Connect with us

Ongoing News

മെയ് ആറിന് പ്രധാനമന്ത്രി കേരളത്തിലെത്തും

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം നയിക്കാന്‍ പ്രധാനമന്ത്രിയെത്തുന്നു. പ്രധാനമന്ത്രി അടക്കം പത്ത് കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ പ്രചാരണത്തിനെത്തുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ബി ഡി ജെ എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മെയ് ആറിനാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. പതിനൊന്നാം തീയതി വരെ 5 റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. പരിപാടികളുടെ സ്ഥലം സമയം എന്നിവ സംബന്ധിച്ച് ഉടന്‍ തീരുമാനമാകുമെന്നും നേതാക്കള്‍ അറിയിച്ചു. ബി ജെ പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായും അഞ്ച് റാലികളില്‍ പങ്കെടുക്കും. മെയ് ഒന്നിനാണ് അമിത് ഷായുടെ ആദ്യ പരിപാടി. 14 വരെ അമിത് ഷാ കേരളത്തിലുണ്ടാകും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് മെയ് ആറ്, ഏഴ് തിയതികളില്‍ കേരളത്തിലുണ്ടാകും.
കേന്ദ്രനഗരവികസന മന്ത്രി വെങ്കയ്യ നായിഡു രണ്ട് പരിപാടികളിലും മാനവവിഭവ വികസന മന്ത്രി സ്മൃതി ഇറാനി ഒരു റാലിയിലും പങ്കെടുക്കും. എട്ടിനും ഒമ്പതിനും ആണ് വെങ്കയ്യയുടെ പരിപാടി. സ്മൃതി ഇറാനി എട്ടിന് കേരളത്തിലെത്തും. കേന്ദ്ര നിയമമന്ത്രി സദാനന്ദഗൗഡ ഒമ്പത് ദിവസം സംസ്ഥാനത്തുണ്ടാകും. വെള്ളിയാഴ്ച കേരളത്തിലെത്തുന്ന സദാനന്ദഗൗഡ മെയ് 11 വരെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഇവരെ കൂടാതെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി, വാണിജ്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ഉപരിതല ഗതാഗത സഹമന്ത്രി പൊന്‍രാധാകൃഷ്ണന്‍ എന്നിവരും പ്രചാരണത്തിനായി കേരളത്തിലെത്തുന്നുണ്ട്. പരിപാടിയുടെ വിശദ വിവരങ്ങള്‍ ഉടന്‍ തീരുമാനിക്കുമെന്നും നേതാക്കള്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Latest