിനിന്നുവെങ്കിലും ഇപ്പോള്‍ പിണക്കം അവസാനിപ്പിച്ച് ഒറ്റക്കെട്ടായി രംഗത്തുണ്ട്. ഉദുമ പിടിക്കാന്‍ സുധാകരനെ ഇറക്കണമെന്നത് മുസ്‌ലിം ലീഗിന്റെ പ്രത്യേക താത്പര്യം കൂടിയായിരുന്നു.
മണ്ഡലത്തിലെ ജനങ്ങളുമായി നിരന്തരം ഇടപഴകി തന്റെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള പരിശ്രമത്തിലാണിപ്പോള്‍ കെ സുധാകരന്‍. ഗള്‍ഫ് പര്യടനം നടത്തി പ്രവാസികളെ കയ്യിലെടുക്കുന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തി. നാട്ടില്‍ തിരിച്ചെത്തിയതോടെ സുധാകരന്റെ പ്രചാരണത്തിന് കൂടുതല്‍ വേഗത കൈവന്നിട്ടുണ്ട്.
എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ജനകീയനായ എം എല്‍ എ എന്ന വിശേഷണത്തിനര്‍ഹനായ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമനെ പരാജയപ്പെടുത്തുക സുധാകരന് അത്ര എളുപ്പമാകില്ല. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും കെ കുഞ്ഞിരാമന് അനുകൂലികള്‍ ഏറെയുണ്ടെന്നത് യു ഡി എഫിനെ ആശങ്കയിലാക്കുന്നു. കുണിയയില്‍ സയന്‍സ് കോളജ് അനുവദിക്കാന്‍ ഇടപെട്ട കുഞ്ഞിരാമന് അഭിവാദ്യമര്‍പ്പിച്ച് ലീഗിന്റെ ബാനര്‍ വരെ ഇവിടെ ഉയര്‍ന്നിരുന്നു.
കുഞ്ഞിരാമന്റെ രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങളും മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും അഴിമതിയുടെ കറപുരളാത്ത ജനപ്രതിനിധിയെന്ന പരിവേഷവും ഗുണം ചെയ്യുമെന്നാണ് എല്‍ ഡി എഫിന്റെ കണക്കുകൂട്ടല്‍. 2011ല്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായ സി കെ ശ്രീധരനെ തോല്‍പ്പിച്ചാണ് കുഞ്ഞിരാമന്‍ 11,380 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്. ഇത്തവണ കുഞ്ഞിരാമന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ച് സുധാകരന് ദയനീയ തോല്‍വി സമ്മാനിക്കുമെന്നാണ് എല്‍ ഡി എഫ് കേന്ദങ്ങള്‍ പറയുന്നത്. എന്നാല്‍ എല്‍ ഡി എഫിനെ ഇക്കുറി തറപറ്റിക്കുമെന്നാണ് യു ഡി എഫിന്റെ അവകാശവാദം.
അതേസമയം മണ്ഡലത്തിലെ ബി ജെ പിയുടെ നീക്കം അതീവ ഗൗരവത്തോടെയാണ് ഇരുമുന്നണികളും വീക്ഷിക്കുന്നത്. ബി ജെ പി ജില്ലാപ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. കെ ശ്രീകാന്താണ് ബി ജെ പി സ്ഥാനാര്‍ഥി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമ നിയോജകമണ്ഡലത്തില്‍ 13,073 വോട്ടാണ് ബി ജെ പി കരസ്ഥമാക്കിയത്. പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ ബി ജെ പിക്ക് 24,584 വോട്ടുകളാണ് ലഭിച്ചത്. വോട്ടുകള്‍ വര്‍ധിച്ചതിലുള്ള ആത്മവിശ്വാസവുമായാണ് ബി ജെ പി ഇക്കുറി ജനവിധി തേടുന്നത്. ഉദുമ മണ്ഡലത്തില്‍ ബി ജെ പി വിജയപ്രതീക്ഷയും വെച്ച് പുലര്‍ത്തുന്നുണ്ട്.
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ഉദുമ മണ്ഡലത്തിന് തനതായ സ്ഥാനമുണ്ട്. 1982ല്‍ ഇടതുമുന്നണിയുടെ പിന്തുണയോടെ കോണ്‍ഗ്രസ് വിമതനായി എം കുഞ്ഞിരാമന്‍ നമ്പ്യാര്‍ മത്സരിച്ച് വിജയിച്ചത് മണ്ഡലത്തെ ശ്രദ്ധേയമാക്കിയിരുന്നു. പാര്‍ട്ടിവിട്ടതില്‍ ഏറെ ദുഃഖിതനായിരുന്ന നമ്പ്യാര്‍ 1984ല്‍ നിയമസഭാംഗത്വം രാജിവെച്ചതോടെ ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. സി പി എമ്മിലെ കെ പുരുഷോത്തമന്‍ കുഞ്ഞിരാമന്‍ നമ്പ്യാരെ പരാജയപ്പെടുത്തിയതോടെ ഉദുമ വീണ്ടും ശ്രദ്ധാകേന്ദ്രമായി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ പി കുഞ്ഞിക്കണ്ണന്‍ ഉദുമ മണ്ഡലം എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുക്കുകയാണുണ്ടായത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലം എല്‍ ഡി എഫ് തിരിച്ചുപിടിച്ചു. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം എല്‍ ഡി എഫ് വിജയം ആവര്‍ത്തിക്കുകയായിരുന്നു.
കണ്ണൂര്‍ രാഷ്ട്രീയത്തിലെ അനിഷേധ്യനേതാക്കളില്‍ ഒരാളായ കെ സുധാകരന്‍ ഉദുമയില്‍ മത്സരിക്കുന്നതോടെ ഇവിടുത്തെ തിരഞ്ഞെടുപ്പ് ചരിത്രം തിരുത്തിയെഴുതപ്പെടുമെന്നാണ് യു ഡി എഫിന്റെ പ്രചാരണം. 1991ല്‍ എടക്കാട്ട് സി പി എമ്മിലെ ഒ ഭരതനോട് മത്സരിച്ച് മുന്നൂറോളം വോട്ടുകള്‍ക്ക് തോറ്റ സുധാകരന്‍ നിയമപരമായ മാര്‍ഗത്തിലേക്ക് പോവുകയും ഹൈക്കോടതിയുടെ അനുകൂലവിധി സമ്പാദിച്ച് നിയമസഭയിലെത്തുകയുമാണുണ്ടായത്.
ഇതിനെതിരായ അപ്പീലില്‍ സുപ്രീം കോടതി വിധി എതിരായതോടെ നിയമസഭാംഗത്വം നഷ്ടമാവുകയും ചെയ്തു. കണ്ണൂര്‍ മണ്ഡലത്തിലേക്കുള്ള സുധാകരന്റെ ചുവടുമാറ്റം തുടര്‍ച്ചയായ വിജയങ്ങളാണ് സമ്മാനിച്ചത്.
എ കെ ആന്റണി മന്ത്രിസഭയില്‍ മൂന്നരവര്‍ഷക്കാലം സുധാകരന്‍ അംഗമായിരുന്നു. uduma22009ല്‍ നിയമസഭാംഗത്വം രാജിവെച്ച് കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ മത്സരിച്ച സുധാകരന്‍ എം പിയായി. എന്നാല്‍ 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി കെ ശ്രീമതിയോട് അദ്ദേഹം അടിയറവ് പറഞ്ഞു.
സി പി എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തനം തുടങ്ങി. ഏരിയാസെക്രട്ടറിയും തുടര്‍ന്ന് ജില്ലാകമ്മിറ്റിയംഗവുമായ കെ കുഞ്ഞിരാമന്റെ വിജയത്തിനായി പ്രവര്‍ത്തകരെ കര്‍മനിരതരാക്കാന്‍ എല്‍ ഡി എഫ് ജാഗ്രത കാണിക്കുന്നുണ്ട്. എതിരാളി സുധാകരനായതിനാല്‍ പ്രവര്‍ത്തനത്തിലെ ചെറിയൊരു അലസത പോലും ദോഷകരമാകുമെന്നാണ് സി പി എം നേതൃത്വം അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഏഴ് പഞ്ചായത്തുകളില്‍ നാല് പഞ്ചായത്തില്‍ എല്‍ ഡി എഫും മൂന്നെണ്ണത്തില്‍ യു ഡി എഫും ഭരിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ മണ്ഡലത്തിലെ വോട്ടിംഗ് ശതമാനം ഇരുമുന്നണികളുടേയും പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതാണ്.

Latest